ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ മലയാള സിനിമയാണ് ടര്‍ബോ. മമ്മൂട്ടി നായകനാകുന്ന ചിത്രം പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
സിനിമാ പ്രേമികള്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒരുങ്ങിയത് വൈശാഖിന്റെ സംവിധാനത്തിലാണ്. സിനിമയില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മാസ് ആക്ഷന്‍ കോമഡി ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസാണ്.
തനിക്ക് ക്യാമറയുടെ പുറകില്‍ നില്‍ക്കാനാണ് താത്പര്യമെന്നും എന്നാല്‍ എല്ലാ സിനിമകളുുടെയും പ്രൊമോഷന് താന്‍ പോകേണ്ട അവസ്ഥയാണെന്നും പറയുകയാണ് മിഥുന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് പ്രൊമോഷനുകള്‍ക്ക് ആര്‍ട്ടിസ്റ്റുകളെ തള്ളിവിട്ടാല്‍ മതിയായിരുന്നുവെന്നും ഇപ്പോള്‍ സംവിധായകനും തിരക്കഥാകൃത്തും പോകേണ്ട അവസ്ഥയാണെന്നും മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു. ടര്‍ബോയുടെ പ്രൊമോഷന് വേണ്ടി സംവിധായകന്‍ വൈശാഖ് വരാത്തതിന്റെ കാരണത്തെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പങ്കുവെച്ചു.
‘എന്റെ രണ്ടുമൂന്ന് സിനിമകള്‍ അടുപ്പിച്ചു വന്നു. എല്ലാ സിനിമയുടെയും പ്രൊമോഷന് നമ്മള്‍ പോകേണ്ട അവസ്ഥയാണ്. അതിനായി എല്ലാ ചാനലുകളിലും കയറണം. എനിക്കാണെങ്കില്‍ ക്യാമറയുടെ പുറകില്‍ നില്‍ക്കാനാണ് താത്പര്യം.
പക്ഷെ സംസാരിക്കാന്‍ അറിയുമെന്ന കാരണം കൊണ്ടും എന്റെ സിനിമയെ കുറിച്ച് ഞാനല്ലാതെ മറ്റാര് പറയുമെന്ന ചോദ്യം വരുന്നത് കൊണ്ടും ഇങ്ങനെ പ്രൊമോഷന് പോകുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ഇതിന് മുമ്പാണെങ്കില്‍ ആര്‍ട്ടിസ്റ്റിനെ തള്ളിവിട്ടാല്‍ മതിയായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. ഡയറക്ടറും തിരക്കഥാകൃത്തും പോകണം.
ഇവിടെ വൈശാഖേട്ടന്‍ എന്തായാലും വരില്ലെന്ന് പറഞ്ഞു. അതിനുള്ള ഒരു കാരണം പടത്തിന്റെ അവസാനത്തെ പണിപ്പുരയിലാണ് അദ്ദേഹമെന്നതാണ്. പിന്നെ വൈശാഖേട്ടന് തള്ളി ശീലമില്ല. മോനേ നിങ്ങളൊക്കെ പോയി വെടിപ്പായിട്ട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞിട്ട് പുള്ളി അവിടെ ഒളിച്ചിരിപ്പുണ്ട്,’ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.
Content Highlight: Midhun Manuel Thomas Talks About Vaisakh And Turbo