| Wednesday, 16th February 2022, 3:03 pm

ചുണ്ടുകള്‍ തമ്മില്‍ കൂട്ടിത്തുന്നി മെക്‌സിക്കോയിലെ കുടിയേറ്റക്കാര്‍; അമേരിക്കന്‍ അതിര്‍ത്തിയിലേക്ക് പാത തുറക്കാന്‍ ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെക്‌സിക്കോ സിറ്റി: വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധവുമായി മെക്‌സിക്കോയിലെ തെക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലുള്ള കുടിയേറ്റക്കാര്‍.

സൂചിയും പ്ലാസ്റ്റിക് നൂലുകളുമുപയോഗിച്ച് സ്വന്തം ചുണ്ടുകള്‍ കൂട്ടിക്കെട്ടിയാണ് ഇവര്‍ നിരാഹാരസമരമിരിക്കുന്നത്. രേഖകളില്ലാതെ താമസിക്കുന്ന ഒരു ഡസനിലധികം കുടിയേറ്റക്കാരാണ് വ്യത്യസ്തമായ പ്രതിഷേധത്തിലൂടെ തങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

മെക്‌സിക്കോയില്‍ നിന്നും അമേരിക്കന്‍ അതിര്‍ത്തിയിലേക്ക് പോകുന്നതിന് വേണ്ടി പാതയൊരുക്കമെന്നും ഇതിനായി മെക്‌സിക്കോയുടെ ഇമിഗ്രേഷന്‍ അതോറിറ്റി ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം.

തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ അധികൃതര്‍ കണ്ണടക്കുന്നതിനെതിരെ പ്രതീകാത്മകമായാണ് ഇവര്‍ പരസ്പരം ചുണ്ടുകള്‍ കൂട്ടിക്കെട്ടി സമരം ചെയ്യുന്നത്.

ചൊവ്വാഴ്ചയായിരുന്നു ഇത്തരത്തില്‍ പ്രതിഷേധം നടന്നത്.

അതേസമയം കുടിയേറ്റക്കാരുടെ ഈ പ്രതിഷേധരീതി ആശങ്കയുണര്‍ത്തുന്നതാണെന്ന് മെക്‌സിക്കോ ഇമിഗ്രേഷന്‍ അതോറിറ്റി പ്രതികരിച്ചു.

ചുണ്ടുകള്‍ കൂട്ടിത്തുന്നുമ്പോള്‍ രക്തം വരുന്നത് തുടച്ചുകളയാനായി മദ്യം ഉപയോഗിക്കുകയാണ് പ്രതിഷേധക്കാര്‍. തുന്നുമ്പോള്‍, വെള്ളം കുടിക്കുന്നതിന് വേണ്ടി ചെറിയ ഒരു സ്‌പേസ് ചുണ്ടുകള്‍ക്കിടയില്‍ വിടുന്നുമുണ്ട്.

മധ്യ-തെക്കന്‍ അമേരിക്കയില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം കുടിയേറ്റക്കാരും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മറ്റ് രാജ്യങ്ങളില്‍ നിന്നും മെക്‌സിക്കോയിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.


Content Highlight: Migrants in Mexico seeking passage to American border sew their mouths shut

We use cookies to give you the best possible experience. Learn more