| Saturday, 7th December 2019, 5:27 pm

ഇതര സംസ്ഥാന തൊഴിലാളികളെ ബംഗാളികളും തുടര്‍ന്ന് ബംഗ്ലാദേശികളും ആക്കുന്നതിലെ സംഘപരിവാര്‍ രാഷ്ട്രീയം

ശ്രീനാഥ് നെന്മണിക്കര

പെരുമ്പാവൂരില്‍ മുഴുവന്‍ ബംഗ്ലാദേശികള്‍ ആണെന്നും അവരെ പുറത്താക്കണമെന്നും പറഞ്ഞു സംഘപരിവാര്‍ പടച്ചുവിട്ട പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ കൊഴുക്കുന്നുണ്ട്. പലരും അതിന്റെ രാഷ്ട്രീയം അറിയാതെ അത് പ്രചരിപ്പിക്കുന്നു.

ഏകദേശം 30 ലക്ഷത്തില്‍ അധികം ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നു. ഗുജറാത്ത്, ഒറീസ്സ, ബീഹാര്‍, ജാര്‍ഖണ്ഡ്, ചത്തീസ്ഘട്ട്, പഞ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും മലയാളി ഏജന്റ് മുഖേനയും അല്ലാതെയും വര്‍ഷങ്ങളായി കേരളത്തില്‍ പലയിടങ്ങളിലും അവര്‍ പണിയെടുക്കുന്നു.

വ്യത്യസ്ത ഭാഷയും സംസ്‌കാരവും ഉള്ള ഇവരെ എല്ലാം ബംഗാളികളും തുടര്‍ന്ന് ബംഗ്ലാദേശികളും അങ്ങനെ മുസ്‌ലിങ്ങളും ആക്കുന്നതിലെ സംഘപരിവാര്‍ രാഷ്ട്രീയം തിരിച്ചറിഞ്ഞേ മതിയാകൂ.

നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ ‘അതിഥി തൊഴിലാളികള്‍’ എന്ന് അവരെ വിശേഷണം ചെയ്ത് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതര സംസ്ഥാന (അതിഥി) തൊഴിലാളികളെ ആവാസ് അഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിനുള്ള പദ്ധതിയും ഗവണ്‍മെന്റ് ആവിഷ്‌കരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ തന്നെ പണിയെടുക്കാന്‍ വന്ന ഇന്ത്യക്കാരാണവര്‍. നമ്മള്‍ കേരളീയര്‍ ഏതാണ്ട് ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തിലും ജോലി ചെയ്യുന്നു… ഏതാണ്ട് എല്ലാ രാജ്യങ്ങളിലും…

ഏകദേശം ഏഴില്‍ ഒന്ന് മലയാളികള്‍ വിദേശത്താണ് ജോലി ചെയ്യുന്നത്! ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ ചെയ്യുന്ന സാമ്പത്തിക ക്രിമിനല്‍ കുറ്റങ്ങള്‍ വെച്ച് അവര്‍ നമ്മളെ അടിച്ച് ഓടിക്കാന്‍ ശ്രമിച്ചാല്‍? അതുമല്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങള്‍ പ്രാദേശിക വികാരം ആളി കത്തിച്ചു മലയാളികളെ ഒറ്റപെടുത്തിയാല്‍ എങ്ങനെയിരിക്കും?.

ഇതര സംസ്ഥാന തൊഴിലാളികളെ മലയാളികളില്‍ ഭൂരിഭാഗവും രണ്ടാം തരം മനുഷ്യരും പൗരന്മാരുമായാണ് കാണുന്നത്. ഇതിന് ഒരു പരിധിവരെ കാരണം കേരള സമൂഹത്തില്‍ മേല്‍ക്കോയ്മ നേടിയ സവര്‍ണ മനോഭാവമാണ്. ഇതര സംസ്ഥാന തൊഴിലാളികളികളില്‍ ഭൂരിഭാഗം പേരും പാവപ്പെട്ട ദളിതരും മുസ്‌ലിങ്ങളും ആണെന്നുള്ളത് ഈ സാമൂഹ്യ വിവേചനത്തിന് ഇടമൊരുക്കുന്നുമുണ്ട്.

കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ വളരെ ശോചനീയമായ തൊഴില്‍ സാഹചര്യങ്ങളിലാണ് പലയിടങ്ങളിലും ജോലി ചെയ്യുന്നതും, താമസിക്കുന്നതും. അഞ്ചുപേര് താമസിക്കേണ്ട ഇടങ്ങളില്‍ 50 പേര്‍ താമസിച്ചും ആവശ്യത്തിന് ശുചിമുറി സ്വകാര്യമില്ലാതെ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇവര്‍ ജീവിക്കുന്നു.

കേരളത്തില്‍ എവിടെ ജോലി ചെയ്താലും കിട്ടേണ്ട യാതൊരു തൊഴില്‍ സാഹചര്യമോ, വേതന ആനുകൂല്യങ്ങളോ ഇവര്‍ക്കു ലഭിക്കുന്നില്ല. രാഷ്ട്രീയ-സാമൂഹിക-തൊഴില്‍ സംഘടനകള്‍ ഒന്നും ഇതില്‍ ഇടപെടുന്നുമില്ല. എല്ലാ അനുകൂല്യങ്ങളുമായി ജോലി ചെയ്യുന്ന രജിസ്റ്റര്‍ ചെയ്ത മലയാളി തൊഴിലാളികള്‍ക്കു വേണ്ടി അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്ന തൊഴിലാളി സംഘടനകള്‍ ഇവരെ പറ്റി ഓര്‍ക്കാറില്ല. കേരളത്തിലെ മിക്ക കായിക തൊഴില്‍ ഇടങ്ങളിലും ഭൂരിപക്ഷം ജോലി ചെയ്യുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണ്.

ജോലിക്കാര്‍ കൂടുതല്‍ ആവശ്യമുള്ളപ്പോള്‍ അവരുടെ ലഭ്യത കുറഞ്ഞാല്‍ വേതനം കൂടും എന്നത് സാമ്പത്തികശാസ്ത്രത്തിന്റെ ബാലപാഠമാണ്. അങ്ങനെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ദിവസവേതനം കിട്ടുന്ന സംസ്ഥാനമായി നമ്മുടേത്.

ദിവസക്കൂലിക്കു പണി എടുക്കാന്‍ തയ്യാറുള്ള ആളുകളുടെ എണ്ണം, എന്നിട്ടും വല്ലാതെ കുറഞ്ഞു. ഇത് സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും പൊതുവെ കാണുന്ന മാറ്റമാണ്. രണ്ടും തമ്മിലുള്ള പ്രകടമായ ഒരു വ്യത്യാസം നമ്മള്‍ കാണാതിരിക്കരുത്.

മറ്റു രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച അവിടെയുള്ള വ്യവസായ-സര്‍വീസ് വളര്‍ച്ച കാരണമാണ്. മറിച്ച് കേരളത്തില്‍? ഇവിടെ കൃഷി വലിയതോതില്‍ ഇല്ല, വലിയ വ്യവസായങ്ങള്‍ ഇല്ല. പിന്നെ? പ്രാദേശികമായ പ്രകൃതി സമ്പത്ത് എന്നെന്നേക്കുമായി വിറ്റു കിട്ടുന്നതോ റിയല്‍ എസ്റ്റേറ്റ് വിനിമയങ്ങളിലൂടെ ഉള്ള വരുമാനമോ ഗള്‍ഫ് മണിയോ ഒക്കെയായിരിക്കും ഇവ.

