കരിവെള്ളൂരിലേക്ക് വിരുന്നെത്തുന്ന ഹിമാലയന്‍ പക്ഷി കൂട്ടം
ശരണ്യ എം ചാരു

പഴയ ചിറക്കല്‍ താലൂക്കിന്റെ വടക്കേ അറ്റത്തെ ഗ്രാമം. ഏ.വി കുഞ്ഞമ്പുവിന്റെ നേത്യത്വത്തില്‍ 1946ല്‍ ഡിസംബര്‍ 20 ന് നടന്ന കര്‍ഷക സമരത്തെ തുടര്‍ന്ന് ചരിത്ര പ്രസിദ്ധമായി. കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍ എന്ന നാട്ടില്‍ പുറത്തെ സര്‍വ്വ വിജ്ഞാനകോശത്തില്‍ അടയാളപ്പെടുത്തുന്നത് ഇങ്ങനെ ആണ്.

46ല്‍ കുണിയന്‍ പുഴക്കരയില്‍ നടന്ന ആ കര്‍ഷക സമരം കരിവെള്ളൂര്‍ എന്ന മണ്ണിനെ എന്നും സമരം കൊണ്ട് അടയാളപ്പെടുത്താന്‍ കാരണമായി. സമര പാരമ്പര്യത്തിനപ്പുറം മറ്റൊരു പ്രേത്യേകത കൂടിയുണ്ട് കുണിയന്‍ പുഴയ്ക്ക് എന്ന് 1978 മുതല്‍ പുഴക്കരയില്‍ എത്തുന്ന 163 തരം ദേശാടനപ്പക്ഷികളുടെ ആവാസ വ്യവസ്ഥ ബോധ്യമാക്കി തരുന്നു. ചരിത്രത്തില്‍ ഇടം പിടിക്കാതെ അതികം ആരിലും എത്തിപ്പെടാതെ ആ വരവും പോക്കും വര്‍ഷാവര്‍ഷം തുടരുന്നു.

ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് കുണിയന്‍ പുഴയോരത്തേക്ക് ദേശാടനപക്ഷികള്‍ കൂട്ടത്തോടെ വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവയുടെ വരവില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. എണ്ണത്തില്‍ വളരെ കുറവ് പക്ഷികള്‍ മാത്രമാണ് അവസാനത്തെ മൂന്ന് വര്‍ഷം കുണിയനില്‍ എത്തിയത്. എന്നാല്‍ ഈ വര്‍ഷം സ്ഥിതി വ്യത്യസ്ഥമാണ്. നവംബര്‍ മാസത്തിന്റെ ആദ്യത്തോടെ തന്നെ നിരവധി ദേശാടന പക്ഷികള്‍ കുണിയനില്‍ എത്തിക്കഴിഞ്ഞു. എന്ന് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും കര്‍ഷകരും ഒരേ സ്വരത്തില്‍ പറയുന്നു.

പ്രദേശത്തെ ചതുപ്പ് നിലങ്ങളും കണ്ടല്‍ കാടുകള്‍ നിറഞ്ഞ തുരുത്തും വയലുകളുമാണ് പക്ഷികളുടെ പ്രധാന ആവാസ കേന്ദ്രം. വിശാലവും വിജനവുമായ ചതുപ്പ് പ്രദേശം, കുറ്റിക്കാട, ഇഷ്ട ഭക്ഷണ ലഭ്യത എന്നിവയാണ് പക്ഷികളെ ഇങ്ങോട്ട് കുടുതല്‍ ആകര്‍ഷിക്കുന്നത്. ഹിമാലയത്തില്‍ നിന്ന് പോലും ഇവിടേയ്ക്ക് പക്ഷികള്‍ എത്തുന്നത് ആ കാരണം കൊണ്ടാണെന്ന് കര്‍ഷകനും പക്ഷിനിരീക്ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീധരന്‍ പറയുന്നു.

