| Sunday, 12th November 2023, 11:22 am

ഉക്രൈന്‍ താരത്തിന്റെ മിന്നും ഫോമും പീരങ്കിപടയുടെ വിജയവും; പ്രശസയുമായി ആഴ്സണല്‍ ബോസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രമിയര്‍ ലീഗില്‍ ആഴ്സണല്‍ വിജയ കുതിപ്പ് തുടരുന്നു. ബെര്‍ണ്‍ലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗണ്ണേഴ്സ് തകര്‍ത്തത്. മത്സരത്തില്‍ ആഴ്സണലിന്റെ ഉക്രൈന്‍ താരം ഒലെക്‌സാണ്ടര്‍ സിന്‍ചെങ്കോ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

അവിസ്മരണീയമായ വിജയത്തിന് ശേഷം ആഴ്സണല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേട്ട മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ സിന്‍ചെങ്കോയെ പ്രശംസിച്ച് രംഗത്തെത്തി.

സിന്‍ചെങ്കോയുടെ കളി മികവിനെയും കളിക്കളത്തിലെ ഗുണനിലവാരത്തെയും അഭിനന്ദിച്ചു കൊണ്ടായിരുന്നു ആര്‍ട്ടേട്ട സംസാരിച്ചത്.

‘സിന്‍ചെങ്കോയുടെ പ്രകടനത്തില്‍ വളരെ സന്തോഷമുണ്ട്. പ്രത്യേകിച്ചും ഈ മികച്ച ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ അവന്‍ കളിക്കളത്തില്‍ കാഴ്ചവെക്കുന്ന തന്ത്രങ്ങള്‍ എതിരാളികള്‍ക്ക് മേല്‍ പുറത്തെടുക്കുന്ന പ്രതിരോധം, മറ്റ് താരങ്ങളില്‍ നിന്നും അവന്‍ പന്ത് എടുക്കുകയും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതുമെല്ലാം മത്സരത്തില്‍ വളരെ നിര്‍ണായകമാണ്. ഇന്ന് അവന്‍ ടീമിന്റെ പ്രതിരോധത്തില്‍ വളരെ ഉറച്ചുനിന്നത് ഞാന്‍ കണ്ടു. എനിക്ക് അവന്റെ കളി നന്നായി ഇഷ്ടപ്പെട്ടു. അവന്‍ മത്സരങ്ങളില്‍ എങ്ങനെ കളിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അവന്‍ നേടിയ ആ ഗോള്‍. മത്സരത്തില്‍ പന്ത് അവനില്‍ നിന്ന് കുറെ ദൂരെയാവുമ്പോള്‍ അവന്‍ പന്ത് ലഭിക്കാനായി മുന്നോട്ട് കുതിക്കും. അതുകൊണ്ടാണ് അവന്‍ ഗോള്‍ നേടുന്നത്. അവനില്‍ നിന്നും ഇതാണ് ഞങ്ങള്‍ക്ക് വേണ്ടത്,’ ആര്‍ട്ടേട്ട ഫുട്‌ബോള്‍ ലണ്ടന്‍ വഴി പറഞ്ഞു

മത്സരത്തില്‍ സിന്‍ചെങ്കോയുടെ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ 116 ടച്ചുകള്‍ ആണ് താരം നേടിയത്. 82 പസുകളും 14 ഡ്യുവലുകളും അഞ്ച് ടാക്കിളുകള്‍ താരം നടത്തി.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പകരക്കാരനായാണ് സിന്‍ചെങ്കോ കളത്തിലിറങ്ങിയത്. എന്നാല്‍ ഈ മത്സരത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടിയ താരത്തിന് ഈ അവസരം കൃത്യമായി ഉപയോഗപ്പെടുത്താനും താരത്തിന് സാധിച്ചു. അന്താരാഷ്ര മത്സരങ്ങളുടെ ഇടവേളക്ക് ശേഷം ആഴ്‌സനലിനെതിരെ നടക്കുന്ന മത്സരത്തില്‍ താരം ഇടം നേടാന്‍ സാധ്യതകള്‍ ഉണ്ട്.

ആഴ്സണലിന്റെ ഹോം ഗ്രൗണ്ട് ആയ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലിയാന്‍ഡ്രോ ട്രോസാര്‍ഡ് ആണ് ആഴ്സണലിന്റെ ആദ്യ ഗോള്‍ നേടിയത് . എന്നാല്‍ 54-ാം മിനിറ്റില്‍ ജോഷ് ബ്രൗണ്‍ഹില്ലിന്റെ ഗോളിലൂടെ ബേണ്‍ലി മറുപടി നല്‍കി. എന്നാല്‍ മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം വില്യം സാലിബയുടെ ആഴ്സണല്‍ രണ്ടാം ഗോള്‍ നേടി. മത്സരത്തിന്റെ എഴുപത്തിനാലാം മിനിറ്റില്‍ സിന്‍ചെങ്കോയുടെ ഗോളും വന്നതോടെ ആഴ്സണല്‍ 3-1ന്റെ തകര്‍പ്പന്‍ ജയം സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ പിടിച്ചെടുക്കുകയായിരുന്നു.

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 12 മത്സരങ്ങളില്‍ നിന്നും 27 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ആഴ്സണല്‍. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കും ഇതേ പോയിന്റ് ആണുള്ളത് എന്നാല്‍ നാല് ഗോളുകളുടെ വ്യത്യാസമാണ് ഇരു ടീമുകള്‍ക്കും ഉള്ളത്.

Content Highlight: Mikel arteta praises Alex Zinchenko performance.

We use cookies to give you the best possible experience. Learn more