മുംബൈ: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് ഭയന്ന് മുംബൈയിലെ ധാരാവിയില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകള്‍ അനുസരിച്ച് 25000ലധികം ഇതരസംസ്ഥാന തൊഴിലാളികളാണ് ധാരാവിയില്‍ നിന്നും ഇതുവരെ സ്വന്തം നാട്ടിലേക്ക് തിരികെ പോയത്. രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്നാണിത്.
കഴിഞ്ഞദിവസം മാത്രം 76 പേര്‍ക്കാണ് ധാരാവിയില്‍ കൊവിഡ് ബാധിച്ചത്. നിലവില്‍ 2039 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞിരുന്നു.
ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ഏപ്രില്‍ 14ന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റിയും അതിന്റെ ഭാഗമായി ഉണ്ടാകുന്ന സാമ്പത്തിക തകര്‍ച്ചകളെപ്പറ്റിയും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. നിലവിലെ രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് ടാസ്‌ക് ഫോഴ്സ് നിര്‍ദ്ദേശിച്ചത്’, മന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന അവസരത്തിലാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് വാക്സിന്‍ ദൗര്‍ലഭ്യവും രോഗ വ്യാപനം തടയുന്നതിനെ കാര്യമായി ബാധിക്കുന്നുണ്ട്.
മുംബൈ, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
മുംബൈ നഗരത്തിലെ വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുയാണെന്നും ഒരുലക്ഷത്തിനടുത്ത് കൊവിഷീല്‍ഡ് വാക്‌സിന്‍ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്‌നേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Migrant Workers Exodus Amid Covid Spread