അല്ലായിരുന്നുവെങ്കില്‍ മമ്മൂക്കയും ജഗദീഷേട്ടനുമൊക്കെ അഞ്ചോ ആറോ വര്‍ഷംകൊണ്ട് ഫീല്‍ഡ് ഔട്ടായേനെ: മിഥുന്‍ മാനുവല്‍
Entertainment
അല്ലായിരുന്നുവെങ്കില്‍ മമ്മൂക്കയും ജഗദീഷേട്ടനുമൊക്കെ അഞ്ചോ ആറോ വര്‍ഷംകൊണ്ട് ഫീല്‍ഡ് ഔട്ടായേനെ: മിഥുന്‍ മാനുവല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th November 2024, 4:08 pm

മമ്മൂട്ടിക്ക് ഇപ്പോള്‍ പല കഥകള്‍ കേട്ട് പല കഥാപാത്രങ്ങള്‍ ചെയ്ത് പോയിക്കൊണ്ടിരിക്കുന്ന ഒരു സമയമാണെന്ന് പറയുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവല്‍ തോമസ്. എന്താണ് ചെയ്യുന്നതെന്ന് പറയാന്‍ പറ്റാത്ത ഒരു യാത്രയിലാണ് അദ്ദേഹമെന്നും മമ്മൂട്ടിക്ക് ഇപ്പോള്‍ യാതൊരു നിര്‍ബന്ധ ബുദ്ധിയുമില്ലെന്നും മിഥുന്‍ പറയുന്നു.

നടന്‍ ജഗദീഷും അതുപോലെ തന്നെയാണെന്നും മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പല കഥകള്‍ കേട്ട് പല കഥാപാത്രങ്ങള്‍ ചെയ്ത് പോയിക്കൊണ്ടിരിക്കുന്ന ഒരു സമയമാണ് ഇപ്പോള്‍ മമ്മൂക്കക്ക്. എന്താണ് ചെയ്യുന്നതെന്ന് പറയാന്‍ പറ്റാത്ത പ്രവചിക്കാന്‍ കഴിയാത്ത ഒരു യാത്രയിലാണ് അദ്ദേഹം. മമ്മൂക്കക്ക് ഇപ്പോള്‍ യാതൊരു നിര്‍ബന്ധബുദ്ധിയുമില്ല.

നമ്മള്‍ ഇനി ഒരു സയന്‍സ് ഫിക്ഷന്‍ കഥ പോയി പറഞ്ഞാലും അദ്ദേഹത്തിന് ഓക്കെയാണ്. ആ ഴോണറില്‍ അത് നന്നായിരിക്കണം, അത്രമാത്രമേ അദ്ദേഹത്തിന് നിര്‍ബന്ധമുള്ളൂ. ഒരു സിനിമ ചെയ്യുമ്പോള്‍ മമ്മൂക്ക ഒന്നോ രണ്ടോ സിനിമകള്‍ റഫറന്‍സായി എടുക്കും.

ആ റഫറന്‍സെടുത്ത സിനിമ അദ്ദേഹം കണ്ടിട്ടുണ്ടായിരിക്കും. അതിനോട് കിടപിടിക്കുന്ന ഒരു സിനിമയായിരിക്കണം എന്ന നിര്‍ബന്ധം മാത്രമേ മമ്മൂക്കക്ക് ഉണ്ടാകുകയുള്ളൂ.

ഇനി ജഗദീഷേട്ടന്റെ കാര്യം പറയുകയാണെങ്കില്‍, അദ്ദേഹവും അങ്ങനെ തന്നെയാണ്. ജഗദീഷേട്ടന്റെ അടുത്ത് ഒരു കഥ പറയുമ്പോള്‍ കോമഡി ആണെങ്കില്‍ കോമഡി. ആ വേഷവും അതിലെ കോമഡിയും നന്നായിരിക്കണമെന്ന് മാത്രമേ അ്‌ദ്ദേഹത്തിന് ഉണ്ടാകുള്ളൂ.

സിനിമയുടെയും അതിലെ കഥാപാത്രത്തിന്റെയും പ്രോഗ്രസ്സിനെ കുറിച്ച് മാത്രമേ ആര്‍ട്ടിസ്റ്റുകള്‍ സംസാരിക്കാറുള്ളൂ. ബുദ്ധിയുള്ള എല്ലാ ആര്‍ട്ടിസ്റ്റുകളും അങ്ങനെയാണ് ചെയ്യുക.

ഇവരൊക്കെ സത്യത്തില്‍ ബുദ്ധിയുള്ളത് കൊണ്ടാണ് 25 ഉം 30 ഉം വര്‍ഷം വരെ സിനിമയില്‍ നില്‍ക്കുന്നത്. ബുദ്ധി ഇല്ലാതിരുന്നെങ്കില്‍ ചിലപ്പോള്‍ അഞ്ചോ ആറോ വര്‍ഷംകൊണ്ട് ഫീല്‍ഡ് ഔട്ടായി പോയേനെ,’ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.

Content Highlight: Midhun Manuel Thomas Talks About Mammootty And Jagadish