റഷ്യന്‍ ലോകകപ്പ് അതിന്റെ അവസാനപോരാട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യ റൗണ്ടില്‍ ജര്‍മ്മനിയുടെയും പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ ടീമുകളുടെയും പോരാട്ടം അവസാനിച്ചു. ക്വാര്‍ട്ടറില്‍ ഉറുഗ്വായും ബ്രസീലും വീണു.
ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് പൊരുതിത്തോറ്റ് ബ്രസീലും മടങ്ങിയതോടെ റഷ്യന്‍ ലോകകപ്പില്‍ മത്സരത്തില്‍ അവശേഷിക്കുന്നത് യൂറോപ്യന്‍ ടീമുകള്‍ മാത്രമാണ്. ഇവരാകട്ടെ കരുത്തുകാട്ടുന്നത് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെക്കൊണ്ടാണ്.
ഉറുഗ്വായെ രണ്ട് ഗോളിന് തകര്‍ത്ത് ലോകകപ്പ് സെമി ഉറപ്പിച്ച ഫ്രാന്‍സ് ടീമിലെ 78.3% കളിക്കാരും കുടിയേറ്റക്കാരാണ്. ബ്രസീലിനെ തറപറ്റിച്ച ബെല്‍ജിയം ടീമിലെ പകുതിയോളം, അതായത് 47.8% പേര്‍ കുടിയേറ്റക്കാരാണ്. ഇംഗ്ലണ്ട് പടയുടെ സ്ഥിതിയും ബെല്‍ജിയത്തിന് സമാനമാണ്. ഇന്ന് ക്വാര്‍ട്ടറില്‍ മത്സരിക്കാനിരിക്കുന്ന ക്രൊയേഷ്യന്‍ ടീമില്‍ 17.4% കുടിയേറ്റക്കാരാണ്.
ഇതിനകം പുറത്തായ പോര്‍ച്ചുഗല്‍, സ്പെയിന്‍, ഡെന്‍മാര്‍ക്ക്, ഐസ്ലാന്റ്, സ്വിറ്റ്സര്‍ലാന്റ് എന്നീ ടീമുകളിലും കുടിയേറ്റക്കാരുടെ സാന്നിധ്യം വലിയ തോതിലുണ്ടായിരുന്നു. മേല്‍പ്പറഞ്ഞ പത്തു ടീമുകളിലെ 230 കളിക്കാരില്‍ 83 പേരും കുടിയേറ്റക്കാരാണ്.
ഇനി ഈ കുടിയേറ്റക്കാര്‍ റഷ്യന്‍ ലോകപ്പിലെ യൂറോപ്യന്‍ മുന്നേറ്റത്തിന് എത്രത്തോളം നിര്‍ണായകമായി എന്നു പറയാം. ശനിയാഴ്ച അര്‍ജന്റീനയ്ക്കെതിരായ മത്സരത്തില്‍ രണ്ട് ഗോള്‍ നേട്ടവുമായെത്തിയ 19 കാരന്‍ കൈലിയന്‍ എംബാപെ മറ്റൊരു ചരിത്രനേട്ടം കൂടിയാണ് സ്വന്തമാക്കിയത്. ലോകകപ്പില്‍ രണ്ടുഗോള്‍ നേട്ടം കൊയ്യുന്ന രണ്ടാമത്തെ കൗമാരക്കാരന്‍ എന്ന ടൈറ്റില്‍. എംബാപെയ്ക്കു മുമ്പ് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ 1958 ലാണ് ഇത്തരമൊരു നേട്ടം കൊയ്തത്.
ALSO READ: അവനെ നമുക്ക് വേണം; ഫ്രഞ്ച് സൂപ്പര്‍ താരത്തെ ബാഴ്‌സയിലെത്തിക്കാന്‍ മെസ്സിയുടെ നിര്‍ദ്ദേശം
ഫ്രാന്‍സിലെ ആദ്യതലമുറ കുടിയേറ്റക്കാരുടെ മകനാണ് എംബാപെ. ഇത്തവണത്തെ ലോകകപ്പിനെത്തിയ ഫ്രാന്‍സിന്റെ 23 അംഗസംഘത്തില്‍ 17 കളിക്കാരും ആദ്യതലമുറയില്‍പ്പെട്ട കുടിയേറ്റക്കാരുടെ മക്കളാണ്.
