കമല്‍ സംവിധാനം ചെയ്ത് കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി 2002- ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് നമ്മള്‍. ജിഷ്ണു രാഘവന്‍, സിദ്ധാര്‍ഥ് ഭരതന്‍, ബാലചന്ദ്രമേനോന്‍, സുഹാസിനി, ഭാവന എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.
സിനിമ ഇരുപത് വര്‍ഷം പിന്നിട്ടതിനെ തുടര്‍ന്ന് ജാങ്കോ സ്പേസ് ടി.വി. നടത്തിയ അഭിമുഖത്തില്‍ അനുഭവങ്ങള്‍ പങ്കുവക്കുകയാണ് സിനിമയിലെ അഭിനേതാക്കള്‍. സിദ്ധാര്‍ഥ് ഭരതന്‍, വിജീഷ് വിജയന്‍, പ്രശാന്ത് അലക്സാണ്ടര്‍, ദിനേഷ് പ്രഭാകരന്‍, ശ്രീകുമാര്‍, ജമേഷ് കോട്ടക്കല്‍ എന്നിവര്‍ പങ്കെടുത്ത അഭിമുഖത്തില്‍ 2016-ല്‍ ക്യാന്‍സര്‍ വന്ന് മരിച്ചുപോയ ജിഷ്ണു രാഘവന്റെ ഓര്‍മകളും പങ്കുവെച്ചിരുന്നു.
‘നമ്മുടെ ആ പഴയ ഫോട്ടോ കാണുമ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ജിഷ്ണുവിനെയാണ്. ഈ ചിത്രത്തില്‍ ജിഷ്ണുവിന് ഡബ് ചെയ്യാനുള്ള ഭാഗ്യം എനിക്കാണ് കിട്ടിയിരുന്നത്. എനിക്ക് വേണ്ടി ഡബ് ചെയ്തത് ജിസ് ജോയ് ആണ്,’ മിഥുന്‍ രമേശ് പറഞ്ഞു.
മിഥുന്‍ രമേശും താനും കൂടി ഒപ്പിച്ചു വച്ച ചില രസകരമായ അനുഭവങ്ങള്‍ പ്രശാന്ത് അലക്സാണ്ടറും പങ്കുവെച്ചു.
‘ഞാന്‍ ആദ്യമായിട്ടാണ് മേക്കപ്പ് ഒക്കെ ഇട്ടത്. മേക്കപ്പ് ഇടാന്‍ എല്ലാവരും പോയി നിരന്ന് ഇരിക്കും. പിന്നീട് ഓരോരുത്തരായി മേക്കപ്പ് ഇടും. ഷൂട്ടിങ്ങ് കഴിയുമ്പോള്‍ മേക്കപ്പ് അഴിച്ചിട്ട് പോകണം. അതിനു വേണ്ടി ഒരു വെറ്റ് ക്ളോത്ത് തരും.
അന്ന് ജിഷ്ണു ആണ് ക്ളെന്‍സര്‍ ഉപയോഗിച്ചിരുന്നത്. വലിയ ഒരു കെട്ട് സാധനങ്ങളൊക്കെ ആയി വന്നിട്ട്, എടാ നമ്മള്‍ മേക്കപ്പ് അഴിക്കുമ്പോള്‍ ഇത് ഇട്ടിട്ട് വേണം അഴിക്കാന്‍ എന്നിട്ട് ഫേയ്സ് വാഷ് ഉപയോഗിച്ചിട്ട് കഴുകി കളയണം എന്ന് പറയും. അപ്പോള്‍ അവന്‍ അതൊക്കെ വാങ്ങിയിട്ടുണ്ടല്ലോ. ഇനി നമുക്ക് അത് വാങ്ങിക്കേണ്ട ആവശ്യം ഇല്ല.
