ഗള്‍ഫ് രാഷ്ട്രങ്ങളുടെ വിവേചനത്തിനും കേന്ദ്ര തീരുമാനത്തിനുമിടയില്‍ പെട്ടുപോകുന്ന പ്രവാസികള്‍
Corona in UAE
ഗള്‍ഫ് രാഷ്ട്രങ്ങളുടെ വിവേചനത്തിനും കേന്ദ്ര തീരുമാനത്തിനുമിടയില്‍ പെട്ടുപോകുന്ന പ്രവാസികള്‍
ആര്‍.മുരളീധരന്‍
Friday, 17th April 2020, 6:19 pm

കൊറോണ വെറസിന്റെ (കോവിഡ് -19) സാമൂഹ്യവ്യാപനം ഗള്‍ഫിലെ ബഹുഭൂരിപക്ഷം വരുന്ന ചെറിയ വരുമാനക്കാരായ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ നരകതുല്യമാക്കിയിരിക്കുകയാണ്. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും ലേബര്‍ ക്യാമ്പുകളിലും രോഗബാധയുള്ളവരും, ഉണ്ടെന്ന് സംശയിക്കുന്നവരും ഒന്നിച്ചു കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സൗദി അറേബ്യയിലെ മിക്കവാറും എല്ലാ പ്രവിശ്യകളിലും ലോക്ഡൗണും കര്‍ഫ്യൂവും നിലവിലുള്ളതിനാല്‍ തൊഴിലാളികള്‍ക്ക് ജോലിയില്ല, ഭക്ഷണത്തിനുപോലും പലരും ബുദ്ധിമുട്ടുന്നുണ്ട്.

തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തീരെ കുറവായ സ്ഥലങ്ങളില്‍, ചെറിയ കുടുസ്സുമുറികളില്‍ എട്ടും പത്തും പേര്‍ അന്തിയുറങ്ങാന്‍ മാത്രം ഉപയോഗിക്കുന്ന ഇടങ്ങളില്‍ 24 മണിക്കൂറും കഴിയേണ്ടിവരുന്നു. വൈറസ് രോഗബാധ ഉള്ളവരും സംശയിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ചില പ്രോട്ടോക്കോളുകള്‍ പാലിച്ചാല്‍ മാത്രമേ അവര്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കുകയുള്ളു. എന്നാല്‍ അത്തരം പ്രോട്ടോകോളുകളെക്കുറിച്ച് ഈ തൊഴിലാളികള്‍ ബോധവാന്മാരല്ല.

ഇന്‍ഡ്യന്‍ എംബസ്സിയുടെ വെബ്സൈറ്റില്‍ ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോളിനെക്കുറിച്ച് പരാമര്‍ശങ്ങളില്ല. താഴേക്കിടയിലുള്ളവര്‍ക്ക് ഒരു തരത്തിലുമുള്ള ഉപദേശങ്ങളോ നിര്‍ദ്ദേശങ്ങളോ അവര്‍ക്ക് മനസ്സിലാവുന്ന പ്രാദേശിക ഭാഷകളില്‍ ലഭിക്കുന്നില്ല. എംബസ്സിയുടെ ഹെല്‍പ് ഡെസ്‌കുകളില്‍ നിന്നും തൃപ്തികരമായ ഉത്തരങ്ങള്‍ ലഭിക്കുന്നില്ല. ഇതെല്ലാം കൊണ്ടുതന്നെ തൊഴിലാളികള്‍ക്കിടയില്‍ അസംതൃപ്തി നീറിപ്പടരുകയാണ്. എങ്ങനെയെങ്കിലും നാടണയാനും മതിയായ ചികിത്സ തേടാനും ഉന്മത്തമായ രീതിയില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞുകൊണ്ടിരിക്കുകയാണ്.

സാംക്രമിക രോഗങ്ങള്‍ കൈകാര്യം ചെയ്തുള്ള പരിചയമില്ലായ്മയും പൊതുജനാരോഗ്യ സംവിധാനങ്ങളുടെ കുറവും വിദേശികള്‍ക്കുള്ള സൗജന്യ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍പ്പോലും ലഭ്യമല്ലാത്തതിന്നാലും ബഹുഭൂരിപക്ഷം സാധാരണക്കാരായ തൊഴിലാളികള്‍ക്കും ഗുരുതരരോഗം വന്നാല്‍ പോലും ചികിത്സ ലഭ്യമാകാത്ത അവസ്ഥയാണ്. തിരിച്ചറിയല്‍ രേഖ (ഇക്കാമ) പുതുക്കണമെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെങ്കിലും ഒരു ചികിത്സയും ലഭിക്കാനിടയില്ലാത്ത, തിരിച്ചറിയല്‍ രേഖ പുതുക്കാന്‍ വേണ്ടിമാത്രം കൊടുക്കുന്ന തട്ടിപ്പ് ഇന്‍ഷുറന്‍സ് പദ്ധതികളിലാണ് മിക്ക പ്രവാസികളും ചേര്‍ന്നിട്ടുള്ളത്.

