വയനാട്ടില്‍ സായുധസംഘം ബന്ദിയാക്കിയ ഇതരസംസ്ഥാന തൊഴിലാളികള്‍ മോചിതരായി; സംഘത്തിനായി തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ തുടരുന്നു
Kerala News
വയനാട്ടില്‍ സായുധസംഘം ബന്ദിയാക്കിയ ഇതരസംസ്ഥാന തൊഴിലാളികള്‍ മോചിതരായി; സംഘത്തിനായി തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st July 2018, 7:24 am

മേപ്പാടി: വയനാട്ടിലെ എമറാള്‍ഡ് എസ്‌റ്റേറ്റില്‍ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ മൂന്ന് തൊഴിലാളികളില്‍ മൂന്നാമത്തെയാളും മോചിതനായതായി റിപ്പോര്‍ട്ടുകള്‍. മൂന്ന് പുരുഷന്‍മാരും സ്ത്രീയും അടങ്ങുന്ന സംഘമാണ് തൊഴിലാളികളെ തടഞ്ഞുവെച്ചത്.

അതേസമയം മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് വനത്തില്‍ തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിസം രാത്രിയാണ് വയനാട്ടില്‍ ഇതരസംസ്ഥാനത്തൊഴിലാളികളെ ആയുധധാരികള്‍ ബന്ദികളാക്കിയത്. മേപ്പാടിയിലെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന രണ്ടു തൊഴിലാളികളാണ് ആയുധധാരികളുടെ പിടിയിലായത്. കള്ളാടി തൊള്ളായിരം എമറാള്‍ഡ് എസ്റ്റേറ്റിലെ തൊഴിലാളികളെയാണ് ബന്ദികളാക്കി തടഞ്ഞുവെച്ചിരുന്നത്.


ALSO: വയനാട്ടില്‍ ഇതരസംസ്ഥാനത്തൊഴിലാളികളെ സായുധസംഘം ബന്ദികളാക്കിയതായി റിപ്പോര്‍ട്ടുകള്‍


പിടിയിലായ നാലു തൊഴിലാളികളില്‍ രണ്ടു പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ എസ്റ്റേറ്റ് അധികൃതരെ ഫോണില്‍ വിവരമറിയിച്ചതോടെയാണ് തൊഴിലാളികള്‍ പിടിയിലാണെന്ന് പുറത്തറിഞ്ഞത്.

നാലു പേരടങ്ങുന്ന സംഘമാണ് തൊഴിലാളികളെ ബന്ദിയാക്കിയിരിക്കുന്നത്. ഇവരില്‍ ആയുധധാരികളായ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമുണ്ടെന്നാണ് നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍. ഇവര്‍ മാവോയിസ്റ്റുകളാണെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു.

തൊഴിലാളികള്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് എസ്റ്റേറ്റ് അധികൃതര്‍ പൊലീസിന് വിവരം കൈമാറുകയായിരുന്നു. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.