| Sunday, 10th May 2020, 12:44 pm

പാതയോരങ്ങളിലും റെയില്‍വേട്രാക്കിലും മരിച്ചുവീഴുന്ന തൊഴിലാളികളെ ആരാണ് സൃഷ്ടിക്കുന്നത്‌

സാജിദ സുബൈദ

മണിക്കൂറുകളുടെ അന്തരത്തില്‍, ഇന്ത്യയില്‍ നടപ്പിലാക്കിയ ലോക്ക് ഡൗണ്‍, ഇന്ത്യന്‍ ജനസംഖ്യയുടെ നാല്‍പത് ശതമാനത്തോളം വരുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ദാരുണമായ അന്ത്യത്തിലേക്കെത്തിക്കുന്ന കാഴ്ചയാണ് ദിവസം കഴിയുന്തോറും നമുക്ക് കാണാന്‍ സാധിക്കുന്നത്.

ഏറ്റവും അവസാനം, മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നിന്നും ബുസാവലിലേക്ക് പുറപ്പെട്ട ഇരുപതോളം അന്തര്‍ സംസ്ഥാന തൊഴിലാളികള്‍,
ജല്‍നയില്‍ വെച്ച് ക്ഷീണം കാരണം, റെയില്‍വെ ട്രാക്കില്‍ വിശ്രമിക്കാന്‍ കിടക്കുകയും, ഉറങ്ങിപ്പോവുകയും ചെയ്ത സാഹചര്യത്തില്‍, അതു വഴി വന്ന ശ്രമിക് സ്‌പെഷല്‍ എന്ന ട്രെയിന്‍ തട്ടി പതിനാറു പേരുടെ ജീവനാണെടുത്തത്. 150 കിലോമീറ്റര്‍ കാല്‍നടയായി സ്വന്തം ഗ്രാമത്തിലെത്താനാഗ്രഹിച്ച തൊഴിലാളികള്‍ക്ക് പാതി വഴിയില്‍ ജീവന്‍ വെടിയേണ്ടി വന്നു.

ഉത്തര്‍പ്രദേശില്‍ നിന്നും ചത്തീസ്ഗഡിലെ സ്വന്തം ഗ്രാമത്തിലേക്ക് 750 കിലോമീറ്റര്‍ നടന്ന് പോകാന്‍ കൃഷ്ണ ഷാഹുവിനെയും കുടുംബത്തെയും പ്രേരിപ്പിച്ചത്, 150 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള മുറിക്ക് 800 രൂപ വാടക കൊടുക്കാനില്ലാത്തതും, ദിവസം കഴിയുന്തോറും തങ്ങളുടെ കൈയ്യിലുള്ള ഭക്ഷണം കാലിയായതുമാണ്. വഴിയില്‍ വെച്ച് വാഹനമിടിച്ച് കൃഷ്ണയും ഭാര്യയും മരണമടഞ്ഞപ്പോള്‍, ബാക്കിയായത് അഞ്ച് വയസ്സും ഒന്നര വയസ്സും പ്രായമായ അവരുടെ കുഞ്ഞുങ്ങളാണ്. കുഞ്ഞുങ്ങളെ പിന്നീട് പോലീസെത്തി, കൃഷ്ണയുടെ സഹോദരനെ ഏല്‍പിക്കുകയാണ് ചെയ്തത്.

ലോക്ക് ഡൗണ്‍ തുടങ്ങിയിട്ട് 47 ദിവസങ്ങള്‍ പിന്നിടുമ്പോള്‍, നൂറ് കണക്കിന് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ദാരുണമായ അന്ത്യത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. പട്ടിണി, ചികിത്സ ലഭ്യതയുടെ കുറവ്, ആക്‌സിഡന്റ്, ഭയം മൂലമുള്ള ആത്മമഹത്യ തുടങ്ങിയവയിലൂടെ ഇരുന്നൂറിനടുത്ത് തൊഴിലാളികളാണ് മരിച്ചതെന്ന കണക്കാണ് വാര്‍ത്ത മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത്, അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ യാതൊരു മുന്നൊരുക്കങ്ങളും ചെയ്യാതിരുന്ന കേന്ദ്ര സര്‍ക്കാറിന്റെയും അതത് സംസ്ഥാന സര്‍ക്കാറിന്റെയും പിടിപ്പു കേട് നിമിത്തം തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് നടക്കാനൊരുങ്ങിയ വാര്‍ത്തയറിഞ്ഞ് ലേബര്‍ കമ്മീഷന്‍ അവരുടെ കണക്കെടുക്കാന്‍ ശ്രമിച്ചെങ്കിലും, കണക്ക് ലഭിച്ചില്ലെന്നുള്ളതാണ് സത്യാവസ്ഥ.

2011 ല്‍ ജനസംഖ്യ നിരക്കെടുത്തപ്പോഴുള്ള കണക്ക് മാത്രമാണ് സര്‍ക്കാറിന്റെ കൈയ്യിലിപ്പോഴുള്ളത്. അത് കഴിഞ്ഞ്, തൊഴിലടിസ്ഥാനത്തിലോ, തൊഴിലെടുക്കുന്ന സംസ്ഥാനങ്ങള്‍ വഴിയോ ഒരു കണക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതു വരെ തയ്യാറാക്കിയിട്ടില്ല. 2011 ലെ സെന്‍സസ് കണക്ക് പ്രകാരം ജനസംഖ്യയുടെ 37 ശതമാനമായ 45.36 കോടി അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് രാജ്യത്തുള്ളത്. ജനസംഖ്യ വര്‍ദ്ധനവിന്റെ ശതമാനക്കണക്കനുസരിച്ച് 2016 ആവുമ്പോഴേക്കും അത് 50 കോടിയിലെത്തിയിട്ടുണ്ടാവുമെന്നാണ് ഗവേഷകരുടെ നിഗമനം.

റേഷന്‍ സംവിധാനമടക്കം, ആധാര്‍ വ്യവസ്ഥയനുസരിച്ചായപ്പോള്‍, ഇതു വരെ ആധാര്‍ എടുക്കാത്ത തൊഴിലാളികളും കുടുംബങ്ങളും മുഴു പട്ടിണിലായെന്നത് മറ്റൊരു വസ്തുതയാണ്. രാജ്യത്തെ തൊഴിലാളികള്‍, ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്ന സമയത്തും, ലോക്ക് ഡൗണിന്റെ മറവില്‍ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ ചുട്ടെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയത്തിന് ആദ്യം പച്ചക്കൊടി കാണിച്ചത് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ രാജ് സിംഗാണ്.

44 തൊഴിലാളി അനുകൂല നിയമങ്ങളെ 4 കോഡുകളാക്കിയതില്‍, വ്യവസായ ബന്ധ ബില്ലിനെ മുന്‍ നിര്‍ത്തിക്കൊണ്ടാണ്ടാണ്, വരുന്ന ആയിരം ദിവസങ്ങളിലേക്ക് കുത്തക കമ്പനികള്‍ക്ക് വേണ്ടി തൊഴിലാളി അനുകൂല നിയമം, ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതിന്റെ ഭാഗമായി, തൊഴിലാളികള്‍ 8 മണിക്കൂറിന് പകരം, 12 മണിക്കൂര്‍ പണിയെടുക്കണം. തൊഴിലാളികളുടെ അനുപാതത്തിനനുസരിച്ച് പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളൊക്കെ ഹനിക്കപ്പെടും.

മദ്ധ്യപ്രദേശിന് പിന്നാലെ, ഉത്തര്‍ പ്രദേശും ഇത്തരത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ, രാജസ്ഥാന്‍, ഗുജ്‌റാത്ത്, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ മൂന്ന് മാസത്തേക്ക്, കുത്തകകള്‍ക്കനുകൂലമായി തൊഴിലാളികളെ ഉപയോഗിക്കാന്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ തയ്യാറായിട്ടുണ്ട്.
തൊഴിലാളി അനുകൂല നിയമങ്ങള്‍, 4 കോഡുകളിലാക്കി മാറ്റിയതായി നരേന്ദ്ര മോഡി പ്രഖ്യാപിച്ചപ്പോള്‍, അത്, പ്രായോഗികവത്ക്കരിക്കാന്‍ സംഘടിത തൊഴില്‍ ശക്തികള്‍ സമ്മതിക്കില്ല എന്ന് ദേശീയ പണിമുടക്കില്‍, ട്രേഡ് യൂണിയനുകള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ക്കൊക്കെ പുല്ലുവില കല്‍പിച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

