ദുര്‍ബല ജനവിഭാഗങ്ങളോടുള്ള ആര്‍.എസ്.എസ്സിന്റെ അവജ്ഞയും പുച്ഛവുമാണ് കുടിയേറ്റ തൊഴിലാളികളോട് കേന്ദ്രം കാണിക്കുന്നത്
Opinion
ദുര്‍ബല ജനവിഭാഗങ്ങളോടുള്ള ആര്‍.എസ്.എസ്സിന്റെ അവജ്ഞയും പുച്ഛവുമാണ് കുടിയേറ്റ തൊഴിലാളികളോട് കേന്ദ്രം കാണിക്കുന്നത്
അജയ് ഗുഡവര്‍ത്തി
Thursday, 14th May 2020, 4:26 pm

അഭയാര്‍ത്ഥികളെ നമ്മള്‍ ഭയത്തോടെ നോക്കിക്കാണുന്നതിന് പ്രധാന കാരണം നമ്മുടെ ജീവിതവും ഏതളവു വരെ എത്തിപ്പെടാം എന്ന് അവര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു എന്നതിനാലാണെന്ന് കള്‍ച്ചറല്‍ സോഷ്യോളജിസ്റ്റ് സിഗ്മണ്ട് ബൗമന്‍ ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി.

ഇന്ത്യയെസംബന്ധിച്ച് ഇത് അഭയാര്‍ഥികളല്ല, കുടിയേറ്റ തൊഴിലാളികളാണ്. നമ്മുടെ ഓരോരുത്തരുടേയും ഭാവിയും ഇതുതന്നെയാകാം. അത്തരമൊരവസ്ഥയില്‍ വര്‍ഗ വ്യാകുലതകള്‍ അധികരിക്കുകയും, വ്യക്തികളുടെ പ്രിവിലേജുകള്‍ നഷ്ടമാകുകയും അടിസ്ഥാന സുരക്ഷപോലുമില്ലാത്ത അവസ്ഥയിലേക്ക് ജീവിതം തകിടം മറിയുകയും ചെയ്യും.

കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ മുഖം തിരിക്കുന്നതിലൂടെയും അവരുടെ ദൈനംദിന നിലനില്‍പ്പുകളുടെ ആശങ്കകളെ നിസ്സാരവല്‍ക്കരിക്കുന്നതിലൂടെയും കേന്ദ്രസര്‍ക്കാര്‍ ഈ ഉത്കണ്ഠകള്‍ക്ക് നേരെയാണ് കണ്ണടക്കുന്നത്. ഇനിയെപ്പോഴാണ് അടുത്ത ഭക്ഷണം ലഭിക്കുകയെന്നറിയില്ല, രാത്രി എവിടെ തലചായ്ക്കണമെന്നറിയില്ല, സുഹൃത്തുക്കളില്‍ നിന്നും കുടുംബങ്ങളില്‍നിന്നും ഒക്കെ കാതങ്ങള്‍ അകലെ സഹായത്തിന് ഒരു കൈത്താങ്ങുമില്ലാതെ അലയുകയാണവര്‍.

അങ്ങേയറ്റം മോശപ്പെട്ട പരിതഃസ്ഥിതികളില്‍ ശ്വാസംമുട്ടുകയാണ് കുടിയേറ്റ തൊഴിലാളികള്‍ ഇന്ന്. അതേസമയം അവര്‍ ഈ പടുകുഴിയില്‍ നിന്ന് കരകയറരുതെന്ന് ഉറപ്പാക്കുവാനുള്ളതെല്ലാം മോദി സര്‍ക്കാരും ചെയ്യുന്നുണ്ട്. സമൂഹത്തിലെ അങ്ങേയറ്റം അശക്തരായ ജനവിഭാഗങ്ങളോട് ബി.ജെ.പി സര്‍ക്കാരിനുള്ള അടിസ്ഥാനപരമായ അവജ്ഞയാണ് ഈ നിലപാടുകളില്‍ വെളിവാക്കപ്പെടുന്നത്. ഈ അവജ്ഞ നിറഞ്ഞ അനിഷ്ടത്തിന്റെ ഒരു ഭാഗം മാത്രമാണ് അവരുടെ മുസ്‌ലീങ്ങളോടുള്ള വെറുപ്പ്.

