| Thursday, 18th July 2024, 6:05 pm

ഇതെല്ലാം ആദ്യം നടന്നത് വനിതാ ക്രിക്കറ്റില്‍; പുരുഷ ക്രിക്കറ്റിന് നേടാനാകാത്തത് വേറെയും!

ആദര്‍ശ് എം.കെ.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ഏകദിന ഡബിള്‍ സെഞ്ച്വറി നേടിയ താരമാര്? ക്ലബ്ബിലെ ക്വിസ് മാസ്റ്റര്‍ ഹരിയേട്ടന്റെ ചോദ്യത്തിന് കടുത്ത സച്ചിന്‍ ആരാധകനായ കുട്ടൂസിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല, ചാടിയെഴുന്നേറ്റ് അവന്‍ ഉത്തരം പറഞ്ഞു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍! ഉത്തരം ശരിയെന്ന മട്ടില്‍ മറ്റുകുട്ടികള്‍ കയ്യടിച്ചു, ഒപ്പം അവിടെയുണ്ടായിരുന്ന ക്ലബ്ബിന്റെ സീനിയര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുതല്‍ നാട്ടിലെ തലമൂത്ത ക്രിക്കറ്റ് ആരാധകര്‍ ശശിയേട്ടന്‍ വരെ കുട്ടൂസിനെ അഭിനന്ദിച്ചു.

എന്നാല്‍ ഉത്തരം തെറ്റെന്ന് ഹരിയേട്ടന്‍ പറഞ്ഞതോടെ എല്ലാവരുടെയും മുഖം വാടി. ‘2010ല്‍ സച്ചിനല്ലേ സൗത്ത് ആഫ്രിക്കക്കെതിരെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയത്. അതിന് ശേഷമല്ലേ സേവാഗും ക്രിസ് ഗെയ്‌ലും രോഹിത് ശര്‍മയുമെല്ലാം ഏകദിനത്തില്‍ ഇരുന്നൂറടിച്ചത്!’ അവര്‍ പരസ്പരം ചോദിച്ചു.

ഹരിയേട്ടന്‍ തിരുത്തി, ‘പുരുഷ ക്രിക്കറ്റിലെ ആദ്യ ഏകദിന ഇരട്ട സെഞ്ച്വറി നേടിയ താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എന്നാല്‍ സച്ചിനേക്കാള്‍ 13 വര്‍ഷം മുമ്പ് തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം പിറവിയെടുത്തിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1997 ഡിസംബര്‍ 16ന്. അത് അടിച്ചെടുത്തത് ഒരു ഓസ്‌ട്രേലിയക്കാരിയായിരുന്നു. ബെലിന്‍ഡ ക്ലാര്‍ക്ക്. ഡെന്‍മാര്‍ക്കിനെതിരെ ക്ലാര്‍ക് പുറത്താകാതെ നേടിയ 229 ആണ് അന്താരാഷ്ട്ര ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി,’.

കുട്ടൂസിനും ശശിയേട്ടനും മാത്രമല്ല, പല കടുത്ത ക്രിക്കറ്റ് ആരാധകര്‍ക്കും ഇക്കാര്യം ഒരുപക്ഷേ അറിയാന്‍ സാധ്യതയില്ല. പുരുഷ ക്രിക്കറ്റിന് മുമ്പില്‍ വനിതാ ക്രിക്കറ്റിന് അര്‍ഹിച്ച പ്രധാന്യം ലഭിച്ചിരുന്നില്ല, അല്ലെങ്കില്‍ കൊടുത്തിരുന്നില്ല എന്നുവേണം കരുതാന്‍.

പുരുഷ ക്രിക്കറ്റില്‍ പിറവിയെടുക്കും മുമ്പ് പല ചരിത്ര നേട്ടങ്ങളും പിറവിയെടുത്തത് വനിതാ ക്രിക്കറ്റിലാണ്. പുരുഷ ക്രിക്കറ്റില്‍ ഇതുവരെ പിറക്കാത്ത പല നേട്ടങ്ങളും വനിതാ ക്രിക്കറ്റില്‍ പിറവിയെടുത്തിട്ടുണ്ട്. അതില്‍ ചിലത് പരിശോധിക്കാം.

ആദ്യം അന്താരാഷ്ട്ര ഏകദിനത്തിലെ ഇരട്ട സെഞ്ച്വറിയില്‍ നിന്ന് തന്നെ തുടങ്ങാം.

1997 ലോകകപ്പിലാണ് ബെലിന്‍ഡ ക്ലാര്‍ക്കിന്റെ പേരില്‍ ഈ റെക്കോഡ് നേട്ടം കുറിക്കപ്പെട്ടത്. മുംബൈയില്‍ നടന്ന ഓസ്‌ട്രേലിയ – ഡെന്‍മാര്‍ക് മത്സരത്തിലാണ് ഓസീസ് ക്യാപ്റ്റന്‍ കൂടിയായ ക്ലാര്‍ക്ക് ഈ നേട്ടം സ്വന്തമാക്കിയത്.

