കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം സമരമുൾപ്പെടെ നടത്തി നാട്ടിലേക്ക് മടങ്ങിപ്പോയ അതിഥി തൊഴിലാളികളിൽ പലരും കേരളത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിൽ. ക്വാറന്റൈൻ കാലയളവിൽ ലഭിച്ച സൗകര്യങ്ങളുടെ അഭാവമാണ് പലരെയും കേരളത്തിലേക്ക് തന്നെ മടങ്ങിയാലോ എന്ന ആലോചനയിൽ എത്തിച്ചത്.
കേരളത്തിൽ നിന്ന് ബീഹാറിലേക്ക് പോയ തൊഴിലാളികളാണ് കൂടുതലും മടങ്ങി വരാൻ ശ്രമിക്കുന്നത്. തിരികെ വരാനുള്ള പാസിനായി വിവിധ ജില്ലകളിലേക്ക് നൂറിൽപരം അപേക്ഷകൾ മടങ്ങിപ്പോയ അതിഥി തൊഴിലാളികളിൽ നിന്ന് തന്നെ ലഭിച്ചുവെന്ന് കണക്കുകൾ പറയുന്നു.
നാട്ടിലേക്ക് മടങ്ങിയ പലർക്കും കിടക്കാൻ കട്ടിൽ പോലും ഇല്ലാത്ത സ്ഥിതിയാണെന്ന് ബീഹാറിലേക്ക് മടങ്ങിയ തൊഴിലാളി ചമൻ പറഞ്ഞുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ക്വാറന്റൈൻ സെന്ററിൽ നിലത്ത് കള്ളി വരച്ച് അവിടെ കിടക്കാനാണ് ആവശ്യപ്പെട്ടത്. ഭക്ഷണം പോലും കൃത്യസമയത്ത് ലഭിക്കുന്നില്ല.
ക്വാറന്റൈൻ കഴിഞ്ഞാൽ ജോലി പോലും ഇല്ലാതെ ഇനിയുള്ള ദിവസങ്ങളിൽ എങ്ങിനെ ജീവിക്കുമെന്ന ആശങ്കയും ഇവരെ അലട്ടുന്നുണ്ട്. അതേ സമയം കേരളത്തിൽ തങ്ങൾക്ക് ഭക്ഷണം, കൃത്യമായ വൈദ്യ പരിശോധന, താമസിക്കാൻ സൗകര്യം തുടങ്ങി എല്ലാം ലഭിച്ചുവെന്ന് തൊഴിലാളികൾ പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക