മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ചിത്രമാണ് വെട്ടം. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം 2004ലാണ് പുറത്തിറങ്ങിയത്.
രേവതി കലാമന്ദിറിന്റെ ബാനറില്‍ മേനക സുരേഷ്‌കുമാര്‍, കീര്‍ത്തി സുരേഷ്, രേവതി സുരേഷ്‌കുമാര്‍ എന്നിവര്‍ നിര്‍മിച്ച വെട്ടം സ്വര്‍ഗ ചിത്രയായിരുന്നു വിതരണത്തിന് എത്തിച്ചത്.
1995ല്‍ പുറത്തിറങ്ങിയ ‘ഫ്രഞ്ച് കിസ്’ എന്ന ചിത്രത്തെ ആധാരമാക്കി വന്ന വെട്ടത്തില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട വന്‍ താരനിരത്തന്നെ ഉണ്ടായിരുന്നു. സിനിമയില്‍ ഫെലിക്‌സ് മാത്യൂ എന്ന കഥാപാത്രമായി എത്തിയത് മിഥുന്‍ രമേശായിരുന്നു.
തന്റെ ജീവിതത്തില്‍ ഒരുപാട് രസകരമായ നിമിഷങ്ങള്‍ ലഭിച്ചിട്ടുള്ള സിനിമയാണ് വെട്ടമെന്ന് പറയുകയാണ് മിഥുന്‍. സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ആ സിനിമയിലെ റോള്‍ തനിക്ക് വെച്ചതായിരുന്നില്ലെന്നും മാറിവിളിച്ച് കിട്ടിയ റോളാണ് അതെന്നും മിഥുന്‍ രമേശ് പറഞ്ഞു.
‘ജീവിതത്തില്‍ ഒരുപാട് രസകരമായ മൊമന്റുകള്‍ കിട്ടിയിട്ടുള്ള സിനിമയാണ് വെട്ടം. നമ്മള്‍ ഏറെ ആരാധനയോടെ നോക്കി കണ്ടിട്ടുള്ള ഒരുപാട് നടന്മാരുടെയും നടിമാരുടെയും കൂടെ അഭിനയിക്കാന്‍ കഴിഞ്ഞു.
പ്രിയദര്‍ശനെ പോലെയുള്ള ഒരു സംവിധായകനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. അത് ഈസിയായ ഒരു കാര്യമല്ല. വെട്ടത്തിന്റെ കാര്യം ഞാന്‍ പലയിടത്തും പറഞ്ഞതാണ്. ശരിക്കും പറഞ്ഞാല്‍, അത് എനിക്ക് വെച്ച റോള്‍ ആയിരുന്നില്ല. രണ്ടുപേര്‍ വന്നു, എന്നിട്ടും മാറിവിളിച്ച് കിട്ടിയ റോളാണ് അത്.
ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ വന്നിട്ടുള്ള സിനിമകളില്‍ ഒന്നാണ് വെട്ടം. എപ്പോള്‍ വന്നാലും ആളുകള്‍ കാണുന്ന സിനിമയാണ് അത്. അത്രയേറെ റിപ്പീറ്റ് വാല്യുയുള്ള പടമാണ് വെട്ടം,’ മിഥുന്‍ രമേശ് പറഞ്ഞു.
Content Highlight: Midhun Ramesh Talks About Vettam Movie