നൂറ്റാണ്ടുകള്‍ സമരം ചെയ്ത് നേടിയെടുത്ത തൊഴിലവകാശങ്ങളാണ് ലോക്ക് ഡൗണ്‍ മറവില്‍, ഇല്ലായ്മ ചെയ്ത് തൊഴിലാളികളെ അടിമ വൃത്തിയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുന്നത്.തൊഴിലിട സുരക്ഷ ആരോഗ്യ തൊഴില്‍ സാഹചര്യം ചട്ടം 2019 ഒന്നായ സ്ഥിതിക്ക്, 1979 ലെ കുടിയേറ്റ തൊഴിലാളി നിയമം റദ്ദ് ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം കുടിയേറ്റ തൊഴിലാളികളോട് കാണിക്കുന്ന വഞ്ചനയാണ്. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പിലാക്കുന്നതിന് ഈ നിയമം ഉണ്ടായിരിക്കെയാണ്, അവരോട് മനുഷ്യത്വ രഹിതമായി സര്‍ക്കാറുകള്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്, അപ്പോള്‍ പിന്നെ, അത് റദ്ദ് ചെയ്താലുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ?

രണ്ട് ദിവസം മുമ്പ്, ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് എല്‍.ജി പോളിമര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലുണ്ടായ സ്‌റ്റൈറിന്‍ വാതക ചോര്‍ച്ച മൂലം പതിനൊന്ന് തൊഴിലാളികള്‍ക്കാണ് ജീവന്‍ വെടിയേണ്ടിവന്നത്. പ്ലാസ്റ്റിക് നിര്‍മാണ വേളയില്‍ ഉപയോഗിക്കുന്ന ഈ വാതകം പതിനേഴ് ഡിഗ്രിയില്‍ താഴ്ന്ന ഊഷ്മാവിലാണ് സൂക്ഷിക്കേണ്ടത്, മാത്രമല്ല സൂക്ഷിക്കുന്ന കണ്ടയ്നര്‍ വര്‍ഷത്തില്‍, കേടുപാടുകളില്ലെന്നുറപ്പു വരുത്തുന്നതിന്റെ ഭാഗമായി, മെയ്ന്റനന്‍സ് വര്‍ക്ക് നടത്തേണ്ടതുണ്ട്.

വര്‍ഷത്തിലുള്ള മെയിന്റെനന്‍സിന്റെ ചിലവ് ചുരുക്കുന്നതുമായി ബന്ധപ്പെട്ട് പല കമ്പനികളും അത്തരം പരിശോധനകള്‍ നടത്താറില്ല. ഇത്തരം വാതക ചോര്‍ച്ചയുണ്ടായാല്‍ അപകട മുന്നറിയിപ്പ് നല്‍കാനുള്ള യാതൊരു സംവിധാനങ്ങളും ഈ കമ്പനിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.
ദിനംപ്രതി 250 ടണ്‍ നിര്‍മ്മാണം നടക്കുന്ന കമ്പനി, 2018ല്‍ അത്, 450 ടണ്ണിലേക്കെത്തിക്കുന്നതിന് 168 കോടിയോളമാണ് എന്‍വയോണ്‍മെന്റ്, ഫോറസ്റ്റ്, ക്ലൈമറ്റ് എന്നീ മിനിസ്ട്രികള്‍ക്ക് കൈമാറിയത്.

