| Thursday, 8th September 2022, 9:37 am

കിളികള്‍ ചത്ത സംഭവം: ജാമ്യമില്ലാതെ അകത്തുപോയത് അതിഥി തൊഴിലാളികള്‍; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേരി: ദേശീയപാത വികസനത്തിന് വേണ്ടി മരം മുറിച്ചപ്പോള്‍ പക്ഷികള്‍ ചത്ത കേസില്‍ അറസ്റ്റ് ചെയ്ത ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ക്ക് ജാമ്യം നിഷേധിച്ചതില്‍ വിമര്‍ശനം ശക്തമാകുന്നു. സംഭവത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കോ വകുപ്പുകള്‍ക്കോ എതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ, അവരുടെ നിര്‍ദേശപ്രകാരം മാത്രം പ്രവര്‍ത്തിച്ച തൊഴിലാളികള്‍ക്കെതിരെ കേസെടുക്കുന്നത് മനുഷ്യത്വരഹിതമാണെന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്.

ജാര്‍ഖണ്ഡ് സ്വദേശി വികാസ് കുമാര്‍ രാജക്, തമിഴ്‌നാട് സേലത്ത് നിന്നുള്ള മഹാലിംഗം, കോയമ്പത്തൂര്‍ സ്വദേശി എന്‍. മുത്തുകുമാര്‍ എന്നീ അതിഥിതൊഴിലാളികള്‍ക്കാണ് ജാമ്യം നിഷേധിക്കപ്പെട്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകാനിടയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഫോറസ്റ്റ് മജിസ്‌ട്രേറ്റ് സിതാര ഷംസുദ്ദീന്‍ ജാമ്യം നിഷേധിച്ചത്.

എന്നാല്‍ ഷെഡ്യൂള്‍ നാലില്‍ ഉള്‍പ്പെടുന്ന നീര്‍ക്കാക്കള്‍ ചത്ത സംഭവത്തില്‍ എന്‍.എച്ച്.എ.ഐ.ക്കും സോഷ്യല്‍ ഫോറസ്ട്രി വകുപ്പിനുമാണ് വീഴ്ച സംഭവിച്ചിരിക്കുന്നതെന്നാണ് സാമൂഹ്യപ്രവര്‍ത്തകനായ അഡ്വ. ഹരീഷ് വാസുദേവനടക്കമുള്ള ചൂണ്ടിക്കാണിക്കുന്നത്.

‘മരം മുറിച്ചത് എന്‍.എച്ച്.എ.ഐ ആണ്, അനുമതി നല്‍കിയത് വനംവകുപ്പ്, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് കീഴിലുള്ള സമിതിയും. ഒന്നരമാസം കഴിഞ്ഞു ഒക്ടോബര്‍ അവസാനം മുറിച്ചാല്‍, ആ വ്യവസ്ഥയിന്മേല്‍ മാത്രം അനുമതി നല്‍കിയിരുന്നെങ്കില്‍, കുഞ്ഞുങ്ങള്‍ പറന്നു പോയേനെ, അങ്ങനെ പരിഹരിക്കാമായിരുന്ന പ്രശ്‌നമാണ്. സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ പരാജയമാണ് പ്രശ്‌നകാരണം. NHAIക്ക് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സെന്‌സിറ്റിവിറ്റി ഇല്ലായ്മയും സിസ്റ്റമില്ലായ്മയും ഉണ്ട്. നടപടികള്‍ അട്ടിമറിക്കുന്ന ‘വികസനപ്രഷര്‍’ ഉണ്ട്. നിയമത്തെപ്പറ്റിയുള്ള പൊതുജനങ്ങള്‍ക്കിടയിലെ അറിവില്ലായ്മ ഉണ്ട്…. പ്രതികള്‍ പലരാണ്..