സ്വയം സംഘടിതമാകുകയും, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കുവേണ്ടി നിരന്തരം വാദിക്കുകയും ചെയ്യാത്ത പക്ഷം സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളെ എന്നെന്നേക്കുമായി ദുരിതക്കയത്തില്‍ തളച്ചിടുന്ന, രാജ്യത്ത് പരക്കെ നിലനില്‍ക്കുന്ന വ്യാപകമായ അരക്ഷിതാവസ്ഥയുടെ പ്രകടനം കൂടിയായാണ് ഇത്.

കുടിയേറ്റ തൊഴിലാളികളുടെ ദുരിതം നയപരമായ മുന്‍ഗണന നല്‍കിക്കൊണ്ട് പരിഗണിക്കാന്‍ തയാറാകാത്ത മോദി സര്‍ക്കാര്‍ അവരുടെ ഭൂരിപക്ഷവാദ ആശയങ്ങളുടെ കാതലില്‍ എത്തിനില്‍ക്കുന്നു എന്ന് പറയാം. അവരുടെയുള്ളിലെ ഗാഢമായ നിന്ദയും പുച്ഛവും കഷ്ടതയനുഭവിക്കുന്നവരോട് ചേര്‍ന്നുനിക്കുവാനുള്ള കഴിവില്ലായ്മയും ഇത് അടിവരയിടുന്നു.

അവരെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരുടെ സങ്കടങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നത് ദൗര്‍ബല്യമാണ് സൂചിപ്പിക്കുന്നത്, അവജ്ഞയാണ് അതിജീവനത്തിന്റെ അടിസ്ഥാനം. ലോകോപകാര-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് വീമ്പിളക്കുന്ന ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം അവയൊക്കെയും സഹജീവി സ്‌നേഹം വരിഞ്ഞൊഴുകുന്ന ഒരു ഹൃദയത്തില്‍ ഊന്നി ചെയ്യുന്നതല്ല, മറിച്ച് പൊതുജനമധ്യത്തിലുള്ള പ്രദര്‍ശനങ്ങള്‍ മാത്രമാണ്.

ആര്‍.എസ്.എസിന്റെ കടുത്ത വെറുപ്പിനും വിദ്വേഷത്തിനും മുകളിലുള്ള മൂടുപടമായി ചിലപ്പോഴൊക്കെ മാറുമെങ്കിലും, ദുര്‍ബല വിഭാഗങ്ങളോടുള്ള ഈ അവജ്ഞകൂടിയാണ് വര്‍ഗീയ കലാപ സമയങ്ങളില്‍ നമ്മള്‍ കാണുന്നത്.

നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ സ്വദേശത്തേക്ക് കാല്‍നടയായി പലായനം ചെയ്യുന്ന ദൃശ്യങ്ങളോട്, ഇന്ത്യപോലെയുള്ള ഒരു ജനാധിപത്യ രാജ്യത്തില്‍ സമൂഹത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ എങ്ങനെ പ്രതികരിച്ചു എന്നുള്ളത് പരിശോധിക്കപ്പെടേണ്ടതാണ്.

അങ്ങേയറ്റം ഗതികെട്ട അവസ്ഥയിലും, അസ്വസ്ഥരുമായിരുന്നിട്ടും കുടിയേറ്റ തൊഴിലാളികള്‍ സമാധാനപരമായാണ് നിലകൊണ്ടത്. എന്തുകൊണ്ട് കുടിയേറ്റ തൊഴിലാളികള്‍ ഭക്ഷണത്തിന് വേണ്ടി കലാപമുണ്ടാക്കുന്നില്ല, അല്ലെങ്കില്‍ ഇന്ത്യയില്‍തന്നെ എന്തുകൊണ്ട് ഭക്ഷണത്തിനായി കലാപം ഉണ്ടാകുന്നില്ല എന്ന് സാമ്പത്തിക വിദഗ്ധന്‍ ജീന്‍ ഡ്രെസ്സെ ഒരു അഭിമുഖത്തില്‍ ചോദിച്ചിരുന്നു.