1998ല്‍ ലോകകപ്പ് കിരീടം സ്വന്തമാക്കിയ അന്നത്തെ ഫ്രഞ്ച് സംഘവും അതിന്റെ വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ലെസ് ബ്ല്യൂസ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ടീമിനെ ഫ്രാന്‍സിലെ രാഷ്ട്രീയ നേതാക്കള്‍ അന്ന് പുകഴ്ത്തിയത് വെറും ഫുട്ബോള്‍ മൈതാനത്തെ വിജയത്തിന്റെ പേരില്‍ മാത്രമായിരുന്നില്ല, ടീമിലെ വൈവിധ്യത്തിന്റെ പേരില്‍ കൂടിയായിരുന്നു.
ഫുട്ബോളിന് സാമൂഹ്യമായ വിള്ളലുകളെ ഇല്ലാതാക്കാനാകുമെന്ന് ഫ്രാന്‍സ് തെളിയിച്ചിട്ടുമുണ്ട്. വിവിധ വംശത്തില്‍പ്പെട്ടയാളുകള്‍ നിറഞ്ഞ ഫ്രഞ്ച് ടീമിന് ഫ്രഞ്ചിന്റെ ലുക്ക് തോന്നുന്നില്ലെന്ന് കുറ്റം പറഞ്ഞ ഫ്രഞ്ച് വലതുപക്ഷ രാഷ്ട്രീയക്കാരന്‍ ജീന്‍ മാരി ലെ പെന്നിന് 2002 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുനല്‍കാതെയാണ് ജനം മറുപടി നല്‍കിയത്.
ALSO READ: ഇതിഹാസ ഗോള്‍കീപ്പര്‍ ബുഫണ്‍ ഇനി കളിക്കുക നെയ്മറിനൊപ്പം; ട്രാന്‍സ്ഫര്‍ പൂര്‍ത്തിയായി
11 മില്യണ്‍ മാത്രം ജനസംഖ്യയുള്ള ബെല്‍ജിയത്തിന്റെ ലോകകപ്പ് ടീമിലും ഈ വൈവിധ്യങ്ങള്‍ കാണാം. കോംഗോ, മൊറോക്കോ, മാലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ മക്കളുള്‍പ്പെട്ടതാണ് ബെല്‍ജിയം ടീം. ബെല്‍ജിയം മുന്നേറ്റത്തില്‍ നിര്‍ണായക ശക്തിയായ റൊമേലു ലുക്കാക്കു ആഫ്രിക്കന്‍ വംശജനായിരുന്നു.
“നന്നായി കളിക്കുമ്പോള്‍ അവര്‍ ബെല്‍ജിയന്‍ സ്ട്രൈക്കര്‍ ലുക്കാക്കുവെന്ന് വിളിക്കും. കളി അല്പം മോശമായാല്‍ കോഗോയില്‍ നിന്നും വന്ന ബെല്‍ജിയന്‍ സ്ട്രൈക്കറാകും.” എന്ന് ലുക്കാക്കു പറയുമ്പോള്‍ തന്നെ കുടിയേറ്റക്കാര്‍ അഭിമുഖീകരിക്കുന്ന വിവേചനം വ്യക്തമാണ്.
സ്വിറ്റ്സര്‍ലാന്റിലെ ഗോളാഘോഷങ്ങള്‍ വിവാദമായതിനു പിന്നാലെയാണ് ടീമിലെ കുടിയേറ്റക്കാരെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. സെര്‍ബിയയ്ക്കെതിരെ ഗോള്‍ നേടിയ ഷാക്കയും ഷാക്കിരിയും അല്‍ബേനിയന്‍ പതാകയിലുള്ള ചിഹ്നത്തെ സൂചിപ്പിക്കുന്ന രീതിയിലാണ് ആഘോഷിച്ചത്. കൈകള്‍ കോര്‍ത്തുവെച്ചുള്ള ഈ ആഘോഷം വലിയ ചര്‍ച്ചയായിരുന്നു. അല്‍ബേനിയന്‍ വംശജനാണ് ഷാക്ക. കൊസോവയില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കുടിയേറിയവരാണ് ഷാക്കിരിയും കുടുംബവും.
ആഫ്രിക്കന്‍ ടീമുകള്‍ നേരത്തെ പുറത്തായെങ്കിലും കുടിയേറ്റക്കാരായ താരങ്ങളിലൂടെ ആഫ്രിക്കന്‍ കരുത്ത് റഷ്യന്‍ ലോകകപ്പില്‍ തുടരുകയാണ്. കുടിയേറ്റക്കാര്‍ക്ക് പ്രാതിനിധ്യമുള്ള ഫൈനലിനായിരിക്കും ഇത്തവണ ലോകകപ്പ് സാക്ഷ്യം വഹിക്കുക എന്ന് ഇതിനോടകം ഉറപ്പായിക്കഴിഞ്ഞു.