ശബരിമല വിഷയത്തില്‍ നടത്തുന്ന സമരം ആത്മീയം; ബി.ജെ.പി ഉപവാസ വേദിയില്‍ എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍
Kerala News
ശബരിമല വിഷയത്തില്‍ നടത്തുന്ന സമരം ആത്മീയം; ബി.ജെ.പി ഉപവാസ വേദിയില്‍ എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th December 2018, 2:18 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണയുമായി സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ ഇമ്മാനുവല്‍ ജോസഫ്.

ശബരിമല വിഷയത്തില്‍ നടത്തുന്ന സമരം രാഷ്ട്രീയമല്ലെന്നും തികച്ചും ആത്മീയമാണെന്നും മിലന്‍ പറഞ്ഞു. കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് തെറ്റായ നടപടിയാണെന്നും മിലന്‍ കൂട്ടിച്ചേര്‍ത്തു.


“കഴിഞ്ഞ തവണത്തെ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ തന്റെ അമ്മയെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ നീക്കമുണ്ടായി. പാര്‍ട്ടിയോട് വിശദീകരിച്ചിട്ടാണോ ബി.ജെ.പി പരിപാടിക്ക് പോയതെന്നാണ് സിഡ്കോ എം.ഡി അമ്മയോട് ചോദിച്ചത്.

എല്ലാവരെയും ബാധിക്കുന്ന പ്രശ്നമായത് കൊണ്ടാണ് താന്‍ ശബരിമല സമരത്തില്‍ പങ്കെടുത്തത്. അത് രാഷ്ട്രീയ സമരമാണെന്ന് തോന്നുന്നില്ല. തികച്ചും ആത്മീയമാണെന്നും” മിലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്ത ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ മിലന്‍ പങ്കെടുത്തത് രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു. തുലാമാസ പൂജകള്‍ക്ക് വേണ്ടി ശബരിമല നടതുറന്ന സമയത്ത് ശബരിമലയില്‍ ആക്രമണം അഴിച്ചുവിട്ട ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച്
പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ ബി.ജെ.പി സംഘടിപ്പിച്ച ഉപവാസ സമരത്തിലാണ് ഇമ്മാനുവല്‍ മിലന്‍ ജോസഫ് പങ്കെടുത്തത്.


സമരത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം വ്യക്തിപരമാണ്. വീട്ടുകാര്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പില്ല. അപ്പൂപ്പന്‍ മാത്രമാണ് സി.പി.ഐ.എം. പ്രവര്‍ത്തകനെന്നും കുടുംബത്തിലെല്ലാവരും അങ്ങനെയല്ലെന്നും മിലന്‍ പപറഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആഗ്രഹമുണ്ടെന്നും മിലന്‍ പറഞ്ഞിരുന്നു.

ഫോട്ടോ കടപ്പാട്: കേരള കൗമുദി