ഓസ്ലര്‍ വിജയിച്ചാല്‍ മാത്രമേ ഞാന്‍ ആ വഴി വരികയുള്ളുവെന്ന് പറഞ്ഞു; അന്ന് മമ്മൂക്കയുടെ മറുപടി ഇതായിരുന്നു: മിഥുന്‍ മാനുവല്‍
Film News
ഓസ്ലര്‍ വിജയിച്ചാല്‍ മാത്രമേ ഞാന്‍ ആ വഴി വരികയുള്ളുവെന്ന് പറഞ്ഞു; അന്ന് മമ്മൂക്കയുടെ മറുപടി ഇതായിരുന്നു: മിഥുന്‍ മാനുവല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd January 2024, 8:06 am

2014ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന സിനിമയുടെ തിരക്കഥ ഒരുക്കിക്കൊണ്ട് സിനിമാ മേഖലയിലേക്ക് കടന്ന് വന്ന വ്യക്തിയാണ് മിഥുന്‍ മാനുവല്‍ തോമസ്. പിന്നീട് ആട് എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് മിഥുന്‍ സംവിധായകന്റെ കുപ്പായവുമണിഞ്ഞു.

വളരെ കുറഞ്ഞ സിനിമകള്‍ കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മിഥുന്‍. വ്യത്യസ്തമായ ഴോണറിലുള്ള ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകരില്‍ ഒരാള്‍ കൂടെയാണ് മിഥുന്‍ മാനുവല്‍ തോമസ്.

അദ്ദേഹം ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ മമ്മൂട്ടിയുമെത്തിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് മിഥുന്‍.

‘മമ്മൂക്ക, അദ്ദേഹം എന്നെ സംബന്ധിച്ച് വളരെ ഇന്‍ട്രസ്റ്റിങ് ആയ ഒരു വ്യക്തിയാണ്. എത്ര സംസാരിച്ചാലും മടുക്കാത്ത ഒരാള്‍. പല വിഷയങ്ങളെ കുറിച്ചും സംസാരിക്കാന്‍ കഴിയുന്ന ആള്‍.

പുള്ളി കടന്ന് വന്ന വഴിയെ കുറിച്ച് പറയുമ്പോള്‍ തന്നെ അതില്‍ നിന്ന് കിട്ടുന്ന ഒരു പോസിറ്റിവിറ്റിയുണ്ട്. അദ്ദേഹം നമുക്ക് ഇനിയും സിനിമകള്‍ ചെയ്യണമെന്ന് പറഞ്ഞിരുന്നു.

അപ്പോള്‍ അബ്രഹാം ഓസ്ലര്‍ വിജയിച്ചാല്‍ മാത്രമേ ഞാന്‍ ഈ വഴി വരികയുള്ളു എന്നാണ് മറുപടി നല്‍കിയത്. അത് പരാജയപെട്ടാല്‍ എന്താണ് കുഴപ്പമെന്ന് എന്നോട് ചോദിച്ചു.

‘മാനുവലേ, സംവിധായകരുടെ വിജയത്തിന്റെ ലിസ്റ്റ് നോക്കിയല്ല ഇവിടെ ആളുകളെ എടുക്കുന്നത്. വിജയിച്ചാലും പരാജയപ്പെട്ടാലും നമ്മള്‍ സിനിമ ചെയ്ത് കൊണ്ടിരിക്കും’ എന്നും മമ്മൂക്ക പറഞ്ഞു.

അത്രയും റേഞ്ച് ഉള്ള ആളാണ് പുള്ളി. അന്ന് മമ്മൂക്ക പറഞ്ഞ ആ കാര്യം എനിക്ക് ഒരുപാട് ഇഷ്ടപെട്ടു. ഒരു സിനിമയാകുമ്പോള്‍ വിജയിക്കാം പരാജയപ്പെടാം.

എന്നുകരുതി വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളോ പരാജയങ്ങളോ നോക്കി നില്‍ക്കാതെ മൂവ് ഓണ്‍ ചെയ്യണം,’ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.


Content Highlight: Midhun Manuel Thomas Talks About Mammootty