ഇത് പ്രസക്തമായ ചോദ്യമാണ്. യൂറോപ്പില്‍ മിക്കയിടങ്ങളിലും വടക്കേ അമേരിക്കയിലും ഇത്രമാത്രം തീവ്രനൈരാശ്യത്തിന്റെ സന്ദര്‍ഭങ്ങളുണ്ടായാല്‍, പ്രത്യേകിച്ച് അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കിടയില്‍ ആണെങ്കില്‍, വലിയ കലാപത്തിലും തീവെപ്പിലും കൊള്ളയിലുമായിരിക്കും അവസാനിക്കുക. ഇന്ത്യയില്‍ അത് സംഭവിച്ചില്ല. ഇതിന് കാരണം കുടിയേറ്റ തൊഴിലാളികളുടെ സ്വത്വ സവിശേഷതകളും കാര്‍ഷികവൃത്തിയോടുള്ള നിരന്തര ബന്ധവുമാണ്. മിക്ക കുടിയേറ്റ തൊഴിലാളികള്‍ക്കും ചെറിയ അളവിലെങ്കിലും ഭൂമി സ്വന്തമായുള്ളവരാണ്. ദുരിത കാലങ്ങളില്‍ പിടിച്ചുനില്‍ക്കാനുള്ള വക ഈ പാടങ്ങള്‍ നല്‍കും.

കുടിയേറ്റ തൊഴിലാളികളില്‍ അധികവും പറയുന്നത് തങ്ങള്‍ വീടുകളില്‍ തിരികെയെത്തിയാല്‍ പട്ടിണി കിടക്കേണ്ടി വരില്ല എന്നാണ്. വീടുകളില്‍ ഭക്ഷണത്തിന് പരിഹാരം കണ്ടെത്തുവാന്‍ അവര്‍ക്ക് സാധിക്കും. കുടുംബത്തോടൊപ്പം ഒന്നിക്കുവാനാണ് അവര്‍ കൊതിക്കുന്നത്. കാര്‍ഷിക മേഖലയിലെ കടുത്ത പ്രതിസന്ധികള്‍ നിലനില്‍ക്കെ തന്നെ, പട്ടിണി മരണത്തിന് വലിയ അളവില്‍ പരിഹാരമാണ് ഒരു തുണ്ട് ഭൂമി.

ഭൂമിശാസ്ത്രപരവും പ്രാദേശികവുമായ സ്വത്വബോധങ്ങളും പരിഗണിക്കപ്പെടേണ്ടതാണ്. ഒരിടത്ത് അവര്‍ കുടിയേറ്റക്കാരാണെങ്കില്‍ സ്വന്തം നാട്ടില്‍ അവര്‍ക്ക് സുരക്ഷിതത്വവും സമാധാനവും അനുഭവപ്പെടും. ഒരു നാടിന്റെ മക്കള്‍ എന്ന ബോധം അവരുടെ മനസ്സുകളില്‍ ആഴത്തിലുണ്ട്. പ്രദേശത്തിന്റെ ചരിത്രവും, നാടിന്റെ ഭൂതകാലവും, ഓര്‍മ്മകളും പേറിയാണ് ഓരോ ജീവിതവും. മിക്കപ്പോഴും കഷ്ടപ്പാടിന്റേതായിരുന്നിട്ടുകൂടിയും ഓരോരുത്തരും തങ്ങളുടെ പൈതൃക പരമ്പരകളുടെ ധാര്‍മിക പരിസരങ്ങളില്‍ തന്നെയാണ് ജീവിതം കരുപ്പിടിപ്പിക്കാന്‍ കൊതിക്കുന്നതും.

ഇന്ത്യന്‍ മധ്യവര്‍ഗ സമൂഹത്തിലെ ഒരു കൂട്ടര്‍ കുടിയേറ്റ തൊഴിലാളികളെ സാമൂഹികപ്രശ്‌നങ്ങള്‍ക്ക് കാരണക്കാരായി പരിഗണിക്കുമ്പോള്‍ മറ്റൊരു വലിയ മധ്യവര്‍ഗ വിഭാഗം കുടിയേറ്റ തൊഴിലാളികളോടുള്ള പൊതുസമീപനത്തില്‍ ആശങ്കയുള്ളവരും അവരോടു ചേര്‍ന്നുനില്‍ക്കുന്നവരുമാണ്.

