|

ജോലിയിലുള്ള തുല്യത കൂലിയിലില്ല; ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇടനിലക്കാരുടെ നിര്‍ബന്ധിത തൊഴില്‍ചൂഷണം

നിമിഷ ടോം

‘അന്യ സംസ്ഥാനത്തൊഴിലാളികളുടെ ചൂഷണത്തിനെതിരെ ഈ നാട്ടിലെ ജനങ്ങളും കോണ്‍ട്രാക്ടര്‍ അസോസിയേഷനും ഒരുമിച്ചെടുത്ത തീരുമാനപ്രകാരം താഴെ പറയുന്ന നിരക്കില്‍ ആളുകളെ വിളിക്കണമെന്ന് അപേക്ഷിക്കുന്നു,
മേസണ്‍ 750-800 രൂപ
സഹായി 600-650 രൂപ
മേല്‍പ്പറഞ്ഞ കൂലിയില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നവര്‍ മാത്രം ഇവിടെ നില്‍കുക’.

പെരുമ്പാവൂര്‍-മൂവാറ്റുപുഴ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററാണിത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കൂലി സ്വയം നിശ്ചയിച്ചുകൊണ്ട് കോണ്‍ട്രാക്ടര്‍മാരുടെ അസോസിയേഷന്‍ എന്ന പേരില്‍ പുറത്തിറക്കുന്ന പോസറ്ററാണിത്. ലക്ഷ്യമിടുന്നത് ദിവസക്കൂലിക്ക് ജോലിക്ക് പോകുന്ന, ഒഡീഷയില്‍നിന്നും രാജസ്ഥാനില്‍നിന്നും ബീഹാറില്‍ നിന്നും മറ്റും കേരളത്തിലേക്കെത്തിയ തൊഴിലാളികളെയും.

മലയാളികള്‍ക്ക് ഇതേ ജോലിക്ക് 1,000 മുതലാണ് വേതനം. ഇത് നിലനില്‍ക്കെയാണ് ചെയ്യുന്ന ജോലിക്ക് ഇതരസംസ്ഥാനത്തൊഴിലാളിളോട് മലയാളികളുടെ വിവേചനം. ഈ പരിഷ്‌കരിച്ച വേതന സംവിധാനത്തെക്കുറിച്ച് തൊഴിലാളികളോടോ പ്രതിനിധികളോടോ ചര്‍ച്ച ചെയ്തിട്ടുപോലുമില്ല. ഇടനിലക്കാര്‍ പറയുന്ന കൂലിയില്‍ ജോലി ചെയ്യാന്‍ തയ്യാറാല്ലാത്ത തൊഴിലാളികള്‍ തൊഴില്‍കാത്ത് നില്‍ക്കേണ്ടതില്ല എന്ന ഭീഷണിയും പോസ്റ്ററിലുണ്ട്.

പെരുമ്പാവൂരില്‍ കൂലി കുറവ് ചോദ്യം ചെയ്ത തൊഴിലാളികളെ ഇടനിലക്കാര്‍ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. ഭയം കാരണം മര്‍ദ്ദന വിവരം പലരും പുറത്തുപറയുന്നുമില്ല. മര്‍ദ്ദനത്തെക്കുറിച്ച് പരാതിപ്പെട്ടാല്‍ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയാണിവര്‍ക്ക്.

തുല്യ ജോലിക്ക് തുല്യവേതനം എന്ന അടിസ്ഥാന ധാരണകളെപ്പോലും വെല്ലുവിളിച്ചു കൊണ്ടാണ് ഈയൊരു പ്രചരണം നടക്കുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ജോര്‍ജ് പറയുന്നു. ‘ പ്രാകൃതമായ കങ്കാണി സ്വഭാവമാണ് ഇതര സംസ്ഥാനത്തൊഴിലാളികളോട് ഇടനിലക്കാന്‍ എടുക്കുന്നത്. ഇടനിലക്കാര്‍ പറയുന്ന തുകയ്ക്ക് ജോലി ചെയ്യേണ്ടിവരുന്ന ഒരുതരം അടിമ-ഉടമ വ്യവസ്ഥയാണിത്. വലിയ തുക കമ്മീഷനായി വാങ്ങിയാണ് ഇവിടെ ഇടനിലക്കാര്‍ ഇത്തരം തൊഴില്‍ ചൂഷണം നടത്തുന്നത്. വേതന വിഷയത്തില്‍ സമന്വയമായ മാനദണ്ഡം വേണം. ഇത് തൊഴില്‍ വകുപ്പുമായി ചര്‍ച്ച നടത്തി നടപ്പിലാക്കുകയും വേണം. ഒരേ തൊഴില്‍ ചെയ്യുന്ന മലയാളിക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും തുല്യമായ വേതനം ലഭിക്കണം. മറ്റൊരുതരത്തിലുള്ള അനീതിയും അംഗീകരിക്കാന്‍ കഴിയില്ല. വിഷയത്തില്‍ അടിയന്തിര പരിഹാരം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് തൊഴില്‍മന്ത്രിയുടെ ഓഫീസിനെയും ജില്ലാ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെയും സമീപിച്ചിട്ടുണ്ട്’, ജോര്‍ജ് പറയുന്നു. ഇത്തരം പോസ്റ്ററുകള്‍ അനധികൃതമാണെന്ന് തൊഴില്‍ മന്ത്രാലയവും പ്രതികരിച്ചു.

