| Saturday, 7th April 2018, 2:20 pm

'നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണം'; സല്‍മാന്‍ ഖാന് പിന്തുണയുമായി ബോളിവുഡ് ഗായകന്‍ മിക സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സല്‍മാന്‍ ഖാന് പിന്തുണയുമായി ബോളിവുഡ് ഗായകന്‍ മിക സിംഗ്. 1998ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയതിന് അഞ്ചുവര്‍ഷം തടവ് ശിക്ഷ അനുഭവിച്ച മിക സിംഗ് നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകണം എന്നു പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്.

ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഒരാളെ മര്‍ദ്ദിക്കുന്ന വീഡിയോയുള്‍പ്പെടുത്തിയ കുറിപ്പിലൂടെ ട്വിറ്ററിലാണ് ഗായകന്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. “ഞാന്‍ നമ്മുടെ നിയമ വ്യവസ്ഥയെ ബഹുമാനിക്കുന്നു. പക്ഷെ, നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണം. ഒരു സെലിബ്രിട്ടിയായിട്ടും സല്‍മാന്‍ ഖാന്‍ ശിക്ഷിക്കപ്പെടുന്നുണ്ടെങ്കില്‍, ഒരു പാവം മനുഷ്യനെ പീഡിപ്പിക്കുകയും അവരുടെ ക്രൂരതയുടെ വീഡിയോ എടുക്കുകയും ചെയ്യുന്നവരും ശിക്ഷിക്കപ്പെടണം… അവര്‍ സുരക്ഷിതരാണ്, കാരണം, അവര്‍ സല്‍മാന്‍ ഖാനല്ല”, കുറിപ്പില്‍ പറയുന്നു.

അതേസമയം, ഇതൊന്നും സല്‍മാന്‍ ഖാന്‍ ചെയ്ത തെറ്റിന് ന്യായീകരണമല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി കമന്റുകളാണ് മിക സിംഗിന്റെ ട്വിറ്റര്‍ പോസ്റ്റിന് കീഴില്‍ വന്നിരിക്കുന്നത്.

1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് സല്‍മാന്‍ ഖാന് എതിരായ കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസില്‍ വിധി പുറപ്പെടുവിക്കുന്നത്.

വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരമുള്ള നടപടികളാണ് താരം നേരിടുന്നത്. ആറുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. നേരത്തെ വംശനാശം നേരിടുന്ന മാനുകളെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 2007-ല്‍ ഒരാഴ്ച സല്‍മാന്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. പിന്നീട് കോടതി സല്‍മാനെ കുറ്റവിമുക്തനാക്കുകയായിരുന്നു.


Watch DoolNews Video :

We use cookies to give you the best possible experience. Learn more