ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോൾ തന്നെ ‘ഓസ്‌ലർ’ ഇതുതന്നെയാണ് എന്ന് മിഥുൻ ലോകത്തോട് വിളിച്ച് പറഞ്ഞെന്ന് ജയറാം. ഏത് സിനിമയാണെങ്കിലും ആദ്യത്തെ ദിവസം കഴിയുന്നത് വരെ തനിക്ക് ടെൻഷനാണെന്നും ഓസ്‌ലറിലും അങ്ങനെ ആയിരുന്നെന്നും ജയറാം പറഞ്ഞു.
ഓസ്ലറിലെ നടത്തവും നോട്ടവുമെല്ലാം തന്റെ സ്ഥിരമായിട്ടുള്ള റിയാക്‌ഷൻ ആകരുതെന്ന് മിഥുന് ഉണ്ടായിരുന്നെന്നും ജയറാം കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഫസ്റ്റ് ഡേ കഴിഞ്ഞപ്പോൾ മുതൽ ലോകം മുഴുവൻ വിളിച്ച് ഫോൺ ചെയ്യുന്നുണ്ടായിരുന്നു. ‘ആഹാ എന്റെ ഓസ്‌ലർ ഇതുതന്നെയാണ്’ എന്ന് പറഞ്ഞു. ഇപ്പോഴും ഏത് സിനിമയാണെങ്കിലും ടെൻഷനാണ്. ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോട്ട് കഴിയുന്നതുവരെ ദൈവമേ നന്നാവണം എന്നാണ് പ്രാത്ഥിക്കാറുള്ളത്.
പ്രത്യേകിച്ച് മറ്റു ഭാഷകളിൽ പോകുമ്പോൾ, നമുക്ക് അറിയാത്ത ഭാഷയാണ്. അറിയാത്ത ഭാഷ നമ്മൾ സംസാരിക്കുമ്പോൾ തെറ്റുകൾ വരരുത്. അങ്ങനെ തന്നെയായിരുന്നു ഓസ്‌ലറിലും. ഫസ്റ്റ് ഡേയിൽ നോട്ടം നടത്തം ഒന്നിലും എന്റേതായിട്ടുള്ള സ്ഥിരമായിട്ടുള്ള, റിയാക്ഷൻ ഒന്നും വരരുത് എന്ന് പുള്ളിക്ക് ഉണ്ടായിരുന്നു,’ ജയറാം പറഞ്ഞു.
അബ്രഹാം ഓസ്‌ലറിൽ താൻ തന്നെ വേണോയെന്ന് മിഥുനോട് ചോദിക്കാനുള്ള കാരണവും ജയറാം അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഷൂട്ടിങ് തുടങ്ങി കഴിഞ്ഞിട്ട് പിന്നെ അതിനകത്ത് ഒരു സംശയം വരാൻ പാടില്ല. ഒക്കെ ആണല്ലോ എന്ന് ഞാൻ അതുകൊണ്ടാണ് മിഥുന്റെ അടുത്ത് ചോദിച്ചത്. ‘നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ ഞങ്ങളീ സിനിമ ചെയ്യുന്നില്ല’ എന്ന് മിഥുൻ പറഞ്ഞു. സ്ഥിരമായിട്ട് ചെയ്യുന്ന ഒരാൾ ചെയ്തിട്ട് ഗുണമില്ല എന്നും ഇത് ഇതുവരെ ചെയ്യാത്ത ഒരാൾ ചെയ്യുമ്പോൾ അതിന് ഭംഗി ഉണ്ടാവും അതിനാണ് നിങ്ങളുടെ അടുത്ത് വന്നത് എന്നും പറഞ്ഞു.
ജയറാമിനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച ഒരു മെഡിക്കൽ ത്രില്ലറാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലർ. അഞ്ചാം പാതിരക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്ലർ. അതേസമയം, അബ്രഹാം ഓസ്ലറിൽ ജയറാമിന് പുറമെ അനശ്വര രാജനും അർജുൻ അശോകനും സൈജു കുറുപ്പും ജഗദീഷും ഒന്നിക്കുന്നുണ്ട്. ഇർഷാദ് എം. ഹസനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഡോ. രൺധീർ കൃഷ്ണൻ ആണ്. ജനുവരി 11ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlight: Midhun’s reaction after Jayaram’s acting