| Tuesday, 4th October 2022, 10:57 am

താക്കറെ-ഷിന്‍ഡെ വിഭാഗങ്ങള്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന്; മിലിന്ദ് നര്‍വേക്കര്‍ ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പേഴ്സണല്‍ അസിസ്റ്റന്റ് മിലിന്ദ് നര്‍വേക്കര്‍ ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മിലിന്ദ് നര്‍വേക്കറും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നര്‍വേക്കര്‍ ഷിന്‍ഡെ ക്യാമ്പിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

ഒക്ടോബര്‍ അഞ്ചിന് ബി.കെ.സിയില്‍ നടക്കുന്ന ദസറ റാലിയില്‍ നര്‍വേക്കര്‍ ഷിന്‍ഡെ ക്യാമ്പില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ നര്‍വേക്കര്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം പാര്‍ട്ടി ചിഹ്നം ലഭിച്ചാല്‍ താക്കറെ വിഭാഗത്തിലെ കൂടുതല്‍ എം.എല്‍.എമാര്‍ തന്നോടൊപ്പം ചേര്‍ന്നേക്കുമെന്ന് ഷിന്‍ഡെ പറഞ്ഞു. മൂന്ന് പതിറ്റാണ്ടോളം ബാല്‍ താക്കറെയെ സേവിച്ച ചമ്പ സിങ് ഥാപ്പ, മൊറേശ്വര്‍ രാജെ എന്നിവരും നേരത്തെ ഷിന്‍ഡെ വിഭാഗത്തോടൊപ്പം ചേര്‍ന്നിരുന്നു.

മുഖ്യമന്ത്രി സ്ഥാനം ഒഴിവായതില്‍ പിന്നെ താക്കറെയുമായി മിലിന്ദ് നര്‍വേക്കര്‍ അകല്‍ച്ചയിലായിരുന്നു. രവീന്ദ്ര മഹാരെയായിരുന്നു പിന്നീട് ഉദ്ധവിന്റെ പേഴ്സണല്‍ അസിസ്റ്റന്റ്. ഷിന്‍ഡെ വിഭാഗത്തിന്റെ വിമത നീക്കത്തിന് പിന്നാലെ ഉദ്ധവ് താക്കറെ തന്റെ കോര്‍ ഗ്രൂപ്പിലും മാറ്റം വരുത്തിയിരുന്നു.

ഷിന്‍ഡെയുടെ വിമതനീക്കത്തിനിടെ എം.എല്‍.എമാരെ അനുകൂലിച്ച നിലപാട് സ്വീകരിച്ചതിനായിരുന്നു താക്കറെ നവരേക്കറുമായി അകന്നുനിന്നതെന്ന് താക്കറെ വിഭാഗം നേതാവ് പറയുന്നുണ്ട്.

അതേസമയം നവംബര്‍ മൂന്നിന് നടക്കുന്ന മുംബൈ അന്ധേരി ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ താക്കറെ- ഷിന്‍ഡെ വിഭാഗങ്ങള്‍ ഏറ്റുമുട്ടും. ശിവസേനയില്‍ നിന്നുള്ള രമേഷ് ലാത്‌കെയായിരുന്നു മണ്ഡലത്തിലെ എം.എല്‍.എ. അദ്ദേഹം മരണപ്പെട്ടതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഷിന്‍ഡെ വിഭാഗത്തിന്റെ വിമതനീക്കത്തോടെയാണ് മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ താഴെ വീഴുന്നത്. ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് ഉപമുഖ്യമന്ത്രി.

2019ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ത്ത് അധികാരത്തിലെത്തിയതായിരുന്നു മഹാവികാസ് അഘാഡി സര്‍ക്കാര്‍. ശിവസേന-ബി.ജെ.പി സഖ്യത്തില്‍ നിന്ന് പിന്മാറിയാണ് ശിവസേന കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തില്‍ ചേരുന്നതും മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുന്നതും.

2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോടൊപ്പമായിരുന്ന ശിവസേന ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്നാണ് സഖ്യത്തില്‍ നിന്നും പിന്മാറിയത്.

ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് ഏക് നാഥ് ഷിന്‍ഡെ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ദേവേന്ദ്ര ഫഡനാവിസാണ് ഉപമുഖ്യമന്ത്രി. ബി.ജെ.പി നേതാവായ രാഹുല്‍ നര്‍വേക്കറാണ് സ്പീക്കര്‍.

Content Highlight: Milind narvekar may join shinde camp says report

We use cookies to give you the best possible experience. Learn more