ഭാഗികമായി, യൂറോപ്പിലും വടക്കേഅമേരിക്കയിലും നിലവിലുള്ള വര്‍ഗ വ്യത്യാസം ഇന്ത്യന്‍ സാമൂഹികാന്തരീക്ഷത്തില്‍ അതേയളവില്‍ പ്രത്യക്ഷമല്ല എന്നതാണ് ഒരു കാരണം. ഇന്ത്യയിലെ മധ്യവര്‍ഗ സമൂഹം ഇലക്ട്രിക്കല്‍, പ്ലംബിങ്, വീട്ടു സഹായ, പാചക ജോലികള്‍ക്കായി വലിയൊരു വിഭാഗം അസംഘടിത തൊഴിലാളികളെ ആശ്രയിക്കുകയും, നിയമിക്കുകയും ചെയ്യുന്നുണ്ട്.

യൂറോപ്പിലും അമേരിക്കയിലും അതിധനികര്‍ മാത്രം അനുഭവിക്കുന്ന ഇത്തരം പ്രിവിലേജുകളില്‍ നിന്നും പറിച്ചുമാറ്റാനാകാത്ത വിധം കെട്ടുപിണഞ്ഞുകിടക്കുക കൂടിയാണ് ഇന്ത്യയിലെ മധ്യവര്‍ഗം. ദിനേന ഇവര്‍ ഈ തൊഴിലാളികളെ കാണുകയും ഇടപഴകുകയും ചെയ്യുന്നുണ്ട്. പുതിയൊരു തലമുറ നഗരവാസികള്‍ക്ക് തങ്ങളുടെ ഗ്രാമ വേരുകള്‍ വിച്ഛേദിക്കപ്പെട്ടതുപോലെയും അതുവഴി പൊതു ഓര്‍മകളില്‍ നിന്ന് ഒരു ഗ്രാമീണ ഇന്ത്യ തന്നെ മാഞ്ഞുപോയത് കണക്കെയും അത്ര ലളിതമായി ഈ മധ്യവര്‍ഗ ജീവിതരീതിയോട് ചേര്‍ന്നുനില്‍ക്കുന്ന മനുഷ്യത്വവും ആര്‍ദ്രതയും മായ്ച്ചു കളയാനാവില്ല.

ഗ്രാമീണ മേഖലയിലെ ദുരിതങ്ങളും ഉയരുന്ന ആത്മഹത്യാ നിരക്കുകളും നഗര ജീവിതങ്ങളില്‍ വലുതായി സ്പര്‍ശിക്കാറില്ല. എന്നാല്‍, കുടിയേറ്റ തൊഴിലാളികളുടെ വിഷയം അങ്ങനെയല്ല.

നവഉദാരീകരണവും ഹിന്ദുത്വവാദവും ചേര്‍ന്ന് കുടിയേറ്റ തൊഴിലാളികളെ മുഖമില്ലാത്തവരും ‘അധിക ജനസംഖ്യയും’ ആക്കിത്തീര്‍ത്തു. ജനാധിപത്യ സമൂഹങ്ങളില്‍ ഇത്തരം കൂടിച്ചേരലുകള്‍ പൊതു ധാര്‍മികതയുടെയും ഉരകല്ലിലൂടെ പരിശോധിക്കപ്പെടേണ്ടതാണ്. കുടിയേറ്റ തൊഴിലാളികളുടെ ദുരിതങ്ങളോടുള്ള നരേന്ദ്ര മോദിയുടെ കൂസലില്ലാത്ത വിമുഖത മോദിയെ വളര്‍ത്തിയെടുത്ത രാഷ്ട്രീയത്തിന്റെ പ്രകടനമാണ്. എന്നാല്‍ സമൂഹം അപ്പാടെ ഇതിനോട് യോജിക്കുന്നില്ല എന്നതാണ് വാസ്തവം.

