റോഷാക്കിനെ പറ്റി നിസാമിന് നല്ല ബോധ്യമുണ്ടായിരുന്നു, ട്രെയ്‌ലറിലെ സംഗീതം മൂന്ന് തവണയാണ് മാറ്റിയത്: മിഥുന്‍ മുകുന്ദന്‍
Film News
റോഷാക്കിനെ പറ്റി നിസാമിന് നല്ല ബോധ്യമുണ്ടായിരുന്നു, ട്രെയ്‌ലറിലെ സംഗീതം മൂന്ന് തവണയാണ് മാറ്റിയത്: മിഥുന്‍ മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th October 2022, 11:56 pm

റോഷാക്ക് എന്ന ചിത്രത്തിന്റെ വിജയത്തിനൊപ്പം ശ്രദ്ധിക്കപ്പെട്ട പേരാണ് മിഥുന്‍ മുകുന്ദന്റേതും. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് മിഥുന്‍ ആയിരുന്നു. ഗരുഡ ഗമന ഋഷഭ വാഹന, ഒരു മൊട്ടേയ കഥ എന്നീ ചിത്രങ്ങളിലൂടെ കന്നഡിയില്‍ ശ്രദ്ധ നേടിയതിന് ശേഷമാണ് മിഥുന്‍ റോഷാക്കില്‍ എത്തിയത്. റോഷാക്കില്‍ നിസാം ബഷീറിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മിഥുന്‍.

‘നിസാം ബഷീറും ഞാനുമായി മുന്‍പ് ഒരു പരിചയവുമില്ല. കെട്ട്യോളാണെന്റെ മാലാഖയേക്കുറിച്ച് മുമ്പ് കേട്ടിട്ടുണ്ട്. അന്ന് കണ്ടിരുന്നില്ല. നിസാമിന്റെ വിവാഹം നടക്കുന്ന സമയത്താണ് ഗരുഡ ഗമനയുടെ ട്രെയ്‌ലര്‍ ഇറങ്ങുന്നത്. അന്ന് ആരോ പറഞ്ഞറിഞ്ഞതാവാം, നിസാം അതുകണ്ടു.

പടം ആദ്യദിവസം കൊച്ചിയില്‍ വെച്ച് അദ്ദേഹം കണ്ടു. കണ്ട ഉടനെ റോഷാക്കിന്റെ തിരക്കഥാകൃത്ത് സമീറിനെ വിളിച്ചുപറഞ്ഞു ഇങ്ങനെയൊരാളുണ്ട്, കേട്ടിട്ട് മലയാളിയാണെന്ന് തോന്നുന്നു, നമ്മുടെ പുതിയ പടത്തിന് പറ്റുമെന്ന്. എല്ലാം ഒരു നിമിത്തംപോലെ തോന്നുന്നു,’ മിഥുന്‍ പറഞ്ഞു.

‘റോഷാക്കിന്റെ എല്ലാ മേഖലകളെയുമെന്നപോലെ മ്യൂസിക്കിനേക്കുറിച്ചും നിസാമിന് നല്ല ബോധ്യമുണ്ടായിരുന്നു. ഇന്ന ടൈപ്പ് ഴോണര്‍ വേണമെന്ന് പറഞ്ഞിരുന്നില്ല. എനിക്ക് പരിമിതികളുമുണ്ടായിരുന്നില്ല.

ഏതൊരു സംവിധായകന്റെ കൂടെ ജോലി ചെയ്യുമ്പോഴും അതിന്റേതായ സമയം ഞാനെടുക്കാറുണ്ട്. പിന്നെ കഥ കാണുമ്പോള്‍ സംഗീതജ്ഞന്‍ എന്ന നിലയില്‍ നമുക്കും ചില കാര്യങ്ങള്‍ തോന്നുമല്ലോ. എന്റെ സഹജമായ വാസനയും നിസാമിന്റെ കാഴ്ചപ്പാടും യോജിക്കുന്ന പോയിന്റിലെത്തിക്കാനുള്ള റിസര്‍ച്ച് നടന്നു എന്നുപറയാം. അതെല്ലാം മനസിലാക്കിയാണ് പടം ചെയ്തത്.

വളരെ ശ്രദ്ധിച്ചാണ് ചെയ്തത്. അവിടെയെല്ലാം നിസാമിന്റെ സംഭാവനകളുണ്ടായിരുന്നു. എല്ലാത്തിലും അദ്ദേഹത്തിന്റെ മേല്‍നോട്ടമുണ്ടായിരുന്നു. എന്നാല്‍ എന്നെ ഒന്നിലും തടഞ്ഞുമില്ല. ട്രെയ്‌ലറിലെ സംഗീതം മൂന്ന് തവണയാണ് മാറ്റി ചെയ്തത്,’ മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Midhun mukundan is sharing his experiences with Nissam Basheer in Roschach