| Monday, 1st June 2020, 10:31 am

ശ്രമിക് ട്രെയിനില്‍ യാത്ര ചെയ്യവേ അതിഥി തൊഴിലാളി മരണപ്പെട്ടു; മൃതദേഹത്തോടൊപ്പം കംപാര്‍ട്‌മെന്റിലുള്ളവര്‍ യാത്ര ചെയ്തത് എട്ട് മണിക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാല്‍ഡ: രാജസ്ഥാനില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് ശ്രമിക് ട്രെയിനില്‍ വരും വഴി ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു. മൃതദേഹത്തോടൊപ്പം എട്ട് മണിക്കൂറോളം സഹയാത്രിക്കാര്‍ക്ക് യാത്ര ചെയ്യേണ്ടി വന്നതായി പൊലീസ് അറിയിച്ചു.

മാല്‍ഡ ജില്ലയിലെ ഹരിശ്ചന്ദ്രപൂര്‍ സ്വദേശിയായ ബുദ്ധ പരിഹാര്‍ രാജസ്ഥാനിലെ ബൈക്കാനറില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്നു. ഭാര്യാ സഹോദരനായ സരജൂ ദാസും ഇതേ ഹോട്ടലിലെ തൊഴിലാളിയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ബുദ്ധ പരിഹാരും കുടുംബവും രാജസ്ഥാനിലാണ് താമസിക്കുന്നത്.

എന്നാല്‍ കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കുടുംബം രാജസ്ഥാനില്‍ നിന്നും തിരിച്ചുനാട്ടിലേക്ക് വരാന്‍ കഴിഞ്ഞ കുറച്ചുനാളുകളായി ശ്രമിക്കുകയായിരുന്നു. എന്നാല്‍ പണമില്ലാത്തതുകാരണം യാത്ര നടന്നില്ല. ഒടുവില്‍ മെയ് 29 വെള്ളിയാഴ്ച ശ്രമിക് ട്രെയിനില്‍ രാവിലെ 11 മണിയോടെ ഇവര്‍ പശ്ചിമബംഗാളിലേക്ക് തിരിച്ചു.

ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇദ്ദേഹം ട്രെയിനില്‍ വെച്ച് മരണപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. യു.പിയിലെ മുകുള്‍സരായി റെയില്‍വേ സ്റ്റേഷന് അടുത്തായിരുന്നു അപ്പോള്‍ ട്രെയിന്‍. എന്നാല്‍ ഞായറാഴ്ച രാവിലെ 6.40 ഓടെ ട്രെയിന്‍ മാല്‍ഡ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ മാത്രമാണ് റെയില്‍വേ ഡോക്ടര്‍മാരും സ്റ്റാഫും എത്തിയത്.

തുടര്‍ന്ന് മൃതദേഹം ഗവര്‍മെന്റ് റെയില്‍ പൊലീസിന് കൈമാറുകയായിരുന്നു. ഇദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായിരുന്നെന്നും അതാണ് മരണകാരണമെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്.

ഇദ്ദേഹത്തിന്റെ മരണത്തോട കംപാര്‍ട്‌മെന്റിലെ മറ്റ് യാത്രക്കാര്‍ പരിഭ്രാന്തരമായി. കൊവിഡ് കാരണമാണ് മരണം എന്നായിരുന്നു പലരും കരുതിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more