ന്യൂദല്‍ഹി: ജന്തര്‍ മന്തിറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് നേരെ അര്‍ധരാത്രി
പൊലീസിന്റെ അക്രമം. ഗുസ്തി താരങ്ങള്‍ക്ക് കിടക്കകളുമായി എത്തിയ ആം ആദ്മി
പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പൊലീസ് അക്രമത്തില്‍ പരിക്കേറ്റ രണ്ട് സമരക്കാര്‍ ആശുപത്രിയിലാണ്.
12ാമത്തെ ദിവസമാണ് ഗുസ്തി താരങ്ങള്‍ തങ്ങളുടെ സമരം തുടരുന്നത്. രാപ്പകല്‍ സമരം നടത്തുന്ന ഇവരുടെ കിടക്കകള്‍ മഴയത്ത് നനഞ്ഞിരുന്നു. ഇതോടെയായിരുന്നു കിടക്കകളുമായി ആം ആദ്മി പ്രവര്‍ത്തകര്‍ സമര വേദയിലെത്തിയിത്. ഇതാണ് അര്‍ധരാത്രി പൊലീസ് തടഞ്ഞത്.
ഇന്നലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് ജന്തര്‍ മന്തിറിലെ സമരഭൂമി. മാധ്യമപ്രവര്‍കരെ അടക്കം സമരക്കാരുടെ അടുത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയില്‍ നിന്ന് ജന്തര്‍ മന്തിറിലേക്ക് പോകാനുള്ള എല്ലാ വഴികളിലും പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.
അതേസമയം, പോക്‌സോ അടക്കം ചുമത്തപ്പെട്ട ബ്രിജ് ഭൂഷണെതിരെ രണ്ട് കേസുകളാണ് ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ അദ്ദേഹം ജയിലിലാകും വരെ സമരം തുടരാനാണ് താരങ്ങളുടെ തീരുമാനം.
‘സുപ്രീംകോടതിയുടെ ഉത്തരവിനെ ബഹുമാനിക്കുന്നു. എന്നാല്‍ ദല്‍ഹി പൊലീസില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. എഫ്.ഐ.ആറിനെതിരെയല്ല ഞങ്ങളുടെ പോരാട്ടം. ബ്രിജ് ഭൂഷണെ പോലുള്ള എല്ലാവരും ശിക്ഷിക്കപ്പെടണം. അദ്ദേഹം ജയിലിലാകണം,’ എന്നായിരുന്നു താരങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
ഗുസ്തി താരങ്ങളെ കാണാന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ കഴിഞ്ഞ ദിവസം സമര പന്തലിലെത്തിയിരുന്നു. ഒളിമ്പിക് ഗുസ്തി താരങ്ങള്‍ക്കെതിരായ വിമര്‍ശനം വിവാദമായതിന് പിന്നാലെയാണ് പി.ടി. ഉഷയുടെ സന്ദര്‍ശനം.
Content Highlight: Midnight strike against wrestlers protesting at Jantar Mantir Police violence