ആടിലേക്ക് വരാനുള്ള കാരണം ഈ സിനിമയായിരുന്നു: മിഥുൻ മാനുവൽ
Film News
ആടിലേക്ക് വരാനുള്ള കാരണം ഈ സിനിമയായിരുന്നു: മിഥുൻ മാനുവൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th November 2023, 11:14 pm

ആട് എന്ന ചിത്രത്തിലൂടെ കോമഡി സിനിമയിൽ തന്റേതായ ഒരിടം സൃഷ്‌ടിച്ച സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. താൻ കോമഡിയിലേക്ക് വരാനുണ്ടായ സാഹചര്യം വ്യക്തമാക്കുകയാണ് മിഥുൻ മാനുവൽ . ഓം ശാന്തി ഓശാനയുടെ തിരക്കഥ എഴുതിയപ്പോഴാണ് തനിക്ക് ഹ്യൂമർ ചെയ്യാൻ കഴിയുമെന്ന് മനസിലായതെന്ന് മിഥുൻ പറയുന്നുണ്ട്.

തന്റെ ഡയലോഗുകൾക്ക് ആളുകൾ ചിരിച്ചപ്പോൾ സ്വഭാവികമായിട്ടും കോമഡി ചെയ്യാനല്ലേ ചിന്തിക്കുകയെന്നും അങ്ങനെയാണ് ‘ആട്’ വരുന്നതെന്നും മിഥുൻ മാനുവൽ കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോമഡിയിലേക്ക് വളരെ യാദൃശ്ചികമായി എത്തിപ്പെട്ട ഒരാളാണ് ഞാൻ. ഓം ശാന്തി ഓശാന ജൂഡ് ആന്തണി സംവിധാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ അതിന് തിരക്കഥ എഴുതിയപ്പോഴാണ് ഹ്യൂമർ നമുക്കൊരു നാക്ക് ഉണ്ടെന്ന് മനസ്സിലായത്. നമ്മുടെ കോമഡി ഡയലോഗുകൾക്ക് ആളുകൾ ചിരിച്ചു കഴിഞ്ഞപ്പോഴാണ് നമ്മൾ കോമഡിയെക്കുറിച്ച് ചിന്തിച്ചത്.

അതുകൊണ്ട് സ്വാഭാവികമായിട്ടും നമ്മൾ അടുത്തത് കോമഡിയെ കുറിച്ച് ആയിരിക്കുമല്ലോ ആലോചിക്കുന്നത്. അങ്ങനെയാണ് ആട് വരുന്നത്. ആട് വീണു കഴിഞ്ഞപ്പോഴേക്കും നമ്മൾ ത്രില്ലറിനെ കുറിച്ച് ആലോചിക്കുന്നില്ല. ആൻ മരിയ ചെയ്തു. അതും ഒരു ഹ്യൂമർ ടച്ച് ഉള്ള സിനിമ ആയിരുന്നു. അങ്ങനെ കുറച്ചുകാലം കോമഡിയുടെ ഉള്ളിൽ പോയപ്പോഴാണ് ഇനി ഇതിൽ തന്നെ തുടർന്നാൽ പണി പാളുമല്ലോ എന്ന് മനസ്സിലായത്. അപ്പോഴാണ് നമ്മൾ അർജൻറീന ഫാൻസിനു ശേഷം ത്രില്ലർ തുടങ്ങുന്നത്.

ഇനി കോമഡിയിലേക്ക് എപ്പോഴാണ് തിരിച്ച് പോകുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് ഒന്ന് രണ്ട് ത്രില്ലർ കൂടെ വരുണ്ടെന്നും പിന്നെ മനസിലുള്ള കഥകൾ കൂടെ എഴുതി കഴിഞ്ഞാൽ കോമഡിയിലേക്ക് തിരിച്ച് വരുമെന്നുമായിരുന്നു മിഥുൻ മാനുവലിന്റെ മറുപടി.

‘ഒരു രണ്ട് മൂന്ന് സംഗതികൾ കൂടി വരാറുണ്ട്. മനസിലുള്ള കഥകൾ കൂടെ എഴുതി കഴിഞ്ഞാൽ വീണ്ടും കോമഡിയിലേക്ക് തിരിച്ച് വരും. വരാനുള്ളതിൽ ഒരെണ്ണം വെബ് സീരീസ് ആണ്. അതിൻ്റെ പണി നടന്ന് കൊണ്ടിരിക്കുന്നു. പിന്നെ എഴുതാനായിട്ട് ഒന്ന് രണ്ടെണ്ണം ആലോചനയിൽ ഉണ്ട്. അത് ഈ പറയുന്ന സാധനങ്ങളൊക്കെ വിജയിക്കണം. അല്ലെങ്കിൽ പേടിച്ചിട്ട് നമ്മൾ ജീവനും കൊണ്ട് കോമഡിയിലേക്ക് ഓടി പോകും,’ മിഥുൻ മാനുവൽ പറഞ്ഞു.

Content Highlight: Midhun manuvel about entering into comedy movies