പരാജയമറിയാതെ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത ഇന്ത്യയെ അഭിനന്ദിച്ച് മുന്‍ ഓസീസ് താരം മൈക്ക് ഹസി. ഭൂതകാലത്തെ കുറിച്ച് ചിന്തിക്കാതെ ഇപ്പോഴുള്ള ടീം സ്വന്തം വഴി വെട്ടിത്തെളിക്കുകയാണെന്നും ഹസി പറഞ്ഞു.
ഫോക്‌സ് ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹസി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഇന്ത്യ വളരെ മികച്ചതായി കാണപ്പെടുന്നു. അങ്ങനെയെല്ലേ? ഇന്ത്യന്‍ സ്‌ക്വാഡ് വളരെ മികച്ചതാണ്. പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് അവര്‍ കളിക്കുന്നത്. ഓരോ നിമിഷവും ആസ്വദിച്ചാണ് അവര്‍ ഓരോ മത്സരവും കളിക്കുന്നത്,’ ഹസി പറഞ്ഞു.
ലോകകപ്പില്‍ ഇതുവരെ അപരാജിതരായി തുടര്‍ന്ന ഇന്ത്യയുടെ പ്രകടനത്തെ കുറിച്ചും ഹസി സംസാരിച്ചു.
‘തീര്‍ച്ചയായും. അവരെ പരാജയപ്പെടുത്തുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ നോക്കൗട്ടില്‍ ഹോം ക്രൗഡിന് മുമ്പില്‍ കളിക്കുമ്പോഴുള്ള സമ്മര്‍ദം അവര്‍ക്ക് മറികടക്കാന്‍ സാധിക്കുമോ എന്നുള്ളതാണ് എന്റെ ചോദ്യം.
അവര്‍ നോക്കൗട്ട് സ്‌റ്റേജില്‍ കളിക്കുന്നതെനിക്ക് കാണണം. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതിരുന്നാല്‍ അവര്‍ പുറത്താകും. ഇത് അവരുടെ മെന്റാലിറ്റിയെ ബാധിക്കുമെന്ന് തോന്നുന്നുണ്ടോ?
പുതിയ തലമുറയിലെ താരങ്ങളെ നോക്കുമ്പോള്‍ അവര്‍ ഒന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല. അവര്‍ ഭൂതകാലത്തെ കുറിച്ച് ഒന്നും തന്നെ ചിന്തിക്കുന്നില്ല. അവര്‍ സ്വന്തം വിധിയെഴുതുകയാണ്. പഴയ മുറിവിനെ കുറിച്ചും പഴയ തോല്‍വി ഭാരങ്ങളെ കുറിച്ചൊന്നും തന്നെ അവര്‍ ചിന്തിക്കുന്നില്ല. അവര്‍ കളത്തിലിറങ്ങി സ്വന്തം വിധി എഴുതാനാണ് ശ്രമിക്കുന്നത്,’ ഹസി പറഞ്ഞു.
നവംബര്‍ 15നാണ് ഇന്ത്യ സെമി ഫൈനലിനിറങ്ങുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.
ആദ്യ മത്സരങ്ങളില്‍ കുതിച്ചും പിന്നീട് കിതച്ചുമാണ് ന്യൂസിലാന്‍ഡ് സെമി ഫൈനലിന് യോഗ്യത നേടിയത്. ഒരുവേള പോയിന്റ് പട്ടികയുടെ രാജാക്കന്‍മാരായ തുടര്‍ന്ന കിവികള്‍ തങ്ങളുടെ സെമി പ്രവേശനത്തിന് മറ്റുടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കേണ്ടി വന്ന സ്ഥിതിയുമുണ്ടായിരുന്നു.
ഒറ്റ മത്സരം പോലും പരാജയപ്പെടാതെ കുതിച്ച ഇന്ത്യയോട് ഏറ്റവുമധികം റണ്‍സ് നേടിയ ടീം എന്ന വിശേഷണം ന്യൂസിലാന്‍ഡിനുണ്ട്. ഇന്ത്യയെ പോലെ തന്നെ ബാറ്റിങ്ങിലും ബൗളിങ്ങിലും താരങ്ങള്‍ ഒരുപോലെ മികവ് പുലര്‍ത്തുന്നു എന്നതാണ് കിവികളുടെ കരുത്ത്.
ഓപ്പണര്‍മാര്‍ അടിത്തറയിടുന്ന ഇന്നിങ്‌സിനെ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മുമ്പോട്ട് നയിക്കുകയും ട്രെന്റ് ബോള്‍ട്ടിന്റെയും മിച്ചല്‍ സാന്റ്‌നറിന്റെയും നേതൃത്വത്തില്‍ ബൗളര്‍മാര്‍ എതിരാളികളെ തടഞ്ഞുനിര്‍ത്തുന്നതുമാണ് കിവികളുടെ രീതി.
എന്നാല്‍ ഇതേ ന്യൂസിലാന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ ലീഗ് ഘട്ടത്തില്‍ വിജയം നേടിയത് എന്നതും ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നുണ്ട്.
Content highlight: Mike Hussey praise India