| Sunday, 25th June 2023, 3:10 pm

ഉണ്ണി മുകുന്ദനുമായുള്ള എന്റെ ഫ്രണ്ട്ഷിപ്പ് തുടങ്ങുന്നത് അവിടം മുതലാണ്: മിഥുന്‍ രമേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മല്ലുസിംഗ് സിനിമയില്‍ ഉണ്ണി മുകുന്ദന് വേണ്ടി ഡബ്ബ് ചെയ്തതോടെയാണ് അദ്ദേഹവുമായുള്ള തന്റെ ഫ്രണ്ട്ഷിപ്പ് ആരംഭിച്ചതെന്ന് നടനും ആങ്കറും ആര്‍.ജെയുമായ മിഥുന്‍ രമേഷ്. ആ സിനിമയില്‍ ഡബ്ബ് ചെയ്തതിന് തനിക്ക് ഗള്‍ഫില്‍ വെച്ച് മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റിനുള്ള ഒരു അവാര്‍ഡ് ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞു. മല്ലുസിംഗില്‍ ഡബ്ബ് ചെയ്യാന്‍ പറ്റിയെന്നത് തനിക്ക് വലിയ അംഗീകാരമായി തോന്നിയ കാര്യമാണെന്നും മൈല്‍സ്റ്റോണ്‍ മേക്കഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മിഥുന്‍ രമേഷ് പറയുന്നു. ആ സിനിമയില്‍ ഉണ്ണി സംസാരിച്ച ഹിന്ദി ഗംഭീരമായിരുന്നു എന്നും തനിക്ക് അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ ഡബ്ബ് ചെയ്യാന്‍ പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മല്ലുസിംഗില്‍ ഉണ്ണി മുകുന്ദന് വേണ്ടി ഡബ്ബ് ചെയ്യാന്‍ പറ്റിയെന്നത് എനിക്ക് വലിയ അംഗീകാരമായി തോന്നിയ കാര്യമാണ്. ഉണ്ണിമുകുന്ദന്‍ ഹീറോയായി വന്ന ഒരു സിനിമയില്‍ അദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്യാന്‍ പറ്റി എന്നുള്ളത് വലിയ ഭാഗ്യമാണ്. ഉണ്ണിയുമായുള്ള എന്റെ ഫ്രണ്ട്ഷിപ്പിന്റെ തുടക്കം അവിടെ നിന്നാണ്.

ഞാന്‍ ഹീറോയായി അഭിനയിക്കുന്ന പടമാണെങ്കില്‍ അതിനകത്ത് എന്റെ ശബ്ദം തന്നെ വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഉണ്ണിയും അങ്ങനെ തന്നെയാണ് ആഗ്രഹിച്ചത്. അന്ന് പക്ഷെ വൈശാഖ് ഉണ്ണിയോട് പറഞ്ഞുകൊടുത്തിരുന്നു എന്തിനാണ് മറ്റൊരാള്‍ ഡബ്ബ് ചെയ്യുന്നത് എന്നത്. ഇത് ചെയ്ത് കഴിഞ്ഞ് ഞാന്‍ ഉണ്ണിയെ നേരിട്ട് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു, ഉണ്ണീ, എനിക്ക് വേണ്ടി രീതിയില്‍ ചെയ്യാന്‍ പറ്റിയിട്ടില്ല എന്ന്.

കാരണം ഉണ്ണിയുടെ ഹിന്ദി അത്രയും ഫ്‌ളുവന്റായിരുന്നു, ഞാനെത്ര പറഞ്ഞാലും അത്രയും വരില്ല. എന്റെ ഹിന്ദിയില്‍ എന്തായാലും ഒരു മലയാളം ആക്‌സന്റ് വരും. അതൊന്നും എനിക്ക് ശരിയാക്കാന്‍ പറ്റിയിട്ടില്ല എന്നും ഞാന്‍ ഉണ്ണിയോട് പറഞ്ഞു. ബ്രോ, ശരിക്കും അത് എന്റെയും മനസ്സിലുണ്ടായിരുന്നു, അതെങ്ങനെയാണ് നിങ്ങളോട് പറയുക എന്ന് കരുതിയിരിക്കുകയായിരുന്നു എന്നാണ് ഉണ്ണി തിരച്ചുപറഞ്ഞത്. അങ്ങനെ സംസാരിച്ചാണ് ഞങ്ങള്‍ കണക്ടാകുന്നത്.

എനിക്ക് കൊടുക്കാന്‍ പറ്റുന്നതിന്റെ പരമാവധിയേ ആ സിനിമയില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. ഉണ്ണി സംസാരിച്ചത് വെച്ചത് അതിനേക്കാള്‍ ഗംഭീരമായിരുന്നു. പക്ഷെ, അത് വൈശാഖേട്ടന്റെയും മറ്റുള്ളവരുടെയും ബ്രില്ല്യന്‍സായിരുന്നു. അതിനപ്പുറത്തേക്ക് ഒന്നുമല്ല. പക്ഷെ, എനിക്ക് ആ സമയത്ത്, ആ വര്‍ഷത്തെ മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റിനുള്ള ഒരു അവാര്‍ഡ് ഗള്‍ഫില്‍ വെച്ച് ലഭിച്ചു,’ മിഥുന്‍ രമേഷ് പറഞ്ഞു.

content highlights: Midhun Ramesh on his friendship with Unnimukundan

We use cookies to give you the best possible experience. Learn more