കൊറോണവൈറസ് രോഗം സംശയിക്കുന്ന കുടിയേറ്റ തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാനും മതിയായ ചികിത്സ ഉറപ്പാക്കാനും നിലവില്‍ സൗദി അറേബ്യയില്‍ ഫലപ്രദമായ സംവിധാനങ്ങളുണ്ടെന്ന് പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും താഴെക്കിടയിലുള്ള തൊഴിലാളികള്‍ക്ക് അതെല്ലാം ഇപ്പോഴും അപ്രാപ്യമായി തുടരുകയാണ്. സൗദി ആരോഗ്യമന്ത്രാലയം പഞ്ചനക്ഷത്ര സൗകര്യങ്ങളോടുകൂടിയ കോവിഡ്-19 ക്വാറന്റൈന്‍ സെന്ററുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അവിടെ സ്വദേശിയെന്നോ വിദേശിയെന്നോയുള്ള വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുന്നുണ്ടെന്നുമുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ സൗദിയിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകര്‍ വ്യത്യസ്ഥമായ കാര്യങ്ങളാണ് പറയുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലോ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലോ തൊഴിലാളികള്‍ക്ക് നേരിട്ട് പോകാന്‍ കഴിയില്ല. രോഗം ഗുരുതരമാണെങ്കില്‍ പോലും ആംബുലന്‍സ് സംവിധാനങ്ങള്‍ നേരിട്ടുവിളിച്ചാല്‍ ലഭ്യമല്ല. സൗദി ആരോഗ്യ മന്ത്രാലയം വികസിപ്പിച്ചെടുത്ത ‘Mawid’ എന്ന സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ആംബുലന്‍സ് സൗകര്യങ്ങളോ ക്വാറന്റൈനോ ചികിത്സയോ ലഭിക്കുകയുള്ളു എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. എന്നാല്‍ ബഹുഭൂരിപക്ഷം തൊഴിലാളികള്‍ക്കും കമ്പ്യൂട്ടര്‍ സാക്ഷരത കുറവായതിനാല്‍ ആരും രജിസ്റ്റര്‍ ചെയ്യാന്‍ മെനക്കെടാറില്ല. മാത്രമല്ല രേഖകളൊന്നും ഇല്ലാത്തവരും കാലാവധി കഴിഞ്ഞ രേഖകള്‍ മാത്രമുള്ളവരും പിടിക്കപ്പെടുമെന്ന പേടി കാരണം ഇത്തരം സര്‍ക്കാര്‍ ആപ്ലിക്കേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യാറുമില്ല.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ക്കശമായ കൊറോണവൈറസ് പ്രതിരോധ നയങ്ങള്‍ കാരണം പ്രവാസി തൊഴിലാളികള്‍ക്ക് നാട്ടിലും വരാന്‍ കഴിയാത്ത അവസ്ഥയാണ്. വിദേശ എയര്‍ലൈനുകള്‍ അവരെ കൊണ്ടുവരാന്‍ തയ്യാറാണെങ്കിലും കൂട്ടത്തോടെ പ്രവാസികള്‍ വന്നാല്‍ അവരെ ക്വാറന്റൈന്‍ ചെയ്യാന്‍ മതിയായ സൗകര്യങ്ങള്‍ സംസ്ഥാനങ്ങളില്‍ ഇല്ലന്നുപറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നത്.

നിരവധി പ്രവാസി സംഘടനകള്‍ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും റിട്ട് ഹര്‍ജികള്‍ കൊടുത്തിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഒരു ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാധ്യത തീരെ വിരളമാണ്. സ്വന്തം നിലയില്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യാമെന്നും ക്വാറന്റൈന്‍ സംവിധാനങ്ങള്‍ സ്വന്തം ചെലവില്‍ ഉണ്ടാക്കാമെന്നുമുള്ള ഉറപ്പുകള്‍ സൗദി അറേബിയയിലെ ചില പ്രവാസി സംഘടനകള്‍ കേരളസര്‍ക്കാറിന് കൊടുത്തെങ്കില്‍ പോലും അതൊന്നും സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല. എങ്കിലും ആശ കൈവിടാതെ വ്യക്തമായ പ്രൊപ്പോസലുകള്‍ മുന്നോട്ടുവച്ചുകൊണ്ട് കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് ചില പ്രവാസി സംഘടനകള്‍.

ഏതാനും ദിവസം മുമ്പ് വന്ന നേപ്പാള്‍ സുപ്രീം കോടതിവിധി ഈ അവസരത്തില്‍ ശങ്കിച്ചുനില്‍ക്കുന്ന ഇന്‍ഡ്യന്‍ കോടതികള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ്. വിദേശങ്ങളിലെ നേപ്പാള്‍ പൗരന്മാരെ അടിയന്തിരമായി നാട്ടില്‍ കൊണ്ടുവരാനുള്ള നടപടികള്‍ എടുക്കണമെന്നും അതിന് എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയാണെങ്കില്‍ അവര്‍ക്ക് ശരിയായ താമസവും ഭക്ഷണവും നല്‍കണമെന്നുമാണ് ആ വിധിന്യായം.

