| Wednesday, 7th April 2021, 12:11 pm

മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിന് കാരണക്കാര്‍ കുടിയേറ്റ തൊഴിലാളികള്‍: രാജ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിന് കാരണക്കാര്‍ കുടിയേറ്റ തൊഴിലാളികളാണെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍സേന അധ്യക്ഷന്‍ രാജ് താക്കറെ.

കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ഇത്തരത്തില്‍ കൊറോണ വൈറസ് സംസ്ഥാനത്ത് അതിവേഗം പടരുന്നതിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് കാരണമെന്നുമായിരുന്നു രാജ് താക്കറെ പറഞ്ഞത്.

കുടിയേറ്റ തൊഴിലാളികള്‍ ഏത് സംസ്ഥാനത്ത് നിന്നാണോ ഇവിടേക്ക് എത്തുന്നത് ആ സംസ്ഥാനങ്ങളില്‍ കൊവിഡ് ടെസ്റ്റ് നടത്താന്‍ മതിയായ സംവിധാനങ്ങള്‍ ഒരുക്കാത്തതാണ് ഇത്രയേറെ കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നും താക്കറെ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം തൊഴിലാളികളെ ആകര്‍ഷിക്കുന്ന ഇന്ത്യയിലെ ഏക വ്യാവസായിക സംസ്ഥാനമാണ് മഹാരാഷ്ട. ഈ തൊഴിലാളികള്‍ വരുന്ന സ്ഥലങ്ങളില്‍ ഒന്നും ആവശ്യമായ പരിശോധനാ സൗകര്യങ്ങള്‍ ഇല്ലായിരുന്നു.

കഴിഞ്ഞ തവണ ലോക്ക് ഡൗണ്‍ സമയത്ത് സ്വന്തം നാടുകളില്‍ നിന്നും തിരിച്ചെത്തുന്ന തൊഴിലാളികളെ നിര്‍ബന്ധമായും കൊവിഡ് ടെസ്റ്റിന് വിധേയരാക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് നടത്തിയില്ല, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം താക്കറെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പരിശീലന സെഷനുകളില്‍ പങ്കെടുക്കാന്‍ കായികതാരങ്ങളെ അനുവദിക്കണമെന്നും സാമൂഹിക അകലം പാലിച്ച് ജിംനേഷ്യം പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും രാജ് താക്കറെ പറഞ്ഞു.

തിങ്കളാഴ്ച രാത്രി മുതല്‍ മഹാരാഷ്ട്രയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് സംസാരിച്ച താക്കറെ
എല്ലാ കടകളും കുറഞ്ഞത് രണ്ടോ മൂന്നോ ദിവസമെങ്കിലും തുറക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞു. ലോക്ക്ഡൗണ്‍ കാലയളവില്‍ ജനങ്ങളുടെ വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു.

മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്ക് കടകള്‍ എന്നിവ ഒഴികെയുള്ള മറ്റ് എല്ലാ സ്ഥാപനങ്ങളും മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും ഏപ്രില്‍ 30 വരെ മഹാരാഷ്ട്രയില്‍ അടച്ചിടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Migrant workers responsible for spread of coronavirus in Maharashtra, says Raj Thackeray

We use cookies to give you the best possible experience. Learn more