| Monday, 15th January 2024, 1:02 pm

വളരെ കഷ്ടപ്പെട്ട് ചെയ്ത വര്‍ക്കായിരുന്നു അത്, പക്ഷേ മമ്മൂക്ക കാരണം തിയേറ്ററില്‍ കേള്‍ക്കാന്‍ പറ്റിയില്ല; മിഥുന്‍ മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരിടവേളക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് അബ്രഹാം ഓസ്ലര്‍. ചിത്രത്തിലെ പോസിറ്റീവ് ഘടകങ്ങളിലൊന്ന് മിഥുന്‍ മുകുന്ദന്‍ ചെയ്ത ബി.ജി.എമ്മാണ്. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഓസ്ലറില്‍ ആരാധകരെ പിടിച്ചിരുത്താന്‍ ബി.ജി.എം വഹിച്ച പങ്ക് ചെറുതല്ല. ഒരു ത്രില്ലര്‍ സിനിമയില്‍, കാണുന്ന പ്രേക്ഷകനെ ഹുക്ക് ചെയ്യുന്ന രീതിയിലുള്ളതാണ് മിഥുന്റെ സംഗീതം. ടൈറ്റില്‍ ബി.ജി.എം ആയാലും, മമ്മൂട്ടിയുടെ ഇന്‍ട്രോ ബി.ജി.എം ആയാലും കാണികളെ ത്രില്ലടിപ്പിച്ച വര്‍ക്ക് ആയിരുന്നു.

എന്നാല്‍ ആ ബി.ജി.എം തനിക്ക് തിയേറ്ററില്‍ നിന്ന് കേള്‍ക്കാനായില്ല എന്ന അനുഭവം പങ്കുവെക്കുകയാണ് മിഥുന്‍. എല്ലാ പ്രേക്ഷകരും ഒരുപോലെ ആഘോഷിച്ച മമ്മൂട്ടിയുടെ ഇന്‍ട്രോ ബി.ജി.എം തിയേറ്ററില്‍ നിന്ന് കേട്ടപ്പോള്‍ തോന്നിയ ഇമോഷന്‍ എന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മിഥുന്‍. ‘സത്യം പറഞ്ഞാല്‍ എനിക്ക് ഇതുവരെ ആ ഇമോഷന്‍ കിട്ടിയിട്ടില്ല. ഞാന്‍ കണ്ട തിയേറ്ററില്‍ എനിക്ക് അത് കേള്‍ക്കാന്‍ പറ്റിയില്ല. കാരണം മമ്മൂക്ക സ്‌ക്രീനില്‍ വന്ന സമയം തൊട്ട് എല്ലാവരും കൈയടിയും ബഹളവുമായിരുന്നു.

ഞങ്ങള്‍ വളരെ കഷ്ടപ്പെട്ട് ചെയ്ത വര്‍ക്ക് ആയിരുന്നു അത്. ഇങ്ങനെയൊക്കെ വേണം ഇത് തിയേറ്ററില്‍ പ്ലേ ചെയ്യാന്‍ എന്നൊക്കെ പ്ലാന്‍ ചെയ്ത് കമ്പോസ് ചെയ്തതായിരുന്നു അതൊക്കെ. ആ സീനിന് ഒരു ഇംപാക്ട് ഉണ്ട്. മമ്മൂക്കയുടെ ഇന്‍ട്രോക്ക് തിയേറ്റര്‍ ഇളകിമറിയണം എന്ന് മിഥുന്‍ മാനുവലിന്റെ ഇന്‍സ്ട്രക്ഷന്‍ ഉണ്ടായിരുന്നു. ആ സീനിന് കമ്പോസ് ചെയ്ത് കണ്ട ശേഷം എനിക്ക് രോമാഞ്ചം ഉണ്ടായി. അതിന്റെ പത്തിരട്ടിയായിരുന്നു പ്രേക്ഷകര്‍ക്ക് ഉണ്ടായ രോമാഞ്ചം. അത് എന്റെ മാത്രം വിജയമായി കാണാതെ മുഴുവന്‍ ക്രൂവിന്റെയും വിജയമായി കാണാനാണ് എനിക്ക് ഇഷ്ടം’ മിഥുന്‍ പറഞ്ഞു.

2016ല്‍ കഹി എന്ന കന്നഡ സിനിമയിലൂടെയാണ് മിഥുന്‍ സംഗീതസംവിധാന രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് നിരവധി കന്നഡ സിനിമകള്‍ക്ക് മിഥുന്‍ സംഗീതം നല്‍കി. 2021ല്‍ പുറത്തിറങ്ങിയ ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിലെ പാട്ടുകള്‍ കന്നഡ ഇന്‍ഡസ്ട്രിക്ക് പുറത്ത് പ്രശസ്തനാക്കി. 2022ല്‍ റോഷാക്ക് എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറി.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലറില്‍ മമ്മൂട്ടിയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജഗദീഷ്, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഡോ. രണ്‍ധീര്‍ കൃഷ്ണനാണ്.

Content Highlight: Midhun Mukundan about Abraham Ozler music

We use cookies to give you the best possible experience. Learn more