1981 മുതല്‍ 2006 വരെ നടത്തിയ നിരീക്ഷണത്തില്‍ 163 തരം ദേശാടന പക്ഷികള്‍ കുണിയനില്‍ എത്താറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വളരെ കുറച്ച് ദേശാടന പക്ഷികള്‍ മാത്രമേ കുണിയനില്‍ എത്താറുള്ളൂ. വയലുകള്‍ തരിശായിടുന്നതും പുഴയില്‍ ഉപ്പുവെള്ളം കയറുന്നതും മൂലം ഭക്ഷണ ലഭ്യത കുറഞ്ഞതാണ് ദേശാടന പക്ഷികളുടെ വരവ് കുറയാന്‍ പ്രധാന കാരണം.

എന്നാല്‍ ഇത്തവണ മഴ കൂടുതല്‍ ലഭിച്ചതും സമീപത്തെ വയലുകളില്‍ കൃഷി ചെയ്യുന്ന ഭൂമിയുടെ അളവ് വര്‍ധിച്ചതും ദേശാടന പക്ഷികളുടെ വരവില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. അമ്പതോളം ഇനത്തില്‍പ്പെട്ട പക്ഷികള്‍ കുണിയനില്‍ ഇതിനോടകം എത്തിയിട്ടുണ്ട് എന്നാണ് നിരീക്ഷകരുടെ പ്രാഥമിക നിഗമനം.

കൊക്ക് വര്‍ഗത്തില്‍പ്പെട്ട പക്ഷികളാണ് എണ്ണത്തില്‍ കൂടുതലായി കുണിയന്‍ പുഴക്കരയില്‍ കാണപ്പെടുന്നത്. കരിന്തപ്പി, കാളിക്കാട, സന്യാസി കൊക്ക്, കാക്ക താറാവ്, ചേരാകൊക്കന്‍, പച്ചക്കാലി, ഓപ്പണ്‍ബില്‍ സ്റ്റോക്ക്, വെള്ളവയറന്‍ കടല്‍ പരുന്ത്, ചാരക്കുട്ടന്‍ എന്നിവ അവിടത്തെ വിരുന്നുകാരില്‍ ചിലര്‍ മാത്രം. കൊക്കുകളെ പിടികൂടി തിന്നുന്ന കരിന്തപ്പി എന്ന പരുന്തിനെയാണ് ദേശാടന പക്ഷികള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്. വയല്‍ വരമ്പില്‍ വരിവരിയായി നില്‍ക്കുന്ന പക്ഷിക്കൂട്ടം കുണിയനിലെ മനോഹരമായ കാഴ്ച്ചയാണിപ്പോള്‍.

ദേശാടനപക്ഷികളുടെ വരവും കൃഷിഭുമിയിലേക്കടക്കം കയറിച്ചെന്നുള്ള ഇര പിടിത്തവും ഒരു തരത്തിലും കൃഷിയെ ബാധിക്കാറില്ല എന്നാണ് കര്‍ഷകര്‍ പറയുന്നത്. വിളകള്‍ നശിപ്പിച്ചു കൊണ്ടുള്ള ഇരപിടിത്തവും, പുന്നെല്ലും, തളിരിലയും തിന്നുന്ന പക്ഷികളും ഇവയില്‍ കുറവാണെന്നും കര്‍ഷകര്‍ പറയുന്നു.

പക്ഷി നിരീക്ഷണത്തിനും കൂടുതല്‍ പഠനത്തിനും മറ്റുമായി കുണിയന്‍ പുഴയോരത്തെ അതേപടി സംരക്ഷിച്ചു കൊണ്ട് ടൂറിസം വകുപ്പുമായി ചേര്‍ന്ന് ഇക്കോ- ഹിസ്‌റ്റോറിക്കല്‍ പാര്‍ക്ക് നിര്‍മ്മിക്കാന്‍ കരിവെള്ളൂര്‍ പെരളം ഗ്രാമ പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍മ്പേ നടപടി ആരംഭിച്ചതാണ്. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുമായി ഉണ്ടായ തര്‍ക്കം നടപടികള്‍ വൈകിപ്പോകാന്‍ ഇടയാകുന്നു എന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഇത് പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ടൂറിസം മേഖലയിലും, പ്രദേശത്തിന്റെ വളര്‍ച്ചയ്ക്കും അത് വളരെ ഉപകാര പ്രദമാകും എന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.