national news
വിദ്യാഭ്യാസ- തൊഴില്‍ രംഗങ്ങളില്‍ എ.ഐയുടെ സഹായം ഉപയോഗപ്പെടുത്തും: ജാവിയര്‍ മിലേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 05, 11:58 am
Wednesday, 5th June 2024, 5:28 pm

ബ്യൂണസ് അയേഴ്‌സ് : കുട്ടികളുടെ പാഠ്യ പദ്ധതികളില്‍ വരെ നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നത് പ്രധാനമാണെന്ന് അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലേ. മെറ്റയുമായും ഗൂഗിളുമായും അര്‍ജന്റീനിയന്‍ പ്രസിഡന്റ് ചര്‍ച്ച നടത്തി. യു.എസില്‍ വെച്ച് മെറ്റ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗുമായി ചര്‍ച്ച നടത്തിയ അദ്ദേഹം എ.ഐ യുമായി ബന്ധപ്പെട്ട ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്തു.

തുടര്‍ന്ന് റേഡിയോ മിട്രേയ്ക്ക് നല്‍കിയ അഭിമുഖത്തിലും എ.ഐ യുടെ പ്രാധാന്യം മിലേ എടുത്തു പറഞ്ഞു. ‘മാനുഷിക മൂലധനത്തെ പരിശീലിപ്പിക്കുന്നതിനും ആളുകളെ പരിശീലിപ്പിക്കുന്നതിനും മെറ്റയ്ക്ക് ഒരു മുഴുവന്‍ സംവിധാനമുണ്ട്, ആ സംവിധാനം ഉപയോഗിച്ച് കൊണ്ട് കുട്ടികള്‍ക്ക് ഒരു കരിയര്‍ കെട്ടിപ്പടുക്കാന്‍ കഴിയും,’ മിലേ പറഞ്ഞു.

‘നമ്മുടെ കുട്ടികളുടെ പാഠ്യ പദ്ധതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മെറ്റയുമായി ചര്‍ച്ചകള്‍ ആരംഭിക്കും,’ ജാവിയര്‍ മിലേ കൂട്ടിച്ചേര്‍ത്തു.

തൊഴിലിടങ്ങളിലുള്ള എ.ഐയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സ്വകാര്യ മേഖലയില്‍ അതുണ്ടാക്കുന്ന ചലനങ്ങളെ കുറിച്ചും മിലേ പറഞ്ഞു. സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള എല്ലാ പദ്ധതിയും ആലോചിക്കുകയാണെന്നും അതിനായി ബന്ധപ്പെട്ട ആളുകളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മിലേ കൂട്ടിച്ചേര്‍ത്തു.

മിലെ അധികാരത്തില്‍ വന്നതിനു ശേഷമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സാധാരണക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുന്ന പല വിധ നടപടികളും മിലെ സ്വീകരിച്ചിരുന്നു. നിലവില്‍ അര്‍ജന്റീനയില്‍ ഭവന രഹിതര്‍ വര്‍ധിച്ചു വരികയാണ്. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങള്‍ മുടങ്ങിയ കുറെ ആളുകളാണ് രാജ്യത്ത് തെരുവുകളില്‍ കഴിയുന്നത്.

ബ്യൂണസ് അയേഴ്‌സിലെ തെരുവുകളില്‍ ഉറങ്ങുന്ന അര്‍ജന്റീനക്കാരുടെ ഔദ്യോഗിക എണ്ണം ഏപ്രിലില്‍ 4,009 ആയി ഉയര്‍ന്നിരുന്നു. ഈ ഘട്ടത്തിലാണ് മിലെയുടെ പുതിയ പരിഷ്‌കാരങ്ങള്‍ ചര്‍ച്ചയാവുന്നത്.

ഇസ്രഈല്‍-ഗസ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍, ലോകമെമ്പാടും ഇസ്രഈലിനെതിരെ പ്രതികരിക്കുമ്പോള്‍ മിലെയുടെ ഇസ്രാഈല്‍ അനുകൂല നിലപാടുകളും വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

Content Highlight: Milei hints at Big Tech plans for government