ഇതില്‍ ആദ്യത്തേത് രണ്ടും സുസ്ഥിര വരുമാന മാര്‍ഗ്ഗമല്ല. എന്ന് പറഞ്ഞാല്‍ വണ്‍ ടൈം വരുമാനം മാത്രമാണ്. ഭാവിയില്‍ നമ്മുടെ തൊഴിലും , ജീവിതവും ഇല്ലാതാക്കുന്ന, വരും നാളുകളില്‍ പ്രാദേശികമായി പൂജ്യം ഉല്പാദന ക്ഷമതയോ അല്ലെങ്കില്‍ ജി.ഡി.പിയോ ആയി മാറാവുന്ന ഒന്നാണിത്. (പൊന്മുട്ടയിടുന്ന താറാവിനെ കൊന്നു കിട്ടുന്ന കാശ് ).

ഗ്രാമ പ്രദേശത്തു ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഓട്-ടൈല്‍സ് കമ്പനികളില്‍ ജോലി ചെയ്യുന്ന ഒരു പ്രദേശമാണ് നെന്മണിക്കര പഞ്ചായത്ത്. സംഘടനാ തീരുമാനത്തിന്റെ ഭാഗമായി ഇവരെ പറ്റിയുള്ള പഠനം നടത്തിയിരുന്നു.

70 ശതമാനം ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ് മിക്കവാറും കമ്പനികളില്‍ ജോലി ചെയ്യുന്നത്. അതും തുച്ഛമായ വേതനത്തിന്. ഇവര്‍ക്കു പി.എഫ് തുടങ്ങി അംഗീകൃത തൊഴിലാളികള്‍ക്കുള്ള യാതൊരു ആനുകൂല്യങ്ങളും ഇല്ല. ഇവര്‍ ഒരു കമ്പനിയില്‍ തന്നെ ഉറച്ചു നില്‍ക്കാറില്ല.

മിക്കവാറും ഓട് കമ്പനികളില്‍ അച്ചില്‍ നിന്ന് വെയിലത്തും മറ്റും വെച്ച് തുടക്കത്തില്‍ ഉണക്കേണ്ട ടൈല്‍സ് നേരെ അച്ചില്‍ നിന്ന് സ്റ്റാന്റുകളില്‍ പുകയിടുന്നു (എന്ന് വെച്ചാല്‍ സ്റ്റാന്റുകള്‍ക്ക് ഇടയില്‍ താഴെ അറക്കപ്പൊടി നിരത്തി കത്തിച്ചു പുകക്കും). സാധാരണ ഒരു മനുഷ്യന് ഒരു മിനിറ്റില്‍ കൂടുതല്‍ കണ്ണ് നീറി അവിടെ നില്ക്കാന്‍ സാധിക്കില്ല. ഇവിടെയാണ് ഈ തൊഴിലാളികള്‍ രാവിലെ മുതല്‍ വൈകീട്ടുവരെ ജോലി ചെയ്യുന്നത്.

ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. ഓട് കമ്പനി മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ ശ്വാസകോശ രോഗങ്ങള്‍ വരുന്നവരുടെ എണ്ണം വളരെ വലുതാണ്.

ഇതര സംസ്ഥാന തൊഴിലാളികള്‍ പലരും തങ്ങളുടെ കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുകള്‍ പോലും എടുക്കാറില്ല. കുറച്ചു വര്‍ഷം മുന്‍പ് തൃശ്ശൂരിലെ ചില പഞ്ചായത്തുകളില്‍ വാക്‌സിനേഷനിലൂടെ ഇല്ലാതാക്കിയ രോഗങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പ്രാദേശിക ആരോഗ്യ സംവിധാനത്തിന് തന്നെ വെല്ലുവിളിയാണ്.

ആരോഗ്യ വകുപ്പ്, തൊഴില്‍ വകുപ്പ്, പഞ്ചായത്ത് തുടങ്ങിയ ഓഫീസുകളില്‍ ഇതിനെക്കുറിച്ച് വിവരാകാശവും പരാതികളും ഞങ്ങള്‍ നല്‍കിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ പ്രാദേശിക പൊതു വിദ്യാലയങ്ങളില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.