ഇത്തരം സാമൂഹിക പ്രതിസന്ധികളോടുള്ള പ്രതികരണങ്ങള്‍ പലപ്പോഴും വിഷയത്തെ പൂര്‍ണമായി പഠനവിധേയമാക്കിയതിന് ശേഷമായിരിക്കണമെന്നില്ല. ധാര്‍മികതയുടെ തലത്തില്‍ നിന്നുകൊണ്ടുള്ള പ്രതികാരങ്ങളാണ് മിക്കതും. ഇവിടെ വല്ലതുപക്ഷത്തിന്റെ ‘ശരി’ ഭൂരിപക്ഷത്തിന്റെ നീതിബോധത്തോട് ചേര്‍ന്നുനില്‍ക്കുന്നതാവില്ല. വലതുപക്ഷം വാദിക്കുന്ന ഉത്ഖണ്ഠകളും അരക്ഷിതാവസ്ഥകളും അവരും പങ്കുവെക്കുന്നുണ്ടാകാം, എന്നാല്‍ അവരുടെ അവജ്ഞയും പുച്ഛവും അവര്‍ കൈക്കൊള്ളില്ല.

രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും അറിഞ്ഞോ അറിയാതെയോ തങ്ങളുടെ മതകീയവും സാമൂഹികവുമായ ധാര്‍മികതയും കരുതലും അനുകമ്പയും കാത്തുസൂക്ഷിക്കാന്‍ അങ്ങേയറ്റം ശ്രമിക്കുമ്പോള്‍, തങ്ങളുടെ ഹിംസാത്മകമായ വിമുഖതയ്ക്ക് ‘ധാര്‍മിക ഭാവം’ ഉണ്ടാക്കിയെടുക്കുക എന്നതാണ് വലതുപക്ഷത്തിന്റെ മുന്നിലുള്ള വെല്ലുവിളി.

ഈ തലത്തിലാണ് വലതുപക്ഷം രാജ്യത്തെ ഭൂരിപക്ഷത്തോട് എതിരില്‍ വരുന്നതും വലിയ വിഭാഗം ജനസമൂഹത്തില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്യുന്നതും പൊതു മനസ്ഥിതിയില്‍ നിന്നും ഒറ്റപ്പെടുന്നതും. സമാനമായ തരത്തില്‍ മുസ്‌ലിങ്ങളെ കൈകാര്യം ചെയ്തപ്പോള്‍ ഒരു ജനസമ്മതിയുണ്ടാക്കിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ അത് നടപ്പായില്ല.

അതുകൊണ്ടുതന്നെ, കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധിയില്‍ മതന്യൂനപക്ഷങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കും വിലപ്പെട്ട പാഠങ്ങള്‍ കൂടിയുണ്ട്. തങ്ങള്‍ കൈക്കൊള്ളുന്ന രാഷ്ട്രീയം സാമൂഹികധാര്‍മികതയുടെ അളവുകോലുകളെ തൃപ്തിപ്പെടുത്തുന്നതുകൂടിയാകണം.

ഇന്ന് കുടിയേറ്റ തൊഴിലാളികളെക്കുറിച്ചു ഉത്കണ്ഠാകുലരാകുന്ന വലിയൊരു ജനവിഭാഗത്തെപോലെ തങ്ങളെക്കുറിച്ചും ചിന്തയുള്ള സമൂഹത്തിന്റെ വലിപ്പം വര്‍ധിപ്പിക്കുവാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ മത ന്യൂനപക്ഷങ്ങള്‍ നടത്തേണ്ടതുണ്ട്.

കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ പൊതു സമൂഹത്തിന് ഇത്തരത്തില്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയുന്നുണ്ടെങ്കില്‍, സമാനമായ കരുതല്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേര്‍ക്കും സാധ്യമാണ്. ഹിന്ദു-മുസ്ലിം ദ്വന്ത്വങ്ങള്‍ക്കുപകരം പുതിയൊരു പൊതുസ്വത്വം രൂപപ്പെടേണ്ടതുണ്ട്. മുന്‍പേ തന്നെ മാറ്റങ്ങള്‍ക്കു വിധേയമായ മതേതര ന്യൂനപക്ഷത്തോടല്ല, മറിച്ച് ഭൂരിപക്ഷത്തോട് സംവദിക്കുന്ന നവീകരിക്കപ്പെട്ട ഒരു മുസ്ലിം രാഷ്ട്രീയവും ഉയര്‍ന്നുവരേണ്ടതുണ്ട്.

 

കടപ്പാട്: ദി വയര്‍

അജയ് ഗുഡവര്‍ത്തി
ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പ്രൊഫസര്‍, എഴുത്തുകാരന്‍