| Thursday, 18th January 2024, 11:04 pm

'ആന്‍മരിയയില്‍ മകന്‍, ഓസ്ലറില്‍ വാപ്പച്ചി' ദുല്‍ഖറിനെയും മമ്മൂട്ടിയെയും കാമിയോ റോളില്‍ കൊണ്ടുവന്നതിനെ കുറിച്ച് മിഥുന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ സിനിമകള്‍ കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. 2014ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന സിനിമയുടെ തിരക്കഥ ഒരുക്കിക്കൊണ്ടായിരുന്നു അദ്ദേഹം സിനിമാ മേഖലയിലേക്ക് കടന്ന് വന്നത്.

കോമഡി ഴോണറിലുള്ള ആട് സംവിധാനം ചെയ്ത് കൊണ്ട് പിന്നീട് മിഥുന്‍ സംവിധായകന്റെ കുപ്പായവുമണിഞ്ഞു. വ്യത്യസ്തമായ ഴോണറിലുള്ള ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകരില്‍ ഒരാള്‍ കൂടെയാണ് മിഥുന്‍ മാനുവല്‍ തോമസ്.

അദ്ദേഹം ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ മമ്മൂട്ടിയുമെത്തിയിരുന്നു. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്ത ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. ചിത്രം ജനുവരി പതിനൊന്നിനായിരുന്നു തിയേറ്ററില്‍ റിലീസിന് എത്തിയത്.

മിഥുനിന്റെ ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരു അതിഥിവേഷത്തിലെത്തിയിരുന്നു.

ഇപ്പോള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെയും ദുല്‍ഖറിനെയും ചിത്രങ്ങള്‍ക്കായി കണ്‍വിന്‍സ് ചെയ്തതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

‘കഥ പറഞ്ഞപ്പോള്‍ തന്നെ ഇഷ്ടമായ് വന്നവരാണ് രണ്ടുപേരും. സൗഹൃദത്തിന് പുറത്താണെങ്കില്‍ പോലും എന്റെ സിനിമയിലേക്ക് ഒരു അതിഥിവേഷത്തില്‍ വരാനായി ഒരാളോട് ചോദിക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്.

നമ്മള്‍ കഥ ഇഷ്ടപെടാത്ത ഒരാളോടുള്ള സുഹൃത്ത് ബന്ധം മുതലെടുക്കുന്നത് മോശമായ കാര്യമാണ്. അങ്ങനെ അവരെ കൊണ്ടുവന്നാല്‍ ശരിയാകില്ല. അവര്‍ക്ക് താത്പര്യമുള്ള കഥ പറയുകയാണ് എളുപ്പമുള്ള കാര്യം.

പിന്നെ മമ്മൂക്കയെ കണ്‍വിന്‍സ് ചെയ്യാനൊന്നും ഉണ്ടായിരുന്നില്ല. കഥ പറയേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ കണ്‍വിന്‍സ് ചെയ്യാന്‍ പറ്റുന്ന ആളല്ല അദ്ദേഹം. മമ്മൂക്കയെ കണ്‍വിന്‍സ് ചെയ്യാന്‍ ആകെ ഒരു വഴിയെ ഉള്ളൂ. നല്ല ഒരു കഥ പറയുക,’ മിഥുന്‍ മാനുവല്‍ പറഞ്ഞു.


Content Highlight: Midhun Manuel Thomas Talks About Mammootty And Dulquer Salmaan

We use cookies to give you the best possible experience. Learn more