കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
രാവിലെ 9.30 ഓടു കൂടിയാണ് കൊടിയത്തൂരില്‍ അതിഥി തൊഴിലാളികള്‍ പഞ്ചായത്തോഫീസിനു മുന്നിലേക്ക് സംഘടിച്ചെത്തിയത്. പിരിഞ്ഞു പോകാന്‍ തയ്യാറാകാതിരുന്ന പ്രതിഷേധക്കാരെ പൊലീസ് ലാത്തി വീശി ഒഴിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ രണ്ടുപേരെ കൊടിയത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചത് ഈ രണ്ടു പേരാണെന്ന് അതിഥി തൊഴിലാളികള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു.
പ്രതിഷേധിച്ചാല്‍ മാത്രമേ തങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുകയുള്ളുവെന്ന് ഇവര്‍ വിവിധ ക്യാംപുകളിലെത്തി തൊഴിലാളികളെ അറിയിച്ചതായാണ് തൊഴിലാളികള്‍ പറഞ്ഞത്.
തൊഴിലാളികള്‍ക്ക് ക്യാംപില്‍ ഭക്ഷണം ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. അതേസമയം ഭക്ഷണം ക്യാംപുകളില്‍ എത്തിക്കുന്നുണ്ടെന്നും അത്തരത്തിലൊരു പ്രശ്‌നം നിലവില്‍ നിലനില്‍ക്കുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
ബിഹാറിലേക്കുള്ള ട്രെയിന്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയതില്‍ അതിഥി തൊഴിലാളികള്‍ ആശങ്കയിലായിരുന്നെന്നും അതാവാം ഇത്തരത്തില്‍ സംഘടിച്ചെത്തിയതിന് കാരണമെന്നും പൊലീസ് വ്യക്തമാക്കി. ഇതേതുടര്‍ന്ന് പൊലീസ് കൊടിയത്തൂരിലെ ക്യാംപുകളിലെത്തി തൊഴിലാളികളെ ബോധവല്‍ക്കരിക്കുകയും ചെയ്തു.
തൊഴിലാളികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേരളത്തില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന നാലു ട്രെയിനുകള്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയത്.
അതേസമയം രണ്ടോ മൂന്നോ ദിവസത്തിനകം ആളുകള്‍ക്ക് പോകാന്‍ സാധിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.