[] കോഴിക്കോട്: പശുവിന് നല്‍കേണ്ട തീറ്റയെക്കുറിച്ചും പോഷകാഹാരക്രമത്തെക്കുറിച്ചുമെല്ലാം വിവരങ്ങള്‍ നല്‍കി ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ “മില്‍മചേച്ചി”മാര്‍.
മില്‍മ ക്ഷീര കര്‍ഷകര്‍ക്കായി നടപ്പാക്കുന്ന പുതിയ പദ്ധതിയായ കന്നുകാലി ആഹാര സന്തുലന പരിപാടിയുടെ ഭാഗമായി പ്രത്യേകം നിയമിക്കപ്പെട്ട വളന്റിയര്‍മാരാണ് മില്‍മ ചേച്ചിമാര്‍. ദേശിയ ക്ഷീര വികസന ബോര്‍ഡിന്റെ നാഷണല്‍ ഡയറി പ്ലാന്‍ വഴിയാണ് പദ്ധതി.
മില്‍മ സൊസൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ വീട്ടില്‍ ഓരോ 21 ദിവസം കൂടുമ്പോഴും ഇവരെത്തും.
ആധാര്‍ നമ്പറിന് സമാനമായി പശുക്കള്‍ക്ക് ആഹാര്‍ നമ്പര്‍ നല്‍കും.
കന്നുകാലികളുടെ മുഴുവന്‍ വിവരങ്ങളും ആഹാര രീതികളും പ്രദേശത്ത് ലഭിക്കുന്ന ഭക്ഷണവും കംപ്യൂട്ടറില്‍ രേഖപ്പെടുത്തി ഗുജറാത്തിലെ ആനന്ദിലെ പ്രധാന കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് അവിടത്തെ നിര്‍ദേശങ്ങളനുസരിച്ച് 21 ദിവസത്തേക്ക് ആവശ്യമായ കാലിത്തീറ്റ സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും.
ആദ്യഘട്ടത്തില്‍ മലബാറിലെ 200 സൊസൈറ്റികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 13 കോടി ചെലവിലാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്.
ആവശ്യമായ പോഷകാഹാരങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിലൂടെ അധിക ചിലവില്ലാതെ പാലുല്‍പാദനം കൂട്ടാമെന്നതാണ് പദ്ധതിയുടെ പ്രത്യേകതയെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറിപ്പ് പറഞ്ഞു.