സിഡ്‌നി: ഫെബ്രവുവരി പതിനാല് മുതല്‍ ആരംഭിക്കാനിരിക്കുന്ന ഐ.സി.സി ലോകകപ്പ് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന് മൈക്കല്‍ ഹസിയുടെ വിദഗ്‌ദ്ധോപദേശം ലഭിക്കും. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഇത് സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ മൈക്കല്‍ ഹസിയെ സമീപിച്ചിരുന്നതായി ടീം കോച്ച് റസല്‍ ഡോമിങ്കോ പറഞ്ഞിരുന്നു.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനായി മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന ഹസിയുടെ സേവനം ടീമിന് മുതല്‍ക്കൂട്ടാവുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കരുതുന്നത്. ഇത് കൂടാതെ ലോകകപ്പ് ഓസ്‌ട്രേലിയന്‍ ഉപഭൂഖണ്ഡത്തില്‍ വെച്ചാണ് നടക്കുന്നതെന്നതും ഹസിയെ പരിഗണിക്കാന്‍ കാരണമായിട്ടുണ്ട്. ലോകകപ്പ് പര്യടന കാലയളവില്‍ മാത്രമായിരിക്കും ഹസിയുടെ സേവനം ദക്ഷിണാഫ്രിക്കന്‍ ടീമിന് ലഭ്യമാവുക.
ഹസിയെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഈ ലോകകപ്പോടെ പദവിയൊഴിയുന്ന നിലവിലെ കോച്ച് ഡങ്കന്‍ ഫ്‌ളച്ചറുടെ പകരക്കാരനായിട്ടാണ് ഹസിയെ പരിഗണിച്ചിരുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയായിരുന്നു ഇത്തരമൊരു നിര്‍ദേശം ബി.സി.സിഐക്ക് മുമ്പില്‍ നിര്‍ദേശിച്ചിരുന്നത്.
ക്രിക്കറ്റ് ലോകത്ത് “മിസ്റ്റര്‍ ക്രിക്കറ്റ്” എന്നറിയപ്പെടുന്ന ഹസി 2012ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നത്. വളരെ വൈകി മാത്രം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഹസി ഓസീസ് ടീമിനായി 79 ടെസ്റ്റ് മത്സരങ്ങളും 185 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.