ലണ്ടന്‍: അനധികൃതമായി യു.കെയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ രാജ്യത്ത് അഭയം തേടാന്‍ അനുവദിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. വ്യാജമായ മനുഷ്യാവകാശ വാദങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത് തുടരാന്‍ സാധിക്കില്ലെന്നും ഇവരെ രാജ്യത്തു നിന്നും ബഹിഷ്‌ക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രാജ്യത്ത് അനധികൃതമായി കുടിയേറുന്നവര്‍ക്ക് രാജ്യത്തെ ആധുനിക അടിമത്ത സംരക്ഷണ നയങ്ങളെ ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. ഇത്തരക്കാര്‍ക്ക് മനുഷ്യാവകാശ വാദങ്ങള്‍ ഉന്നയിച്ച് രാജ്യത്ത് തുടരാനും സാധിക്കില്ല. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരെ രാജ്യത്തു നിന്നും എന്നെന്നേക്കുമായി ബഹിഷ്‌ക്കരിക്കും. അല്ലെങ്കില്‍ അവരുടെ സ്വന്തം നാട്ടിലേക്ക് പറഞ്ഞയക്കുകയോ സുരക്ഷിതമായ മറ്റൊരു രാജ്യത്തേക്ക് മാറ്റുകയോ ചെയ്യും,’ ഋഷി സുനക് പറഞ്ഞു.
Today we are introducing new laws that mean if you come to the UK illegally you will be banned from ever re-entering our country.
This is how we will break the business model of the people smugglers; this is how we will take back control of our borders. pic.twitter.com/kx8ZC0AlEp
അനധികൃതമായി യു.കെയിലെത്തുന്നവര്‍ ചെയ്യുന്നത് നിയമപരമായി രാജ്യത്തേക്ക് കടന്നുവരുന്നവരോട് ചെയ്യുന്ന അനീതിയാണെന്നും ഋഷി സുനക് പറഞ്ഞു. അനധികൃത ക്രോസിങ്ങുകള്‍ തടയാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭയില്‍ അനധികൃത കുടിയേറ്റ ബില്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് പാര്‍ലമെന്റ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവെര്‍മാന്‍ ആണ് ബില്‍ അവതരിപ്പിച്ചത്. അനധികൃതമായ മാര്‍ഗങ്ങളിലൂടെ യു.കെയിലെത്തുന്നവരെ തടയാനുള്ള നിര്‍ദ്ദേശങ്ങളാണ് ബില്‍ മുന്നോട്ടുവെക്കുന്നത്.
2022ല്‍ മാത്രം 45000 പേര്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് യു.കെയിലെത്തിയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും താമസസൗകര്യങ്ങള്‍ ഉറപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023ല്‍ ഇത് വീണ്ടും ഉയര്‍ന്നേക്കാമെന്നാണ് യു.കെ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. 80000 വരെ കുടിയേറ്റക്കാര്‍ ഈ വര്‍ഷം രാജ്യത്ത് എത്താന്‍ സാധ്യതയുണ്ടെന്നും അധികാരികള്‍ പറഞ്ഞു.
അതേസമയം ബ്രിട്ടീഷ് സര്‍ക്കാരിന്റെ കുടിയേറ്റക്കാര്‍ക്കെതിരായ പദ്ധതിയില്‍ ആശങ്കയുണ്ടെന്ന് യു.എന്‍ ഹൈക്കമ്മീഷന്‍ ഫോര്‍ മൈഗ്രന്റ്‌സ് പറഞ്ഞു. നിയമം പാസായാല്‍ അത് യു.കെയില്‍ അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം തേടാനുള്ള അവകാശം ഇല്ലാതാക്കുമെന്നും ഇത് ഭീതിജനകമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
‘പലരും അന്യനാടുകളിലേക്ക് കുടിയേറുന്നത് അവരുടെ രാജ്യത്തെ യുദ്ധങ്ങളോ മറ്റ് അനുബന്ധ സാഹചര്യങ്ങളോ കൊണ്ടാകാം. ഇത്തരക്കാര്‍ക്ക് പാസ്‌പോര്‍ട്ട്, വിസ പോലുള്ളവ ഉണ്ടായേക്കില്ല. അങ്ങനെ ദുരിതമനുഭവിക്കുന്നവര്‍ക്ക് വരാന്‍ പ്രത്യേകിച്ച് സുരക്ഷിതമായ ഒരു സംവിധാനമോ നിയമാനുസൃതമായ മറ്റ് മാര്‍ഗങ്ങളോ രാജ്യത്ത് ഇല്ല. നിയമം പ്രാബല്യത്തില്‍ വന്നാല്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ സ്ഥാപിച്ചതിന്റെ ഉദ്ദേശം തന്നെ ഇല്ലാതാകും,’ കമ്മീഷന്‍ പറഞ്ഞു.