എ പടം തന്നെ ആകാനുള്ള പരിപാടിയാണ്; ഞാൻ സംവിധാനം ചെയ്യുന്ന സിനിമകൾ മാത്രം: മിഥുൻ മാനുവൽ തോമസ്
Film News
എ പടം തന്നെ ആകാനുള്ള പരിപാടിയാണ്; ഞാൻ സംവിധാനം ചെയ്യുന്ന സിനിമകൾ മാത്രം: മിഥുൻ മാനുവൽ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th January 2024, 5:05 pm

താൻ സംവിധാനം ചെയ്യുന്ന സിനിമകളുടെ പേരുകളെല്ലാം എയിൽ തുടങ്ങുമെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ്. സംവിധാനം ചെയ്യുന്ന സിനിമകളാണ് എയിൽ തുടങ്ങുകയെന്നും തിരക്കഥ എഴുതുന്ന സിനിമകൾ അങ്ങനെയല്ലെന്നും മിഥുൻ പറഞ്ഞു. അഞ്ചാം പാതിര വരെ അത് യാദൃശ്ചികമായി വന്നതാണെന്നും മിഥുൻ മാനുവൽ പറയുന്നുണ്ട്.

‘ഇനി ഞാൻ സംവിധാനം ചെയ്യുന്ന എല്ലാ പടങ്ങളും എയിൽ തുടങ്ങണമെന്നാണ്. സംവിധാനം ചെയ്യുന്ന പടങ്ങൾ മാത്രമാണ് എഴുതുന്നതല്ല. എന്തായാലും അഞ്ചാം പാതിര വരെ അത് യാദൃശ്ചികമായി വന്നതാണ്. പേര് തപ്പി തപ്പി മടുത്തിട്ടാണ് അഞ്ചാംപാതിര എന്ന് അവസാനം ഇട്ടത്. അപ്പോൾ എനിക്ക് തോന്നി അതും എ ആണല്ലോ. അത് അങ്ങനെതന്നെ ആയിക്കോട്ടെ എന്ന് കരുതി.

പിന്നെ അബ്രഹാം ഓസ്ലർ വന്നപ്പോൾ അതും എയിൽ തന്നെ തുടങ്ങാമെന്ന് വിചാരിച്ചു. ഇനി സംവിധാനം ചെയ്യുന്ന സിനിമകൾ മാക്സിമം എയിൽ തന്നെ പിടിക്കാനുള്ള തീരുമാനമാണ്. എ പടം തന്നെ ആക്കാനുള്ള പരിപാടിയാണ്,’ മിഥുൻ മാനുവൽ തോമസ് പറഞ്ഞു.

ഇതിന് പുറമെ ഓം ശാന്തി ഓശാന, ഗരുഡൻ, ഫീനിക്സ്, തുടങ്ങിയവയെല്ലാം മിഥുൻ തിരക്കഥ രചിച്ച ചിത്രങ്ങളാണ്. മമ്മൂട്ടി നായകനാകുന്ന ടർബൊയാണ് മിഥുൻ തിരക്കഥ എഴുതി പുറത്തിറങ്ങാനുള്ള ചിത്രം. ആട്, ആൻ മരിയ കലിപ്പിലാണ്, അലമാര. ആട് 2 , അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്, അഞ്ചാം പാതിര തുടങ്ങിയവയാണ് മാനുവൽ തോമസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എ പടങ്ങൾ.

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അടുത്ത എ പടമാണ് അബ്രഹാം ഓസ്ലര്‍. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതേസമയം, അബ്രഹാം ഓസ്ലറില്‍ ജയറാമിന് പുറമെ അനശ്വര രാജനും, അര്‍ജുന്‍ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്.

 

Content Highlight: Midhun manuel thomas about his movie’s name