ഞാനും മിഥുനും ഒരേ റൂമില്‍ ആയിരുന്നു താമസിച്ചിരുന്നത്. അപ്പോള്‍ ഞങ്ങള്‍ക്ക് ബ്രഷ് ഉണ്ട്, പക്ഷെ പേസ്റ്റും സോപ്പും ഇല്ല. ജമേഷും, ദിനേശും ഒരു റൂമില്‍ ആയിരുന്നു. ജമേഷ് ഫോട്ടോഗ്രാഫര്‍ ആയതുകൊണ്ടും സൗന്ദര്യത്തില്‍ അല്പം മുന്‍പന്തിയിലായത് കൊണ്ടും അവന്റെ കയ്യില്‍ എല്ലാവിധ സാധനങ്ങളും ഉണ്ട്. ദിനേഷ് പിന്നെ ബോംബയില്‍ വളര്‍ന്ന ഒരാളായതുകൊണ്ടും യാത്ര ചെയ്യാറുള്ളതുകൊണ്ടും അത്യാവശ്യം ട്രാവല്‍ കിറ്റ് പുള്ളിയുടെ കയ്യില്‍ ഉണ്ട്. ഞങ്ങളുടെ കയ്യില്‍ ഒന്നും ഇല്ലല്ലോ, അതുകൊണ്ട് മിഥുന്‍ പറയും നമുക്ക് അവന്‍മാരുടെ റൂമില്‍ പോയി എടുക്കാം എന്ന്.
മിഥുന്‍ മാടമ്പിയാണ്, അവന്‍ റൂമിന്റെ വാതില്‍ ചവുട്ടി തുറന്ന് പറയും എടാ ദിനേശാ, പേസ്റ്റ് എവിടെടാ എടുക്കെടാ എന്ന്. ജമേഷ് പിയേഴ്സ് ഒക്കെ വാങ്ങി വച്ചിട്ടുണ്ടാകും. മിഥുന്‍ സോപ്പ് എവിടെ എന്ന് ചോദിച്ചിട്ട് അത് എടുക്കും. അപ്പോള്‍ ജമേഷ് പറയും എടാ അത് പിയേഴ്സാണ് എന്ന്. പിയേഴ്സ് എന്താ തേച്ചാല്‍ പതയില്ലെ എന്ന് ചോദിച്ചുകൊണ്ട് അവന്‍ പോകും. അവന്‍ പോയി കഴിഞ്ഞാല്‍ എനിക്കും പേസ്റ്റിനു വേണ്ടി ചെല്ലണം. മിഥുന്‍ അരിക്കൊമ്പന്‍ കയറി ഇറങ്ങിയത് പോലെ നിക്കുകയാണ്, നാട്ടുകാരെല്ലാം രോഷാകുലര്‍ ആണ്. അതിന്റ ഇടയിലേക്കാണ് ഞാന്‍ പോകേണ്ടത്.
എന്തായാലും തെറിവിളി കേള്‍ക്കുമല്ലോ, അതുകൊണ്ട് ഞാന്‍ വേറെ ഒരു നമ്പറാണ് എടുക്കാറുള്ളത്. ഞാന്‍ പോയി വാതില്‍ തുറന്നിട്ട്, എടാ ദിനേശാ നീ ഇന്നത്തെ സീനിലെ ആ ഡയലോഗ് പറഞ്ഞപ്പോള്‍ എന്ത് നേക്കിയിട്ടാടാ പറഞ്ഞത് ക്യാമറയില്‍ നോക്കി പറയണ്ടേ എന്നും പറഞ്ഞ് പേസ്റ്റ് എടുക്കും. പിന്നെ ഞാനിങ്ങനെ സോപ്പ് നോക്കും, എന്നിട്ട് ജമേഷിന്റെ അടുത്തേക്ക് പോയി പറയും എടാ ജമേഷേ ഇന്നലെ നിനക്ക് ഡയലോഗ് കിട്ടിയില്ലാലെ, കമല്‍ സാറിനോട് പറഞ്ഞ് നമുക്ക് ഡയലോഗ് സെറ്റാക്കാം എന്നും പറഞ്ഞ് സോപ്പ് എടുക്കും. അതും കൂടി എടുത്ത് കഴിയുമ്പോള്‍ ദിനേഷ് പറയും, എടാ നിനക്ക് സോപ്പോ, പേസ്റ്റോ വേണമെങ്കില്‍ എടുത്തിട്ട് പോ എന്ന്,’ പ്രശാന്ത് അലക്സാണ്ടര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: midhun ramesh about jishnu rakhav and nammal movie