155 പന്ത് നേരിട്ട താരം 22 ഫോറുകളുടെ അകമ്പടിയോടെ പുറത്താകാതെ 229 റണ്‍സാണ് നേടിയത്. 147.74 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ക്ലാര്‍ക്കിനൊപ്പം അര്‍ധ സെഞ്ച്വറിയുമായി കാരണ്‍ റോള്‍ട്ടനും തിളങ്ങിയതോടെ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ 412 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡെന്‍മാര്‍ക്കിനെ 49റണ്‍സിന് പുറത്താക്കി ഓസ്‌ട്രേലിയ 363 റണ്‍സിന്റെ ജയമാഘോഷിച്ചു.

ക്ലാര്‍ക്കിന്റെ ഈ നേട്ടം പിറന്ന് 4,453 ദിവസങ്ങള്‍ക്ക് ശേഷമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറിലൂടെ പുരുഷ ക്രിക്കറ്റില്‍ ഈ നേട്ടം പിറവിയെടുത്തത്. സൗത്ത് ആഫ്രിക്കക്കെതിരെയായിരുന്നു സച്ചിന്റെ ഈ റെക്കോഡ് നേട്ടം.

147 പന്തില്‍ 25 ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടെ പുറത്താകാതെ 200 റണ്‍സാണ് സച്ചിന്‍ നേടിയത്. സച്ചിന്റെ കരുത്തില്‍ ഇന്ത്യ 401 റണ്‍സ് നേടുകയും എതിരാളികളെ 248ന് പുറത്താക്കി 153 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഏകദിനത്തിലെ ആദ്യ 400+ ടോട്ടല്‍

ഈ നേട്ടവും ആദ്യം പിറവിയെടുത്തത് വനിതാ ക്രിക്കറ്റിലാണ്. 1997ല്‍ പാകിസ്ഥാനെതിരെ ന്യൂസിലാന്‍ഡാണ് 50 ഓവര്‍ ഫോര്‍മാറ്റില്‍ ആദ്യ 400 റണ്‍സ് കണ്ടെത്തിയത്.

പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലാണ് ആതിഥേയര്‍ ഈ റെക്കോഡ് ടോട്ടല്‍ അടിച്ചെടുത്തത്.

1997 ജനുവരി 29ന് നടന്ന മത്സരത്തിന് ക്രൈസ്റ്റ് ചര്‍ച്ചാണ് വേദിയായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 455 റണ്‍സ് നേടി. ക്യാപ്റ്റന്‍ മയ ലൂയീസിന്റെ സെഞ്ച്വറിയാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ലൂയീസ് 72 പന്തില്‍ 105 റണ്‍സ് നേടി. ഡെബ്ബി ഹോക്‌ലി (68 പന്തില്‍ 88), ട്രൂഡി ആന്‍ഡേഴ്‌സണ്‍ (65 പന്തില്‍ 85), ക്ലയര്‍ നിക്കോള്‍സണ്‍ (53 പന്തില്‍ 73) എന്നിവരാണ് മറ്റ് റണ്‍ വേട്ടക്കാര്‍. 40 റണ്‍സ് എക്‌സ്ട്രാസ് ഇനത്തിലും ലഭിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ വെറും 47 റണ്‍സിനാണ് ആതിഥേയര്‍ എറഞ്ഞിട്ടത്. ഇതോടെ 408 റണ്‍സിന്റെ കൂറ്റന്‍ വിജയവും ന്യൂസിലാന്‍ഡ് സ്വന്തമാക്കി.

പുരുഷ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. 2006ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ 434 റണ്‍സ് കങ്കാരുക്കള്‍ അടിച്ചെടുത്തിരുന്നു. എന്നാല്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ത്രില്ലര്‍ ചെയ്‌സില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ സൗത്ത് ആഫ്രിക്ക ഈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഏകദിന ലോകകപ്പിലെ ആദ്യ 400+ സ്‌കോര്‍

ബെലിന്‍ഡ ക്ലാര്‍ക്കിന്റെ കരുത്തില്‍ പിറവിയെടുത്ത 412 റണ്‍സിന്റെ ടോട്ടലാണ് ഏകദിന ലോകകപ്പിലെ ആദ്യ 400+ ടോട്ടല്‍. 2007 ലോകകപ്പില്‍ ബെര്‍മുഡക്കെതിരെ ഇന്ത്യ നേടിയ 413 ആണ് പുരുഷ ലോകകപ്പിലെ ആദ്യ 400+ ടോട്ടല്‍.

ഏകദിനത്തിലെ 400+ വിജയമാര്‍ജിന്‍

ഏകദിനത്തില്‍ ഒരിക്കല്‍ മാത്രം പിറവിയെടുത്ത നേട്ടമാണിത്. ന്യൂസിലാന്‍ഡ് വനിതാ ടീമാണ് ഈ റെക്കോഡിന്റെ അവകാശികള്‍ (നേരത്തെ പരാമര്‍ശിച്ച ന്യൂസിലാന്‍ഡ് – പാകിസ്ഥാന്‍ മത്സരം). ഈ മത്സരത്തിന് ശേഷം പുരുഷ ക്രിക്കറ്റിലോ വനിതാ ക്രിക്കറ്റിലോ ഒരു ടീമും 400+ റണ്‍സിന് ജയിച്ചിട്ടില്ല.

