മമ്മൂട്ടിയെ അബ്രഹാം ഓസ്ലറിന് വേണ്ടി കണ്‍വിന്‍സ് ചെയ്തത് എങ്ങനെ? മറുപടിയുമായി മിഥുന്‍ മാനുവല്‍
Film News
മമ്മൂട്ടിയെ അബ്രഹാം ഓസ്ലറിന് വേണ്ടി കണ്‍വിന്‍സ് ചെയ്തത് എങ്ങനെ? മറുപടിയുമായി മിഥുന്‍ മാനുവല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th January 2024, 9:46 pm

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്ത ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. ചിത്രം ജനുവരി പതിനൊന്നിനായിരുന്നു തിയേറ്ററില്‍ റിലീസിന് എത്തിയത്.

അഞ്ചാം പാതിര എന്ന വലിയ വിജയ ചിത്രത്തിന് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ അബ്രഹാം ഓസ്ലറിന് വേണ്ടി കാത്തിരുന്നത്. അഞ്ചാം പാതിര ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണെങ്കില്‍ അബ്രഹാം ഓസ്ലര്‍ ഒരു ഇമോഷണല്‍ ക്രൈം ത്രില്ലറായിരുന്നു.

ചിത്രം പ്രഖ്യാപിക്കപെട്ടത് മുതല്‍ ജയറാമിനൊപ്പം നടന്‍ മമ്മൂട്ടിയും എത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അതുറപ്പിക്കുന്ന തരത്തില്‍ പിന്നീട് ട്രെയ്ലര്‍ വന്നപ്പോള്‍ അതില്‍ മമ്മൂട്ടിയുടെ ശബ്ദവും ഉണ്ടായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടാകില്ലെന്ന് തന്നെയായിരുന്നു സംവിധായകന്‍ മിഥുന്‍ മാനുവലും നായകനായ ജയറാമും പ്രതികരിച്ചത്.

എന്നാല്‍ ചിത്രം തിയേറ്ററില്‍ എത്തിയതിന് പിന്നാലെ ചിത്രത്തിലെ മമ്മൂട്ടിയുടെ പോസ്റ്റര്‍ സംവിധായകന്‍ തന്നെ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ അലക്‌സാണ്ടര്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തിയത്.

ഇപ്പോള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ ചിത്രത്തിനായി കണ്‍വിന്‍സ് ചെയ്തത് എങ്ങനെയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

മമ്മൂട്ടിയെ കണ്‍വിന്‍സ് ചെയ്യേണ്ടി വന്നില്ലെന്നും കഥ പറയേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് മിഥുന്‍ പറഞ്ഞത്. അതല്ലാതെ കണ്‍വിന്‍സ് ചെയ്യാന്‍ പറ്റുന്ന ആളല്ല അദ്ദേഹമെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

‘മമ്മൂക്കയെ കണ്‍വിന്‍സ് ചെയ്യാനൊന്നും ഉണ്ടായിരുന്നില്ല. കഥ പറയേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ കണ്‍വിന്‍സ് ചെയ്യാന്‍ പറ്റുന്ന ആളല്ല അദ്ദേഹം. മമ്മൂക്കയെ കണ്‍വിന്‍സ് ചെയ്യാന്‍ ആകെ ഒരു വഴിയെ ഉള്ളൂ. നല്ല ഒരു കഥ പറയുക,’ മിഥുന്‍ മാനുവല്‍ പറഞ്ഞു.

ചിത്രത്തില്‍ ജയറാമിനെ തന്നെ ആയിരുന്നോ ഓസ്ലറിലെ നായകനാക്കാന്‍ ആഗ്രഹിച്ചിരുന്നത് എന്ന ചോദ്യത്തിനും സംവിധായകന്‍ മറുപടി പറഞ്ഞു.

‘കഥ എന്നോട് വന്ന് പറയുന്ന സമയത്ത് കാസ്റ്റിങ് ഒന്നും തീരുമാനിച്ചിരുന്നില്ല. ഇതുവരെ അത്തരം ഒരു സിനിമ ചെയ്തിട്ടില്ലാത്ത ഒരാളാകണം ഈ സിനിമ ചെയ്യുന്നത് എന്ന ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

അങ്ങനെ ആയിരുന്നു അഞ്ചാം പാതിരയില്‍ കുഞ്ചാക്കോ ബോബന്‍ എത്തിയത്. അതേ പാറ്റേണ്‍ തന്നെയായിരുന്നു ഇവിടെയും. കുറച്ച് നാളായിട്ട് മലയാളത്തില്‍ ഇല്ലാത്ത ആളും ഇത്തരം സിനിമ ചെയ്യാത്ത ആളും ജയറാമേട്ടനായിരുന്നു. അതുകൊണ്ട് ജയറാമേട്ടനെ കാസ്റ്റ് ചെയ്തു,’ മിഥുന്‍ മാനുവല്‍ പറയുന്നു.


Content Highlight: Midhun Manuel Thomas Talks About Mammootty