| Friday, 21st October 2022, 7:34 pm

സിനിമ കണ്ടിട്ട് ഞാനാകെ അന്ധാളിച്ച് ഇരിപ്പായിരുന്നു; റോഷാക്കിലെ ആ സീനാണ് ഏറ്റവും ഇഷ്ടപ്പെട്ടതും വെല്ലുവിളിയായതും: മിഥുന്‍ മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് മികച്ച പ്രതികരണം നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടേയും ചിത്രത്തില്‍ അഭിനയിച്ച ഓരോ താരങ്ങളുടേയും പ്രകടനത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അഭിനയത്തോടൊപ്പം ചിത്രത്തിലെ പശ്ചാത്തല സംഗീതവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

മിഥുന്‍ മുകുന്ദനാണ് ചിത്രത്തിലെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ഒരു മൊട്ടേയ കഥ എന്നീ ചിത്രങ്ങളിലൂടെ കന്നഡയില്‍ ശ്രദ്ധ നേടിയതിന് ശേഷമാണ് മിഥുന്‍ റോഷാക്കില്‍ എത്തിയത്.

കമ്പോസിങ്ങിന്റെ സമയത്ത് നേരിട്ട പ്രതിസന്ധികളെക്കുറിച്ചും റോഷാക്കില്‍ തനിക്ക് ഇഷ്ടപ്പെട്ട സീനിനെക്കുറിച്ചും സംസാരിക്കുകയാണ് ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മിഥുന്‍.

ചിത്രത്തില്‍ ഓരോ കഥാപാത്രത്തിന്റേയും അഭിനയം ഗംഭീരമായിരുന്നുവെന്നും അതിനെ തടസപ്പെടുത്താത്ത വിധത്തില്‍ സ്‌കോര്‍ ചെയ്യുക വെല്ലുവിളിയായിരുന്നുവെന്നുമാണ് മിഥുന്‍ പറയുന്നത്. കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്നവര്‍ ഒരുമിച്ചെത്തുന്ന ചിത്രത്തില്‍ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്യുന്നത് ത്രില്ലിങ്ങായിരുന്നുവെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

‘സിനിമയുടെ ഫുള്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത് ഞാന്‍ സിനിമ കണ്ടതിന് ശേഷമാണ്. സിനിമ കണ്ടിട്ട് ഞാനാകെ അന്ധാളിച്ച് ഇരിപ്പായിരുന്നു. മമ്മൂക്ക മാത്രമല്ല. ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ ഇവരെല്ലൊം കുട്ടിക്കാലം മുതല്‍ നമ്മള്‍ കാണുന്നവരാണ്. ഇവരുടെ മുഖം വച്ചിട്ടാണ് ഞാന്‍ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്യുന്നത്. അതിന്റെ ത്രില്ല് വേറെ തന്നെയായിരുന്നു. അവരുടെയൊക്കെ പെര്‍ഫോമെന്‍സും അത്രയും മനോഹരമായിരുന്നു.

സ്‌കോര്‍ ചെയ്തതില്‍ എനിക്ക് ഏറ്റവും സാറ്റിസ്ഫാക്ഷന്‍ വന്ന സീന്‍ ബിന്ദു പണിക്കര്‍ അവതരിപ്പിച്ച സീതയും ജഗദീഷ് അവതരിപ്പിച്ച അഷ്‌റഫും തമ്മിലുള്ള സീനാണ്.

ആ സീനില്‍ അവരുടെ പെര്‍ഫോമെന്‍സ് അത്ര മനോഹരമായിരുന്നു. ആ സീനിന് ഞാന്‍ എന്ത് മ്യൂസിക് ഇട്ടാലും അത് ആ പെര്‍ഫോമന്‍സിനെ ഡിസ്ട്രാക്ട് ചെയ്യുകയേയുള്ളൂ. മ്യൂസിക്കിന് അതിനെ ഒരു തരത്തിലും ബാധിക്കാന്‍ പറ്റില്ല. ആ സീന്‍ അവര്‍ അഭിനയിച്ച് കഴിഞ്ഞ് അതിന്റെ അവസാനം പ്രേക്ഷകര്‍ക്ക് ആ സീനിന്റെ റിയലൈസേഷന്‍ വരുന്ന സമയത്താണ് മ്യൂസിക് കേറേണ്ടത്. അതായിരുന്നു എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയും,’ മിഥുന്‍ പറയുന്നു.

Content Highlight: Midhun Mukundhan says about rorshach and his favorite scene in the movie

We use cookies to give you the best possible experience. Learn more