തുടര്‍ച്ചയായ 400+ ടോട്ടല്‍

ന്യൂസിലാന്‍ഡിന്റെ അയര്‍ലന്‍ഡ് പര്യടനത്തിലാണ് ഈ നേട്ടം പിറവിയെടുത്തത്. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് ഏകദിനത്തിലും ന്യൂസിലാന്‍ഡ് സ്‌കോര്‍ ബോര്‍ഡില്‍ ക്വാഡ്രാപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. പുരുഷ ക്രിക്കറ്റില്‍ ഈ നേട്ടം ഇതുവരെ പിറന്നിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

സ്‌കോര്‍

ആദ്യ ഏകദിനം (ജൂണ്‍ 8, 2018)  – ഡബ്ലിന്‍

ന്യൂസിലാന്‍ഡ്: 491/4 (50)
അയര്‍ലന്‍ഡ്: 144 (35.3/50)

രണ്ടാം ഏകദിനം (ജൂണ്‍ 10, 2018) – ഡബ്ലിന്‍

ന്യൂസിലാന്‍ഡ്: 418 (49.5/50)
അയര്‍ലന്‍ഡ്: 112 (35.3/50)

മൂന്നാം ഏകദിനം (ജൂണ്‍ 13, 2018) – ഡബ്ലിന്‍

ന്യൂസിലാന്‍ഡ് : 440/3 (50)
അയര്‍ലന്‍ഡ് : 135 (44/50)

പരമ്പരയിലെ മൂന്നാം ഏകദിനത്തിലാണ് വനിതാ ക്രിക്കറ്റിലെ രണ്ടാമത് ഏകദിന ഡബിള്‍ സെഞ്ച്വറിയും വനിതാ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലും പിറന്നത്. 145 പന്തില്‍ പുറത്താകാതെ 232 റണ്‍സ് നേടിയ അമേല കേറാണ് ഈ നേട്ടത്തിനുടമ.

ചിത്രത്തിന് കടപ്പാട്: ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ

ഏറ്റവുമധികം ടി-20 ലോകകപ്പുകള്‍

ഈ നേട്ടവും വനിതാ ക്രിക്കറ്റിന് മാത്രം അവകാശപ്പെടാനുള്ളതാണ്. ആറ് തവണ ടി-20 കിരീടം നേടിയ ഓസ്‌ട്രേലിയയാണ് ലോകകപ്പുകളുടെ എണ്ണത്തിലും ഒന്നാമതുള്ളത്. 2010, 2012, 2014, 2018, 2020, 2023 എന്നീ വര്‍ഷങ്ങളിലാണ് ഓസീസ് ടീം കപ്പുയര്‍ത്തിയത്. ആകെ നടന്ന എട്ട് ലോകകപ്പില്‍ ആറിലും ഓസ്‌ട്രേലിയ ജയിച്ചെന്ന് സാരം. 2009ല്‍ ഇംഗ്ലണ്ടും 2016ല്‍ വെസ്റ്റ് ഇന്‍ഡീസും മാത്രമാണ് ഓസീസിനെ പോഡിയത്തിലേറാന്‍ അനുവദിക്കാതിരുന്നത്.

പുരുഷ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ടീം പോലും മൂന്ന് തവണ കിരീടം നേടിയിട്ടില്ല എന്നറിയുമ്പോഴാണ് ഓസ്‌ട്രേലിയന്‍ വനിതാ ടീമിന്റെ ഈ ഡോമിനേഷന്‍ വ്യക്തമാകുന്നത്. രണ്ട് തവണ ലോക ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് (2012, 2016), ഇംഗ്ലണ്ട് (2010, 2022), ഇന്ത്യ (2007, 2024) എന്നിവരാണ് ഈ നേട്ടത്തില്‍ രണ്ടാമതുള്ളത്.

ചിത്രത്തിന് കടപ്പാട്: ഐ.സി.സി

ഇതിന് പുറമെ ഏറ്റവുമധികം ഐ.സി.സി കിരീടം സ്വന്തമാക്കിയ ടീമും ഓസ്‌ട്രേലിയന്‍ വനിതാ ടീമാണ്. ഏഴ് ഐ.സി.സി ലോകകപ്പും ആറ് ടി-20 ലോകകപ്പുമാണ് ഇവരുടെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയുടെ പുരുഷ ടീമാണ്. ആറ് ഏകദിന ലോകകപ്പ്, രണ്ട് ചാമ്പ്യന്‍സ് ട്രോഫി, ഒരു ടി-20 ലോകകപ്പ്, ഒരു വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവയടക്കം 10 കിരീടമാണ് പുരുഷ ടീം നേടിയത്.

Content highlight: Milestones that happened in women’s cricket before they happened in men’s cricket

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.