എന്നാല്‍ വീഴ്ച വിവാദമായപ്പോള്‍ ഏമാന്മാര്‍ കൈകഴുകി. വന്യജീവി നിയമപ്രകാരം കേസെടുത്തത് പാവം ജെ.സി.ബി ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള 3 അതിഥി തൊഴിലാളികള്‍ക്ക് എതിരെ മാത്രം. അവരെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരിക്കുന്നു! എന്തൊരു തോന്ന്യവാസമാണിത്, മനുഷ്യത്വരാഹിത്യമാണിത്,’ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

തൊഴിലാളികള്‍ കോണ്‍ട്രാക്ടര്‍ക്ക് വേണ്ടി അവര്‍ പറഞ്ഞ ജോലി ചെയ്‌തെന്നു മാത്രം. എന്തേ എഞ്ചിനീയര്‍ക്കോ കോണ്‍ട്രാക്ടര്‍ക്കോ എതിരേ കേസില്ലാത്തത് എന്നും ഒരു സുപ്രഭാതത്തില്‍ ആരോ വന്നു മരം മുറിച്ചതല്ലല്ലോ, ഉദ്യോഗസ്ഥരും വകുപ്പും അതുവരെ എന്തെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

സംഭവം പ്രതിപാദിച്ചുകൊണ്ടാണ് സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ ഇന്ന് ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ”ഒന്ന് ആലോചിച്ചു നോക്കൂ, മറ്റേതെങ്കിലും നാട്ടില്‍ ജോലി ചെയ്യുന്ന ഒരു മലയാളി ഡ്രൈവര്‍ ദേശീയപാതയ്ക്ക് വേണ്ടി മരം മുറിച്ചപ്പോള്‍ കിളികള്‍ മരിച്ച കേസില്‍ ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ കഴിയുകയാണ് എന്ന് ഒന്ന് ആലോചിച്ചു നോക്കൂ.

ഭക്ഷണം വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചതിന്റെ പേരില്‍ നാല് ശുചീകരണ തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു എന്നത് ഒന്ന് ആലോചിച്ചു നോക്കൂ. ഓണാശംസകള്‍,’ ഡോ. ജിനേഷ് പി.എസിന്റെ കുറിപ്പില്‍ പറയുന്നു.

പക്ഷികള്‍ ചത്ത സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ജാമ്യം നില്‍ക്കാന്‍ പോലും ആളെ ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്നും, അതുകൊണ്ട് ഇവരെ പുറത്തിറക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എത്രയും വേഗം സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

സെപ്റ്റംബര്‍ ഒന്നിനാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി തിരൂരങ്ങാടിയിലെ വി.കെ പടിയില്‍ റോഡിനോട് ചേര്‍ന്നുള്ള മരം മുറിക്കുന്നത്. മരം മുറിച്ചതോടെ പക്ഷികള്‍ ചത്തുവീഴുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമുയര്‍ന്നു. ഇതേതുടര്‍ന്നായിരുന്നു വനം വകുപ്പ് കരാറുകാര്‍ക്കെതിരെ കേസെടുത്തത്.

മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങള്‍ പറക്കാനായ ശേഷമേ മരം മുറിക്കാവൂ എന്ന നിര്‍ദേശം കരാറുകാരന്‍ ലംഘിച്ചെന്നായിരുന്നു വനംവകുപ്പ് അറിയിച്ചിരുന്നത്.

ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വിവേചനപരമായ നടപടികളുണ്ടായതിനെ തുടര്‍ന്ന് ഓണസദ്യ ചവറ്റുകുട്ടയിലെറിഞ്ഞ് പ്രതിഷേധിച്ചതിന് തിരുവനന്തപുരം കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കഴിഞ്ഞ ദിവസം വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് അടിസ്ഥാന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവിതം തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള നടപടികളുണ്ടാകുന്നതെന്ന വിമര്‍ശനമാണ് വ്യാപകമായി ഉയരുന്നത്.

Content Highlight: Migrant labourers denied bail in birds killed when a tree was cut down for National Highway development in Malappuram

We use cookies to give you the best possible experience. Learn more