| Friday, 12th January 2024, 3:03 pm

ഓസ്ലറില്‍ സംഗീതം കൊണ്ട് ചികിത്സ നടത്തുന്ന മിഥുന്‍ മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരിടവേളക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് അബ്രഹാം ഓസ്ലര്‍. ചിത്രത്തിലെ പോസിറ്റീവ് ഘടകങ്ങളിലൊന്ന് മിഥുന്‍ മുകുന്ദന്‍ ചെയ്ത ബി.ജി.എമ്മാണ്. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഓസ്ലറില്‍ ആരാധകരെ പിടിച്ചിരുത്താന്‍ ബി.ജി.എം വഹിച്ച പങ്ക് ചെറുതല്ല. ഒരു ത്രില്ലര്‍ സിനിമയില്‍, കാണുന്ന പ്രേക്ഷകനെ ഹുക്ക് ചെയ്യുന്ന രീതിയിലുള്ളതാണ് മിഥുന്റെ സംഗീതം. ടൈറ്റില്‍ ബി.ജി.എം ആയാലും, മമ്മൂട്ടിയുടെ ഇന്‍ട്രോ ബി.ജി.എം ആയാലും കാണികളെ ത്രില്ലടിപ്പിച്ചു. ആറ് വര്‍ഷത്തോളമായി സംഗീതരംഗത്തുള്ള മിഥുന്‍ കഴിഞ്ഞ രണ്ട് വര്‍ത്തിനുള്ളിലാണ് സൗത്തിന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധേയനായത്.

ബാംഗ്ലൂരില്‍ ജനിച്ച് വളര്‍ന്ന മലയാളിയാണ് മിഥുന്‍ മുകുന്ദന്‍. പ്രൊഫഷന്‍ കൊണ്ട് ഡോക്ടര്‍ ആണെങ്കിലും മിഥുന്റെ പാഷന്‍ സംഗീതമാണ്. 2016ല്‍ പുറത്തിറങ്ങിയ കഹി എന്ന കന്നഡ ചിത്രത്തിലൂടെയാണ് മിഥുന്‍ സിനിമാരംഗത്തേക്ക് എത്തുന്നത്. കഹിയിലെ സംഗീതം അടുത്ത ചിത്രത്തിലേക്ക് വഴിയൊരുക്കി. അഭിനേതാവും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ആദ്യ സംവിധാനസംരംഭമായ ‘ഒണ്ടു മൊട്ടെയെ കഥെ’ എന്ന ചിത്രത്തിലെ സംഗീതം പ്രശംസ നേടി. 2021ല്‍ റിലീസായ ‘ഗരുഡ ഗമന വൃഷഭ വാഹന’ എന്ന ചിത്രത്തിലെ സംഗീതമാണ് മിഥുനെ കന്നഡ ഇന്‍ഡസ്ട്രിക്ക് പുറത്ത് പ്രശസ്തനാക്കിയത്. രാജ് ബി ഷെട്ടി സംവിധാനം ചെയ്ത സിനിമയിലെ ഗാനങ്ങളും ബി.ജി.എമ്മും മലയാളി സിനിമാസ്വാദകര്‍ക്കിടയിലും ചര്‍ച്ചാവിഷയമായി. ചിത്രത്തിലെ സോജുഗാദ സൂജുമല്ലികെ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

2022ല്‍ റോഷാക്ക് എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറി. പ്രമേയം കൊണ്ടും സംഗീതം കൊണ്ടും ഇന്റര്‍നാഷണല്‍ ക്വാളിറ്റിയുള്ള സിനിമ എന്നായിരുന്നു റോഷാക് കണ്ടവരുടെ പ്രതികരണം. ചിത്രത്തില്‍ മമ്മൂട്ടിയുടെ ലുക്കും അഭിനയവും ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.

റോഷാക്കിന് ശേഷം ആന്റണി വര്‍ഗീസ് നായകനായ പൂവനിലും, നിവിന്‍ പോളി ചിത്രം രാമചന്ദ്ര ബോസ് ആന്‍ഡ് കോയിലും മിഥുന്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. 2023ല്‍ ‘കുട്ട ബൊമ്മാലി പി.എസ്’ എന്ന സിനിമയിലൂടെ തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു. ചിത്രത്തില്‍ ഒരു പാട്ട് മാത്രമാണ് മിഥുന്‍ കമ്പോസ് ചെയ്തത്.

ഒരിടവേളക്ക് ശേഷം 2023ല്‍ രാജ്.ബി.ഷെട്ടിയുടെ കൂടെ രണ്ട് കന്നഡ സിനിമകളില്‍ മിഥുന്‍ സംഗീതസംവിധാനം ചെയ്തു. ‘സ്വാതി മുത്തിന മാളെ ഹാനിയെ’, ‘ടോബി’ എന്നീ സിനിമകളിലെ സംഗീതവും ശ്രദ്ധേയമായിരുന്നു. ആറ് വര്‍ഷത്തിനുള്ളില്‍ 20ഓളം സിനിമകളില്‍ ചെയ്ത മിഥുന്റെ ഓരോ വര്‍ക്കും വ്യത്യസ്തമാണ്. സിനിമയുടെ ഴോണര്‍ ഏതായാലും അതുമായി ചേര്‍ന്ന് നില്‍ക്കുന്ന മുമ്പ് കേട്ട് പരിചയിച്ചിട്ടില്ലാത്ത തരത്തിലുള്ളതാണ് മിഥുന്റെ ഓരോ വര്‍ക്കും.

Content Highlight: Midhun Mukundan’s music in Abraham Ozler

We use cookies to give you the best possible experience. Learn more