ചെന്നൈ: അതിഥി സംസ്ഥാനത്തൊഴിലാളികള്‍ പലായനം ചെയ്യുന്നതിനെ ഗൗരവമായി കാണണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ. ഇക്കാര്യത്തില്‍ കേരളത്തെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആയിരം ബസ്സുകള്‍ ഇറക്കുമെന്ന് യു.പി മുഖ്യമന്ത്രി പറഞ്ഞിരുന്നു. എവിടെയാണാ ബസ്സുകള്‍?വാസ്തവത്തില്‍ കേരളസര്‍ക്കാരിനെ മാതൃകയാക്കുകയാണ് കേന്ദ്ര സര്‍ക്കാരും ഇതര സംസ്ഥാന സര്‍ക്കാരുകളും ചെയ്യേണ്ടത്. കേരള സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികളെ അങ്ങേയറ്റം സഹാനുഭൂതിയോടയാണ് കാണുന്നത്. ഈ സഹാനുഭൂതി ഇല്ലാതെ പോവുന്നതാണ് കാതലായ പ്രശ്‌നം.’, രാജ പറഞ്ഞു.
പ്രധാനമായും ദല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമാണ് തൊഴിലാളികള്‍ പലായനം ചെയ്യുന്നത്. കൂട്ടമായി പിഞ്ചുകുട്ടികളെയടക്കം എടുത്താണ് തൊഴിലാളികള്‍ കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടുന്നത്.
നേരത്തെ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷനേതാക്കളായ രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
രാജ്യത്തെ ഏറ്റവും പാവപ്പെട്ടവരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് യാതൊരു ആശങ്കയുമില്ലെന്ന് യെച്ചൂരി പറഞ്ഞു.
‘ഇത് മോദിയുടെ മൂക്കിന് കീഴിലുള്ള രാജ്യതലസ്ഥാനത്താണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനുമുമ്പ് കേന്ദ്രം ഒരു ആസൂത്രണമോ തയ്യാറെടുപ്പോ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട് ഈ കാഴ്ചകള്‍. ദരിദ്രരേയും ദുര്‍ബലരേയും പരിഗണിക്കുന്നില്ല.ഒരു മാനുഷിക ദുരന്തത്തെ വൈദ്യശാസ്ത്രത്തിലേക്ക് ചേര്‍ക്കുകയാണ് മോദി.’,യെച്ചൂരി പറഞ്ഞു.
നേരത്തെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. സ്വന്തം പൗരന്മാരോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണിത് എന്നാണ് രാഹുല്‍ പ്രതികരിച്ചത്.
തൊഴിലാളികള്‍ നേടിടുന്ന ദുരിതം ബോധ്യപ്പെടുന്ന രണ്ട് ചിത്രങ്ങളും രാഹുല്‍ ഗാന്ധി പങ്കുവെച്ചു. ഈ ദുരിതത്തിന്റെ സമയത്ത് നമ്മുടെ സഹോദരീ സഹോദരന്‍മാരുടെ ആത്മാഭിമാനമെങ്കിലും സംരക്ഷിക്കേണ്ടതുണ്ട്.
ഇത് വളരെ മോശം അവസ്ഥയിലേക്ക് എത്തുന്നതിന് മുമ്പേ സര്‍ക്കാര്‍ വളരെ വേഗത്തില്‍ ഇടപെടേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.