| Wednesday, 17th January 2024, 9:49 pm

'പരിചയമില്ലാത്ത മരണ വീട്ടിൽ ഒരാൾ കോട്ടും സ്യൂട്ടും ധരിച്ചിരുന്നാൽ എങ്ങനെയുണ്ടാവും? വിചിത്രമല്ലേ'; റോഷാക്കിനെ കുറിച്ച് മിഥുൻ മുകുന്ദൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈയിടെ മലയാളത്തിൽ ഇറങ്ങി വ്യത്യസ്തത കൊണ്ടും ക്വാളിറ്റി കൊണ്ടും മികച്ച് നിന്ന മമ്മൂട്ടി ചിത്രം ആയിരുന്നു റോഷാക്ക്‌. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ പ്രകടനം കൊണ്ടും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് മിഥുൻ മുകുന്ദൻ ആയിരുന്നു. റോഷാക്കിന്റെ മൂഡ് സെറ്റ് ചെയ്യുന്നതിൽ വലിയ പങ്ക് വഹിക്കാൻ മിഥുന്റെ സംഗീതം സഹായിച്ചിട്ടുണ്ട്. ചിത്രത്തിൽ വർക്ക്‌ ചെയ്തതിന്റെ അനുഭവം പങ്കുവെക്കുകയാണ് മിഥുൻ.

വളരെ വിചിത്രമായ രീതിയിലുള്ള മ്യൂസിക്കാണ് ചിത്രത്തിനായി താൻ ചെയ്തതെന്നും സംവിധായകൻ നിസാം ബഷീറാണ് അങ്ങനെ ചെയ്യാൻ നിർദ്ദേശിച്ചതെന്നും മിഥുൻ പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു മിഥുൻ മുകുന്ദൻ.

‘നമ്മുടെ നാട്ടിലൊക്കെ ഒരു മരണം നടന്നാലുള്ള ഇമേജ് നമ്മുടെ മനസിൽ ഉണ്ടല്ലോ. എന്നാൽ ഒരു പരിചയവുമില്ലാത്ത വീട്ടിൽ ഒരു മനുഷ്യൻ കോട്ടും സ്യുട്ടും ഇട്ടിട്ട് നടുമുറ്റത്ത് കസേരയിൽ ഇരുന്നാൽ എങ്ങനെയുണ്ടാവും.

വളരെ വിചിത്രമായ സാധാരണ സംഭവിക്കാത്ത ഒരു കാര്യമാണത്. ഇവിടെ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു കാര്യമായിരിക്കരുത്. കാരണം സംഭവിക്കുന്നതും പ്രതീക്ഷിക്കാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ അങ്ങനെയൊരു പ്ലാനിലേക്ക് പോയതാണ്.

നിസാം എന്നോട് പറഞ്ഞത് ഗ്രാമ പശ്ചാത്തലത്തിലുള്ള മ്യൂസിക്കോ അല്ലെങ്കിൽ വിഷാദ ഭാവത്തിലുള്ള മ്യൂസിക്കോ ചെയ്യേണ്ട എന്നായിരുന്നു. മമ്മൂക്കയെ ഭയങ്കര വിചിത്രമായ എന്നാൽ കുറച്ച് മാസ് ആയ രീതിയിൽ അവതരിപ്പിക്കുന്ന സാധനം പിടിച്ചോ എന്നാണ് പറഞ്ഞത്.

ചെയ്ത് വന്നപ്പോൾ ഒരു കൺട്രി റോക്ക് ഫീലാണ് വന്നത്. ഞങ്ങൾ അത് തീരുമാനിച്ചിട്ടൊന്നുമില്ലായിരുന്നു. പിന്നെ അതൊരു പാട്ടായിട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു,’മിഥുൻ മുകുന്ദൻ പറയുന്നു.

Content Highlight: Midhun Mukundhan Talk About Rorschach Movie

We use cookies to give you the best possible experience. Learn more