ഇത് ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ വിജയം
2018 fifa world cup
ഇത് ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ വിജയം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th July 2018, 11:05 am

ക്രൊയേഷ്യയ്‌ക്കെതിരായ ഫ്രഞ്ച് ടീമിന്റെ ജയം ഫ്രാന്‍സ് ജനതയുടേത് മാത്രമല്ല ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടേത് കൂടിയാണ്. കാരണം 23 കളിക്കാരില്‍ 16 പേരും സയര്‍, മാര്‍ട്ടിനിക്ക്, കാമറൂണ്‍, മൊറൊക്കൊ, അംഗോള, അള്‍ജീരിയ എന്നിവിടങ്ങളില്‍ നിന്നെല്ലാം കുടിയേറിപ്പാര്‍ത്തവരാണ്.

ഫ്രഞ്ച് ജനസംഖ്യയുടെ 7 ഏഴ് ശതമാനമാണ് അഭയാര്‍ത്ഥികളുടെ എണ്ണം. ഫ്രാന്‍സിലടക്കം യൂറോപ്പില്‍ അഭയാര്‍ത്ഥികളോട് വിവേചനവും വിദ്വേഷം തുടരുന്നതിനിടെയാണ് ഭൂരിപക്ഷം പേരും അഭയാര്‍ത്ഥികളും മുസ്‌ലിംങ്ങളുമായ ടീം കപ്പടിക്കുന്നത്.

ഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരെ ഗോളടിച്ച എംബാപ്പെയും പോഗ്ബയും കുടിയേറ്റക്കാരുടെ മക്കളാണ്. ഗിനിയയില്‍ നിന്നും കുടിയേറിയതാണ് പോഗ്ബയുടെ മാതാപിതാക്കള്‍. എംബാപ്പെയുടെ അമ്മ അള്‍ജീരിയക്കാരിയും പിതാവ് കാമറൂണുകാരനുമാണ്. സാമുവല്‍ ഉംറ്റിറ്റി കാമറൂണിലാണ് ജനിച്ചത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാന്റെയുടെ വേരുകള്‍ മാലിയിലാണ്. ബ്ലെയ്‌സ് മറ്റിയൂഡിയുടെ കുടുംബം അംഗോളയില്‍ നിന്നും കുടിയേറിയവരാണ്.

 

പ്രതിരോധ താരം പ്രെസ്‌നെല്‍ കിംപെബെയുടെയും സ്റ്റീവന്‍ എന്‍സോന്‍സിയുടെയും വേരുകള്‍ കോംഗോയിലാണ്. സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ടൊളിസ്സോയുടെ പിതാവ് ടോഗോക്കാരനാണ്. ഇന്നലത്തെ കളിയില്‍ പകരക്കാരനായി ഇറങ്ങിയ നബീല്‍ ഫെക്കീറിന്റെ കുടുബം അള്‍ജീരിയയില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണ്. ഇവരില്‍ അവസാനിക്കുന്നതല്ല ഫ്രഞ്ച് ടീമിലെ അഭയാര്‍ത്ഥി സാന്നിധ്യം.

 

റഷ്യന്‍ലോകകപ്പിലെ ആഫ്രിക്കയുടെ ആറാമത്തെ ടീമായാണ് ഫ്രാന്‍സിനെ വിശേഷിപ്പിച്ചിരുന്നത്. അഫ്രിക്കന്‍ സാന്നിധ്യം സെനഗല്‍ പുറത്തായതോടെ ഔദ്യോഗികമായി ഇല്ലാതായെങ്കിലും ആഫ്രിക്കന്‍ ഫുട്‌ബോള്‍ ആരാധകര്‍ ഫ്രാന്‍സിനെ തങ്ങളുടെ ടീമായാണ് കണക്കാക്കിയത്. ഗ്യാലറിയിലും ഫ്രഞ്ച് ടീമിന്റെ ആഘോഷങ്ങളിലുമെല്ലാം ആഫ്രിക്കന്‍ ഗാനങ്ങളായിരുന്നു മുഴങ്ങിക്കേട്ടത്. ഓരോ തവണ ഫ്രാന്‍സ് ഗോള്‍ നേടുമ്പോഴും ഗ്യാലറിയിലുയര്‍ന്നത് ഐവേറിയന്‍ മ്യൂസിക് സംഘമായ മാജിക് സിസ്റ്റത്തിന്റെ “മാജിക് ഇന്‍ ദ എയര്‍” ഗാനമായിരുന്നു. ടൂര്‍ണമെന്റിന്റെ മുമ്പ് തന്നെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഈ പാട്ടിനെ ഔദ്യോഗിക ഫാന്‍സ് സോങ്ങായി അംഗീകരിച്ചിരുന്നു.