ആന്റിഗ്വ: ക്രിക്കറ്റില്‍ എല്ലാവരും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നതുപോലെതന്നെ തങ്ങളുടെ പേരിലാകരുതേ എന്നാഗ്രഹിക്കുന്ന ചില റെക്കോഡുകള്‍ കൂടിയുണ്ട്. അതിലൊന്നാണ് ഇന്ന് വെസ്റ്റ് ഇന്‍ഡീസുകാരനായ മിഗ്വേല്‍ കമ്മിന്‍സ് ഇന്ത്യക്കെതിരെ സ്വന്തമാക്കിയത്.
പത്താമതായി ബാറ്റ് ചെയ്യാനിറങ്ങിയ കമ്മിന്‍സ് ക്രീസില്‍ ചെലവഴിച്ചത് 95 മിനിറ്റാണ്. കണക്കില്‍ മുന്നിലാണെങ്കിലും ലഭിച്ച റെക്കോഡ് അത്ര സന്തോഷം നല്‍കുന്ന ഒന്നായിരിക്കില്ല കമ്മിന്‍സിന്.
95 മിനിറ്റ് ക്രീസില്‍ ചെലവഴിച്ച കമ്മിന്‍സ്, താന്‍ നേരിട്ട 45 പന്തുകളില്‍ ഒരു റണ്‍സ് പോലും നേടാനാകാതെയാണ് കളം വിട്ടത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ‘ഡക്ക്’ എന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് കമ്മിന്‍സ്. 1999-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂസിലാന്‍ഡിന്റെ ജെഫ് അലോട്ട് 101 മിനിറ്റ് ബാറ്റ് ചെയ്ത് അക്കൗണ്ട് തുറക്കാതെ പോയതാണ് ഏറ്റവും ആദ്യത്തേത്.
റണ്‍സൊന്നും നേടിയില്ലെങ്കിലും അത്രനേരം ക്രീസില്‍ ചെലവഴിച്ച കമ്മിന്‍സ്, ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിനു മികച്ച പിന്തുണയാണ് ഒമ്പതാം വിക്കറ്റില്‍ നല്‍കിയത്. 41 റണ്‍സാണ് ഈ വിക്കറ്റില്‍ പിറന്നത്. 39 റണ്‍സിന് ഹോള്‍ഡര്‍ പുറത്തായിട്ടും കമ്മിന്‍സ് ക്രീസില്‍ തുടര്‍ന്നു.
അവസാന വിക്കറ്റായി രവീന്ദ്ര ജഡേജയാണ് കമ്മിന്‍സിനെ വീഴ്ത്തിയത്. 75-ാം ഓവറില്‍ അവസാന വിക്കറ്റ് നഷ്ടപ്പെട്ടതോടെ വിന്‍ഡീസ് 222 റണ്‍സിന് കൂപ്പുകുത്തി. ഇന്ത്യക്കു ലഭിച്ചത് 75 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്.
ബാര്‍ബഡോസുകാരനായ കമ്മിന്‍സ് വലംകൈയന്‍ ഫാസ്റ്റ് ബൗളറാണ്. ബാറ്റ് ചെയ്യുന്നതാകട്ടെ, ഇടംകൈ കൊണ്ടും.
13 ടെസ്റ്റുകളില്‍ നിന്നായി കമ്മിന്‍സ് 27 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഈ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ 13 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റ് നേടാനായിരുന്നില്ല.