|

ഞാനൊരു ഭയങ്കര മോഹന്‍ലാല്‍ ഫാനാണ്, പക്ഷേ ഒരു പ്രശ്‌നമുണ്ടായാല്‍ ആദ്യം വിളിക്കുന്നത് മമ്മൂക്കയാവും: മിഥുന്‍ രമേശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള അുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടനും അവതാരകനുമായ മിഥുന്‍ രമേശ്. താനൊരു ഭയങ്കര മോഹന്‍ലാല്‍ ഫാനാണെന്നും എന്നാല്‍ ഒരു പ്രശ്‌നമുണ്ടായാല്‍ ആദ്യം വിളിക്കുന്നത് മമ്മൂട്ടിയാണെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മിഥുന്‍ രമേശ് പറഞ്ഞു.

‘ഞാനൊരു ഭയങ്കര മോഹന്‍ലാല്‍ ഫാനാണ്. ലാലേട്ടനെ മീറ്റ് ചെയ്തിട്ടുണ്ട്. നല്ല ഫ്രെണ്ട്‌ലിയായി അദ്ദേഹത്തിനൊപ്പം ഇരിക്കാന്‍ പറ്റിയിട്ടുണ്ട്. പക്ഷേ ഞാന്‍ മീറ്റ് ചെയ്തവരില്‍, നമുക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് അറിഞ്ഞാല്‍ ഒരു ഫസ്റ്റ് കോള്‍ വരുന്നുണ്ടെങ്കില്‍ അത് മമ്മൂക്കയുടേതാവും. അത് ഞാന്‍ നേരിട്ട് എക്‌സ്പീരിയന്‍സ് ചെയ്തിട്ടുള്ള കാര്യമാണ്. മാത്രമല്ല വേറെ ആളുകളോട് അന്വേഷിക്കുന്നത് പോലും പുള്ളിയാവും. അത് പുള്ളീടെ ഒരു ജനറല്‍ നേച്ചറാണ്.

അദ്ദേഹം എല്ലാവരുടേയും ഒരു വല്യേട്ടനാണ്. ആ ഒരു രീതിയില്‍ എനിക്ക് പലപ്പോഴും എക്‌സ്പീരിയന്‍സ് ഉണ്ടായിട്ടുണ്ട്. അദ്ദേഹം അങ്ങനെ ചെയ്താലും ഇല്ലെങ്കിലും അദ്ദേഹത്തോടുള്ള ആരാധനയുണ്ടാവും. പക്ഷേ അത് ചെയ്യാന്‍ അദ്ദേഹം എടുക്കുന്ന എഫേര്‍ട്ട് ഭയങ്കരമാണ്,’ മിഥുന്‍ പറഞ്ഞു.

പുതിയ തലമുറയില്‍ വന്ന പൊളിറ്റിക്കല്‍ കറക്ട്‌നെസിനെ പറ്റിയും മിഥുന്‍ സംസാരിച്ചു. ‘നമ്മുടെ അച്ഛനും അമ്മയും അടിച്ചതുപോലെ നമ്മള്‍ മക്കളെ അടിക്കില്ല. നമ്മുടെ തലമുറ ആണല്ലോ പൊളിറ്റിക്കല്‍ കറക്ട്‌നെസിനെ കഠിനമായി പിടിച്ചത്. അത്രയും മോശമായിരുന്നു അതിന് മുമ്പ്. ഇതെല്ലാം ശരിയാണെന്ന് പറഞ്ഞ ഒരു കാലഘട്ടത്തിലൂടെ പോയതുകൊണ്ടാണ് പൊളിറ്റിക്കല്‍ കറക്ട്‌നെസ് കൊണ്ടുവരേണ്ടി വന്നത്. ഇതില്‍ എത്രത്തോളം കറക്ട്‌നെസ് ഉണ്ടെന്ന് നമുക്ക് പറയാനായിട്ടില്ല. പക്ഷേ നമ്മള്‍ കുറേ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഇപ്പോള്‍ കുട്ടികളെ അടിക്കുന്നത് തെറ്റാണ്. പക്ഷേ നമുക്കൊക്കെ അടി കിട്ടിയിട്ടുണ്ട്. എനിക്ക് കിട്ടിയ അടി ഒന്നും നിനക്ക് കിട്ടിയിട്ടില്ലെന്നാണ് നമ്മുടെ അച്ഛനും അമ്മയും പറയുന്നത്. അടുത്ത ജനറേഷനിലും ഇത് തന്നെയാണ് പറയാന്‍ പോകുന്നത്. അതിങ്ങനെ കുറഞ്ഞ് കുറഞ്ഞ് വരും,’ മിഥുന്‍ പറഞ്ഞു.

Content Highlight: midhun ramesh about mammootty and mohanlal