ഇന്ത്യ കാലങ്ങളായി തുടരുന്ന ബഹുസ്വരതയും, നാനാത്വത്തില്‍ ഏകത്വം എന്ന പ്രപഞ്ച വ്യവസ്ഥയുടെ പിന്‍തുടര്‍ച്ചയും ഉള്‍കൊണ്ടാല്‍ ഇവരെ സമൂഹത്തിന്റെ മുന്‍പന്തിയില്‍ കൊണ്ടുവരാനുള്ള ഉത്തരവാദിത്വവും എല്ലാ ജനാധിപത്യ സംഘടകള്‍ക്കുമുണ്ട്. അതുകൊണ്ടു വിദ്യാഭ്യാസപരമായി പിന്നില്‍ നില്‍ക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ വിദ്യാഭ്യാസത്തിലേക്കും തുടര്‍ന്ന് രാഷ്ട്രീയ പ്രബുദ്ധതയിലേക്കും ഉയര്‍ത്താനുള്ള അവസരമായി വേണം നമ്മള്‍ ഇതിനെ കരുതാന്‍.

നോക്കൂ ഇന്ത്യയില്‍ എവിടെ വേണമെങ്കിലും ജോലി ചെയ്യാനും തുല്യ അവകാശത്തിനും നമ്മള്‍ അര്‍ഹമാണ്. അതിനുള്ള ഐതിഹാസിക തൊഴിലാളി സമരങ്ങള്‍ നടന്ന ചരിത്രമുള്ള തൊഴില്‍ മേഖലയാണിത്.

കഴിഞ്ഞ ഓണകാലത്ത് ഈ ഓട്-ടൈല്‍സ് കമ്പനികളില്‍ ജോലി ചെയ്യുന്ന 70 ശതമാനത്തിലേറെ ഇതര സംസ്ഥാന തൊഴിലാളികളെ അവഗണിച്ച്, കേവലം 20 ശതമാനത്തില്‍ താഴെ വരുന്ന തൊഴിലാളികള്‍ മാത്രം ഓണം ബോണസ്സ് നേടിയെടുത്തു എന്ന് പറഞ്ഞു തൊഴിലാളി സംഘടനാ നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളിലും പത്രങ്ങളിലും പ്രസ്താവന ഇറക്കിയിരുന്നു. ചതിയാണവര്‍ ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നമ്മുടെ നാട്ടിലെ നിര്‍മാണം, വ്യവസായം, കൃഷി തുടങ്ങി പല മേഖലകളിലും കുറഞ്ഞ വേതനത്തിലും അനുകൂല്യങ്ങളില്ലാതെയും അസംഘടിതമായി തൊഴില്‍ ചെയ്യുന്നവരാണ് ഇവര്‍. സ്വന്തം രാജ്യത്ത് ജോലി ചെയ്യുന്നവരെ മതം നോക്കി മറ്റ് ദേശക്കാരാക്കി കാണുകയല്ല വേണ്ടത്.

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള തീരുമാത്തിലാണ് കേന്ദ്രം. അപ്പോള്‍ ഈ വിഷയത്തിന്റെ ഗൗരവം കൂടുകയാണെന്ന് മനസിലാക്കണം.

ക്രിമിനലുകള്‍ എല്ലാ സംസ്ഥാനത്തുമുണ്ട്. നേരത്തെ പറഞ്ഞതു പോലെ എത്ര മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ നടത്തി ജയിലിലാവുന്നു. നമ്മുടെ അധികാര-നിയമ സംവിധാനം ക്രിയാത്മകമായി പ്രവര്‍ത്തിക്കാതെ, ബംഗ്ലാദേശികള്‍ എന്ന് വിളിച്ചു ഇവരെ ഒറ്റപെടുത്തുന്നത് സംഘപരിവാര്‍ അജണ്ടയുടെ കൂടെ ഭാഗമാണ്.

കേരളത്തിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളില്‍ പുതിയ കുടിയേറ്റങ്ങള്‍ കാരണം മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്രീനാഥ് നെന്മണിക്കര

We use cookies to give you the best possible experience. Learn more