കേരളത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനും പൊതുജനാരോഗ്യ – പൊതുവിദ്യാഭ്യാസ രംഗങ്ങളിലെ കേരളവികസന മാതൃകകള്‍ക്കും മികച്ച സംഭാവന നല്‍കിക്കൊണ്ടിരിക്കുന്ന പ്രവാസികളെ വിദൂരത്തിരുന്നുകൊണ്ടാണെങ്കിലും സഹായിക്കാന്‍ കേരളസര്‍ക്കാര്‍ ചില ഉപാധികളൊക്കെ മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഫലപ്രാപ്തിയിലെത്താനുള്ള സാധ്യത കുറവാണ്. കാരണം വിദേശങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും സര്‍ക്കാര്‍ സഹായം എത്തിക്കണമെങ്കില്‍ അത് ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങള്‍ വഴി മാത്രമേ കഴിയുകയുള്ളു. മലയാളികള്‍ക്ക് മാത്രമായി ഒരു സഹായവും എംബസിയോ കോണ്‍സുലേറ്റോ ചെയ്യുകയില്ല.

ചെകുത്താനും കടലിനും ഇടയിലകപ്പെട്ടിരിക്കുന്ന പ്രവാസികള്‍ നിലവിലുള്ള സാഹചര്യത്തില്‍ അതിജീവനത്തിനുള്ള ബദല്‍ മാര്‍ഗ്ഗങ്ങളാണ് ഇനി തേടേണ്ടത്. ഇവിടെ 2013-ലെ പൊതുമാപ്പിന്റെ കാലത്ത് സൗദി എംബസിയും ജിദ്ദ കോണ്‍സുലേറ്റും കൈക്കൊണ്ട നടപടികള്‍ നമുക്ക് മാതൃകയാവേണ്ടതാണ്. തിരിച്ചറിയല്‍ രേഖകള്‍ നിശ്ചിത കാലാവധിക്കുള്ളില്‍ ശരിയാക്കാന്‍ കഴിയാത്തവര്‍ രാജ്യം വിടണമെന്ന നിബന്ധന സൗദി അധികാരികള്‍ മുന്നോട്ടു വച്ചപ്പോള്‍ രേഖകള്‍ ശരിയാക്കാന്‍ റിയാദിലും ജിദ്ദയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികള്‍ തടിച്ചുകൂടിയിരുന്നു. അവര്‍ക്ക് എംബസ്സി ചെലവില്‍ ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിരുന്നു. സ്ഥാനപതികാര്യാലയങ്ങളിലെ ക്ഷേമനിധികളില്‍ നിന്നുമാണ് അന്ന് അധികൃതര്‍ ഭക്ഷണത്തിനും ചികിത്സക്കും താമസത്തിനുമുള്ള ചെലവ് കണ്ടെത്തിയത്.

ഇപ്പോഴും അധികൃതര്‍ക്ക് അത്തരം മാര്‍ഗ്ഗങ്ങള്‍ ആരായാമെങ്കിലും അതൊന്നും ചെയ്യാനുള്ള മനസ്സ് അവര്‍ കാണിക്കുന്നില്ല. പ്രവാസികളില്‍ നിന്നും ഓരോ സര്‍വീസിനും ഈടാക്കുന്ന അധിക വരുമാനമാണ് എംബസ്സി ക്ഷേമനിധി അഥവാ Indian Community Welfare Fund (ICWF)ന്റെ സ്രോതസ്സ്. കോടിക്കണക്കിന് രൂപയാണ് റിയാദിലെ ഇന്‍ഡ്യന്‍ എംബസിയിലും ജിദ്ദയിലെ കോണ്‌സുലേറ്റിലും ഉള്ളത്. ഇതിന്റെ ഒരു ചെറിയ വിഹിതം എടുത്താല്‍ പോലും സൗദി അറേബ്യയില്‍ കഷ്ടപ്പെടുന്ന പ്രവാസികളെ മാസങ്ങളോളം സംരക്ഷിക്കാനാവും. നിര്‍ഭാഗ്യവശാല്‍ എംബസിയുടെ ഭാഗത്തുനിന്നും സ്വമേധയാ അതുണ്ടാവുന്നില്ല. കേന്ദ്രസര്‍ക്കാര്‍ എംബസിയോട് ആവശ്യപ്പെടുകയോ അതിനുവേണ്ടി കേരളസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയോ നാളിതുവരെ ചെയ്തിട്ടില്ല.

ആര്‍.മുരളീധരന്‍
ദീര്‍ഘകാലം പ്രവാസി, ഇപ്പോള്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു