മുംബൈ: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ രാജി തുടരുന്നു. മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് മിലിന്ദ് ദിയോറ രാജി വച്ചു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.
രാജി വക്കുന്ന കാര്യം എഐസിസി ജനറല്‍ സെക്രട്ടറിമാരായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെയും കെ.സി വേണുഗോപാലിനെയും അറിയിച്ചതായും മിലിന്ദ് വ്യക്തമാക്കി. ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വര്‍ഷമാദ്യമാണ് മിലിന്ദിനെ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലപ്പെടുത്തിയത്.
പാര്‍ട്ടിയെ ഐക്യപ്പെടുത്താനായിരുന്നു തന്നെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരുന്നതെന്നും രാഹുല്‍ഗാന്ധിയെ സന്ദര്‍ശിച്ച ശേഷം രാജി വക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘ പാര്‍ട്ടിയെ ഏകോപിപ്പിക്കാന്‍ ചുമതലപ്പെട്ട മൂന്നംഗ സംഘത്തിലേക്കാണ് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട നേതാക്കളെ തെരഞ്ഞെടുക്കാനും എനിക്ക് ഉത്തരവാദിത്വമുണ്ടായിരുന്നു. ഇനി പാര്‍ട്ടിയുടെ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്. മുംബൈ കോണ്‍ഗ്രസിന് വേണ്ട എല്ലാ പിന്തുണയും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതില്‍ ഞാന്‍ തുടരുക തന്നെ ചെയ്യും’, മിലിന്ദ് പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിലിന്ദ് ദിയോറ മുംബൈ സൗത്ത് മണ്ഡലത്തില്‍ മത്സരിച്ചിരുന്നെങ്കിലും ശിവസേനയുടെ അരവിന്ദ് സാവന്ദിനോട് പരാജയപ്പെടുകയായിരുന്നു.
ഗുജറാത്ത് നിയമസഭയില്‍ നിന്ന് കോണ്‍ഗ്രസ് എം.എല്‍.എ.മാരായ അല്‍പേഷ് താക്കൂറും ദല്‍വാല്‍ സിങ് സലയും രാജിവെച്ചു. രാഹുല്‍ ഗാന്ധിയെ വിശ്വസിച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും എന്നാല്‍ രാഹുല്‍ തങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നും അല്‍പേഷ് കുറ്റപ്പെടുത്തി. ‘ഞങ്ങള്‍ വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണ്. അതുകൊണ്ട് കോണ്‍ഗ്രസ് എം.എല്‍.എ സ്ഥാനം രാജിവെക്കുകയാണ്’- അല്‍പേഷ് പറഞ്ഞു.