തൊഴില്‍നിയമമനുസരിച്ച് കോണ്‍ട്രാക്ട് ചെയ്യുന്ന കമ്പനിയുടെ വിവരങ്ങള്‍ തൊഴില്‍ വകുപ്പിനെ അറിയിച്ച് തൊഴില്‍വകുപ്പിന്റെ അംഗീകാരത്തോടെ മാത്രമേ കോണ്‍ട്രാക്ട് ജോലി ചെയ്യാന്‍ സാധിക്കൂ. എന്നാല്‍, ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും കമ്പനിക്കും ഇടയില്‍നില്‍ക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍രൊന്നുംതന്നെ നിയമപരമായ അംഗീകാരമുള്ളവരല്ല. ഇത് നിലനില്‍ക്കെയാണ് ഇവര്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ പുതിയ വേതന നിയമമുണ്ടാക്കി പ്രചരിപ്പിക്കുന്നത്.

വിഷയത്തില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ കെ.സഹദേവന്റെ പ്രതികരണമിങ്ങനെ, ‘ഏറ്റവും കൂടുതല്‍ തൊഴിലാളികളെ ഇതര രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും കയറ്റി അയക്കുന്ന കേരളത്തിലാണ് ഈ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്! കൂലിക്കൂടുതലിന് വേണ്ടി ഏറ്റവും കൂടുതല്‍ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുള്ള ഒരു സംസ്ഥാനത്ത്! ‘ തുല്യ ജോലിക്ക് തുല്യവേതനം ‘ എന്ന അടിസ്ഥാന ധാരണകളെപ്പോലും വെല്ലുവിളിച്ചു കൊണ്ടാണ് ഈയൊരു പ്രചരണം നടക്കുന്നത്. കേരളത്തിലെ ട്രേഡ് യൂണിയന്‍ സംഘടനകള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചേ മതിയാകൂ. തൊഴിലാളികളുമായി യാതൊരു ചര്‍ച്ചയും നടത്താതെ അവരുടെ അധ്വാനത്തിനുള്ള കൂലി ഇതാണെന്ന് നിശ്ചയിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്? എത്ര തന്നെ മികവുറ്റ ജോലിക്കാരനായാലും മാസത്തില്‍ 20 ദിവസത്തില്‍ കൂടുതല്‍ ജോലി ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ജീവിതച്ചെലവുകള്‍ അത്രയേറെ ഉയര്‍ന്ന കേരളത്തില്‍ മേല്‍പ്പറഞ്ഞ കൂലിക്ക് തൊഴിലെടുക്കേണ്ടി വരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കേരളത്തില്‍ ഏറ്റവുമധികം ചൂഷണവിധേയമാക്കപ്പെടുന്ന തൊഴിലാളി വിഭാഗമാണ് ഇതര സംസ്ഥാന തൊഴിലാളികള്‍. കോണ്‍ട്രാക്ടര്‍മാര്‍ തൊട്ട് തൊഴിലുടമകള്‍, വാടകയുടമസ്ഥന്മാര്‍ വരെയുള്ള വിവിധ ആളുകളുടെ നിത്യേനയുള്ള ചൂഷണത്തിന് വിധേയമാക്കപ്പെടുന്ന ഈ ജനങ്ങള്‍ക്കെതിരെയാണ് ഇത്തരമൊരു പോസ്റ്റര്‍ പ്രചരണം ആരംഭിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടാല്‍ ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് മലയാളി തൊഴിലാളികള്‍ തന്നെയായിരിക്കും എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു’.

കമ്പനികള്‍ തൊഴിലാളികളെ ലഭിക്കാനായി ഇടനിലക്കാരെയാണ് വ്യാപകമായി സമീപിക്കുന്നത്. ഇതര സംസ്ഥാനത്തൊഴിലാളികള്‍ പ്രതിസ്ഥാനത്തുവരുന്ന കേസുകളിലും മറ്റും തൊഴിലാളി ഏതു കമ്പനിയിലാണ് ജോലി ചെയ്തിരുന്നതെന്ന് അന്വേഷണം വരും. തൊഴിലാളിയെ ജോലിക്കെടുത്തത് രേഖകള്‍ എല്ലാം പരിശോധിച്ചാണോ എന്ന അന്വേഷണവും. നിയമപ്രകാരമല്ല തൊഴിലാളിയെ ജോലിക്കെടുത്തതെങ്കില്‍ സ്ഥാപനം കുറ്റക്കാരാണ്. ഇത്തരം ഉത്തരവാദിത്വങ്ങളില്‍നിന്നും രക്ഷപ്പെടാനാണിത്. അതുകൊണ്ടുതന്നെ, ഇടനിലക്കാരെ മറികടന്ന് ജോലിക്ക് പോകാന്‍ തൊഴിലാളികള്‍ക്കും കഴിയുന്നില്ല.

മലയാളികള്‍ ചെയ്യുന്ന അതേ ജോലി ചെയ്യുന്നവരാണെങ്കിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തുല്യകൂലി ലഭിക്കുന്നില്ല പ്രശ്‌നം കാലങ്ങളായി ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അതിന് പരിഹാരമൊന്നുമായിട്ടില്ല. മാസങ്ങള്‍ക്കുമുമ്പ് കോഴിക്കോട് ജില്ലയില്‍ കുറഞ്ഞ വേതനത്തില്‍ ജൊലിചെയ്തതിന്റെ പേരില്‍ മലയാളി തൊഴിലാളികള്‍ ബംഗാളില്‍നിന്നെത്തിയ തൊഴിലാളികളെ മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനമടക്കമുള്ള വിഷയങ്ങള്‍ രേഖപ്പെടുത്തി പൊലീസിന് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍.

നിമിഷ ടോം

Latest Stories