ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ ദല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങി ഇതര സംസ്ഥാന തൊഴിലാളികള്‍. വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് ഭയന്നാണ് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നത്.
വൈറസിനേക്കാള്‍ ലോക്ക് ഡൗണ്‍ വന്നാലുള്ള ദുരവസ്ഥയെ ഭയന്നാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് ദല്‍ഹി ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലിലെത്തിയ തൊഴിലാളികള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര, ദല്‍ഹി, പഞ്ചാബ്, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ രാത്രിയാത്ര നിരോധനം, നിയന്ത്രണം കര്‍ശനമാക്കല്‍ തുടങ്ങിയവ ആരംഭിച്ചിരുന്നു.
കൊവിഡ് ഒന്നാം വ്യാപന സമയത്ത് കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടില്‍ പോകാനാകാതെ ബുദ്ധിമുട്ടിയിരുന്നു.
വാഹന ഗതാഗതം ഇല്ലാതിരുന്നതോടെ കാല്‍നടയായി കിലോമീറ്ററുകളോളം നടന്ന നിരവധി പേര്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം മാത്രം 1,15,736 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷമായി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക