തന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ സെറ്റില്‍ പോയാല്‍ സംവിധാനത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്താറില്ലെന്ന് പറയുകയാണ് മിഥുന്‍ മാനുവല്‍ തോമസ്. ഓം ശാന്തി ഓശാന, ഗരുഡന്‍, ഫീനിക്‌സ്, ടര്‍ബോ എന്നിവയാണ് മറ്റു സംവിധായകര്‍ക്കായി മിഥുന്‍ തിരക്കഥയെഴുതിയ ചിത്രങ്ങള്‍.
പലപ്പോഴും ആ സെറ്റുകളിലേക്ക് പോകാറില്ലെന്നും ടര്‍ബോയുടെ സെറ്റില്‍ പോയത് മമ്മൂട്ടിയുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറയുന്നു. ടര്‍ബോയുടെ പ്രൊമോഷന്റെ ഭാഗമായി മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മിഥുന്‍ മാനുവല്‍ തോമസ്.
‘ഞാന്‍ തിരക്കഥ എഴുതിയ സിനിമയുടെ സെറ്റിലേക്ക് പോകാറില്ല. പിന്നെ ടര്‍ബോയുടെ സെറ്റില്‍ പോയത് അവിടെ മമ്മൂക്ക ഉള്ളത് കൊണ്ടാണ്. ഞാന്‍ ഗരുഡന്റെ സെറ്റില്‍ വളരെ അപൂര്‍വ്വമായേ പോയിട്ടുള്ളൂ. ഒന്നോ രണ്ടോ തവണ മാത്രമാണ് പോയത്.
ഫീനിക്‌സിന്റെ സെറ്റിലും അതുപോലെ തന്നെയാണ്. ഓം ശാന്തി ഓശാനയുടെ സെറ്റില്‍ ആദ്യത്തെ എട്ടോ പത്തോ ദിവസം കഴിഞ്ഞ് എന്റെ കൗതുകം മാറിയപ്പോള്‍ ഞാന്‍ വീട്ടില്‍ പോയി. പിന്നെ അവസാനത്തെ രണ്ട് ദിവസമാണ് ആ സെറ്റില്‍ പോയത്.
നമ്മള്‍ എഴുതിയ കഥ ആരെങ്കിലും സംവിധാനം ചെയ്യുമ്പോള്‍ മോണിറ്ററിന്റെ പുറകില്‍ ഇരുന്ന് അഭിപ്രായം പറഞ്ഞാല്‍ ഞാന്‍ എഴുതുന്ന കഥയും ഡയറക്ട് ചെയ്യുന്ന കഥയുമൊക്കെ ഒരുപോലെയിരിക്കും. പിന്നെ അതിന്റെ ആവശ്യവുമില്ലല്ലോ. കാരണം നമ്മള്‍ പണി അറിയാവുന്ന ആള്‍ക്ക് ആകുമല്ലോ ആ സ്‌ക്രിപ്റ്റ് കൊടുക്കുന്നത്. അയാള്‍ തന്നെ അത് സംവിധാനം ചെയ്യട്ടെ.
നാളെ ശബരീഷ് ഒരു ഡയറക്ടര്‍ ആകുമ്പോള്‍ എന്നോട് സ്‌ക്രിപ്റ്റ് ചോദിച്ചാല്‍ ഞാന്‍ കൊടുക്കും. പൂജക്ക് പോയ ശേഷം ഇടക്ക് വല്ലപ്പോഴും സെറ്റില്‍ പോയി നോക്കുമെന്നല്ലാതെ ഞാന്‍ അവിടെ ഇരുന്ന് ഒരു അഭിപ്രായ പ്രകടനവും നടത്തില്ല. അല്ലെങ്കില്‍ അത് അവസാനം ഞാന്‍ സംവിധാനം ചെയ്ത സിനിമകളുടെ സ്വഭാവത്തിലേക്ക് വരും.
സ്‌ക്രിപ്റ്റ് ഞാന്‍ കൊടുക്കും, പക്ഷെ ലൊക്കേഷനിലേക്ക് കാര്യമായി പോകുകയുമില്ല അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയുമില്ല. കാസ്റ്റിങ്ങില്‍ നമുക്ക് അഭിപ്രായങ്ങളുണ്ട്. ടെക്‌നീഷ്യന്റെ കാര്യത്തിലും ചിലപ്പോള്‍ അഭിപ്രായം പറയും. പക്ഷെ ഷൂട്ടിങ്ങില്‍ അത് പറയില്ല,’ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.
Content Highlight: Midhun Manuel Thomas Talks About Ohm Shanthi Oshaana Movie Shooting Set