യാതൊരു സുരക്ഷ മാനദണ്ഡവും പാലിക്കാത്ത കമ്പനികള്‍ക്ക് പ്രൊഡക്ഷന്‍ കൂട്ടുന്നതിന്നുള്ള അനുവാദം നല്‍കുന്നത്, അധികാരികള്‍ക്ക് പ്രശ്‌നമായിരുന്നില്ല. ലോക്ക്ഡൗണ്‍ കാലത്ത് അടച്ചിട്ട ഫാക്ടറി തുറക്കുമ്പോള്‍ പാലിക്കേണ്ട മുന്നൊരുക്കങ്ങളൊന്നും ചെയ്തതുമില്ല. പതിനേഴ് ഡിഗ്രിയ്ക്ക് താഴെ സൂക്ഷിക്കേണ്ട സ്റ്റെറിന്‍ വാതകം, ഊഷ്മാവ് മാറിയപ്പോള്‍, കണ്ടയ്‌നറിലുണ്ടായ ഉയര്‍ന്ന മര്‍ദം മൂലമാണ് വാള്‍വിന് ദ്വാരമുണ്ടാകാനിടയായതും വാതക ചോര്‍ച്ചയുണ്ടായതും. തൊഴിലാളികളുടെ അപകട മരണമുണ്ടാവുമ്പോള്‍ മാത്രമാണ്, കമ്പനികളുട കെടു കാര്യസ്ഥത ജനങ്ങള്‍ അറിയുന്നത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ വിറ്റു വരവും വലിയ ലാഭവും കൊയ്യുന്ന LG എന്ന കമ്പനി സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ്.

ഇത്തരം നിയമലംഘനങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്ന സര്‍ക്കാറുകളും ഇതിനുത്തരവാദികളാണ്. ഇനിയും തുറക്കാനിരിക്കുന്ന ഫാക്ടറികളിലെ സാഹചര്യവും നാം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. ഭോപാല്‍ ദുരന്തത്തിനു ശേഷം, തൊഴിലാളികളുടെയും പരിസ്ഥിതിയുടെയും സംരക്ഷണാര്‍ത്ഥം നിര്‍മിച്ച 1986 ലെ എന്‍വയോണ്‍മെന്റ ആക്ട്, 1989 ലെ ഹസാര്‍ട്‌സ് വേസ്റ്റ് റൂള്‍, 1996 ലെ കെമിക്കല്‍ ആക്‌സിഡന്റ് റൂള്‍, തുടങ്ങിയ നിയമങ്ങളെ അസ്ഥാനത്താക്കി കൊണ്ടാണ് ഇത്തരം ഫാക്ടറികള്‍ പ്രവര്‍ത്തിച്ചു പോരുന്നത്. പുതിയ സാഹചര്യത്തില്‍ വിദേശ മൂലധനനിക്ഷേപം പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ നിയമത്തിന്റെ അവസാനത്തെ ആണിയും പറിച്ചുകളയാനാണ് തീരമാനിച്ചിരിക്കുന്നത്.
പാതയോരങ്ങളിലും റെയില്‍വേട്രാക്കിലും മരിച്ചുവീഴുന്നവരും ഈ രാജ്യത്തെ പൗരന്‍മാരെന്ന അവകാശത്തിന് പോലും അര്‍ഹതയില്ലാത്തവരാണെന്നോ ?

കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ജോലി തേടിപ്പോകുന്നവരായത് കൊണ്ട് തന്നെ, പ്രബല ട്രേഡ് യൂണിയനുകള്‍ക്ക് കീഴിലൊന്നും ഇവര്‍ സംഘടിപ്പിക്കപ്പെടുന്നില്ല. വോട്ട് രാഷ്ട്രീയത്തിന്ന് ഇവരെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നുമില്ല. വിദ്യാഭ്യാസപരമായി വളരെയധികം പിന്നിലായതു കൊണ്ടും, രാജ്യത്ത് സാധാരണ പൗരന് ലഭിക്കുന്ന മൗലികാവകാശങ്ങള്‍ പോലും അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്

രാജ്യത്തെ വലിയൊരു ശതമാനം പൗരന്മാരാണ് നീതിനിഷേധങ്ങള്‍ക്കിരയാക്കപ്പെടുന്നത് എന്നുള്ള യാഥാര്‍ത്ഥ്യം ഭരണകൂടത്തിന് ഏറെക്കാലം മറച്ചുവെക്കാനാവില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാജിദ സുബൈദ

We use cookies to give you the best possible experience. Learn more