കുറഞ്ഞ സിനിമകള്‍ കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. 2014ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന സിനിമയുടെ തിരക്കഥ ഒരുക്കിക്കൊണ്ടായിരുന്നു അദ്ദേഹം സിനിമാ മേഖലയിലേക്ക് കടന്ന് വന്നത്.
കോമഡി ഴോണറിലുള്ള ആട് സംവിധാനം ചെയ്ത് കൊണ്ട് പിന്നീട് മിഥുന്‍ സംവിധായകന്റെ കുപ്പായവുമണിഞ്ഞു. വ്യത്യസ്തമായ ഴോണറിലുള്ള ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകരില്‍ ഒരാള്‍ കൂടെയാണ് മിഥുന്‍ മാനുവല്‍ തോമസ്.
എങ്കിലും അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ആട് വലിയ പരാജയമായിരുന്നു. ഇപ്പോള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആ ചിത്രത്തിന്റെ പരാജയത്തിന് ശേഷം റീ എഡിറ്റിങ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് മിഥുന്‍.
ആട് ഒരു നോണ്‍ ലീനിയര്‍ രീതിക്ക് പോയ സിനിമയാണെന്നും എല്ലാവരും അത് ട്രിം ചെയ്യാന്‍ പറഞ്ഞിരുന്നെങ്കിലും താന്‍ അതിന് സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തിയേറ്ററില്‍ പടം പരാജയപ്പെട്ടപ്പോള്‍ റീ എഡിറ്റ് ചെയ്ത് ഇറക്കാമെന്ന ആലോചന വന്നപ്പോള്‍ താനും എഡിറ്ററും ചേര്‍ന്ന് റീ എഡിറ്റിങ്ങിന് ഇരുന്നുവെന്നും, ആ സമയം എന്താണ് എഡിറ്റ് ചെയ്യേണ്ടത് എന്ന് മനസിലായില്ലെന്നും മിഥുന്‍ പറയുന്നു.
ആ വിഷമഘട്ടത്തില്‍ വിജയ് ബാബുവിന്റെ കൂടെ വന്ന സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് എഡിറ്റിങ്ങിന്റെ ആദ്യ സ്റ്റെപ്പിട്ട് തന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആട് സിനിമ ലിജോ ജോസ് പെല്ലിശ്ശേരി റീ എഡിറ്റ് ചെയ്തിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് മിഥുന്‍ ഈ കാര്യം പറഞ്ഞത്.
‘ഞാന്‍ ‘ആശാന്‍ പെല്ലിശ്ശേരി’ എന്ന് വിളിക്കുന്ന ആളാണ് അദ്ദേഹം. എന്റെ സുഹൃത്തുമാണ്. ആട് ഒരു നോണ്‍ ലീനിയര്‍ രീതിക്ക് പോയ സിനിമയാണ്. അവിടുന്നും ഇവിടുന്നുമായി കഥ പറഞ്ഞു പോയതാണ് അത്. എല്ലാവരും അതൊന്ന് ട്രിം ചെയ്യാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ അതിന് സമ്മതിച്ചില്ല.
പക്ഷെ തിയേറ്ററില്‍ പടം പരാജയപ്പെട്ടപ്പോള്‍ റീ എഡിറ്റ് ഇറക്കാമെന്ന ആലോചന വന്നു. അങ്ങനെ ഞാനും എഡിറ്റര്‍ ലിജോ പോളും ചേര്‍ന്ന് റീ എഡിറ്റിങ്ങിന് ഇരുന്നപ്പോള്‍ എന്താണ് എഡിറ്റ് ചെയ്യേണ്ടത് എന്ന് മനസിലാവുന്നുണ്ടായിരുന്നില്ല. കാരണം എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമയായിരുന്നു അത്.
എന്റെ ആ വിഷമഘട്ടത്തില്‍ വിജയ് ബാബുവിന്റെ കൂടെ ആശാന്‍ കയറി വന്നു. പെല്ലിശ്ശേരി മാനുവലേ എനിക്ക് തോന്നുന്നത് ഇത് അങ്ങോട്ട് ഇട്ടാല്‍ നന്നാകും അത് ഇങ്ങോട്ട് ഇട്ടാല്‍ നന്നാകും എന്നൊക്കെ പറഞ്ഞ് പുള്ളി അവിടെ ഇരുന്ന് കുറേ സജഷനുകള്‍ പറഞ്ഞു.
അതില്‍ നിന്നാണ് എന്തൊക്കെ കളയാം എന്ന ബേസിക് ഐഡിയയില്‍ ഞങ്ങള്‍ എത്തുന്നത്. കാരണം ഒരു പടം പരാജയപെട്ട് നില്‍ക്കുമ്പോള്‍ നമ്മുടെ തലയില്‍ ഒന്നും വരില്ല. അങ്ങനെ എഡിറ്റിങ്ങിന്റെ ആദ്യ സ്റ്റെപ് ഇട്ട് തന്നത് ലിജോ ചേട്ടനാണ്,’ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.
Content Highlight: Midhun Manuel Thomas Talks About Lijo Jose Pellissery And Aadu Movie